പൊങ്കാലയർപ്പിച്ച് മഹാനഗരവും; ആയിരങ്ങള്‍ പങ്കെടുത്ത് മുംബൈയില്‍ പൊങ്കാല മഹോത്സവം

പൊങ്കാലയർപ്പിച്ച് മഹാനഗരവും. മുംബൈയുടെ വിവിധയിടങ്ങളിലായി നടന്ന ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പൊങ്കാല മഹോത്സവത്തിൽ ആയിരങ്ങള്‍ പങ്കെടുത്തു. ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയിൽ പ്രത്യേകം തയാറാക്കിയ പണ്ടാരയടുപ്പില്‍ മേല്‍ശാന്തി അഗ്‌നിപകര്‍ന്ന സമയത്ത് തന്നെയാണ് മുംബൈയിലും അതേ ചിട്ട വട്ടങ്ങളോടെ തിരി പകര്‍ന്നത്. ഹിന്ദു ഐക്യവേദി കല്യാൺ, എസ് എൻ ഡി പി അംബർനാഥ് കൂടാതെ ധാരാവി, പവായ്, പൻവേൽ, ഡോംബിവ്‌ലി തുടങ്ങിയ പ്രധാന മലയാളി കേന്ദ്രങ്ങളിലെല്ലാം പൊങ്കാല സംഘടിപ്പിച്ചിരുന്നു.

മുംബൈയിൽ അംബർനാഥ് ശ്രീ നാരായണ ഗുരുനഗർ നവരെ പാർക്കിൽ നടന്ന പൊങ്കാല മഹോത്സവത്തിൽ ജാതി മത ഭാഷ ഭേദമന്യേ നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു. ആറ്റുകാലമ്മയുടെ തിരുവിഗ്രഹം ബദലാപൂർ രാമദാസ ആശ്രമത്തിൽ നിന്നും ചെണ്ട മേളത്തോടെയും, താലപ്പൊലിയുടെ അകമ്പടിയോടെയും എഴുന്നള്ളിച്ചു കൊച്ചു ഗാവിലുള്ള ശ്രീരാമ ക്ഷേത്രത്തിലും അവിടെനിന്നും ശ്രീ നാരായണ ഗുരുമന്ദിരത്തിലും എത്തിച്ചേർന്നു.

വാദ്യ മേള ഘോഷ യാത്രയോടെ ആറ്റുകാലമ്മയുടെ പൊങ്കാല സമർപ്പണ സമയത്ത് തന്നെ ബദലാപൂരിലെ ശ്രീരാമദാസ ആശ്രമത്തിലെ ബ്രഹ്മശ്രീ കൃഷ്ണാനന്ദസരസ്വതി പണ്ടാരയടുപ്പിലേക്ക് അഗ്നി പകർന്നു. ആറ്റുകാലമ്മയെ മനസാ സ്മരിച്ചു പൊങ്കാലയടുപ്പിനു തിരി കൊളുത്തുമ്പോൾ ദേവി കീർത്തനത്താൽ പരിസരമാകെ പവിത്രമാകുകയായിരുന്നു.

കലികാല രക്ഷകയും ആശ്രിത വത്സലയും അന്നപൂർണ്ണേശ്വരിയുമായ ആറ്റുകാൽ അമ്മയുടെ ഇഷ്ട വഴിപാടാണ് പൊങ്കാല. കേരളത്തിലെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണത്തിനു തുടക്കം കുറിക്കുന്ന സമയത്തു തന്നെ മുംബൈയുടെ വിവിധ ഭാഗങ്ങളിലായി പൊങ്കാല മഹോത്സവത്തിന് ആയിരങ്ങളാണ് തിരിയിട്ടത്

ഇതര ഭാഷക്കാരടക്കം ആയിരങ്ങളാണ് പൊങ്കാല സമർപ്പണത്തിനായി മുംബൈയിലെ വിവിധയിടങ്ങളിൽ നിന്നായി എത്തിച്ചേർന്നത്

ദ്രാവിഡ ജനതയുടെ ആചാരവിശേഷമാണ് പൊങ്കാലയെങ്കിലും കേരളത്തിന്റെ തെക്കൻ നാടുകളിൽ മാത്രം ആദ്യകാലങ്ങളിൽ പ്രചരിച്ചിരുന്ന പൊങ്കാല മറുനാടുകളിൽ കൂടി വ്യാപിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ പൊങ്കാല മഹോത്സവം.

പ്രായമോ, ജാതിയോ, ഭാഷയോ, ഇല്ലാതെ ആധ്യാത്മിക വിശുദ്ധി കണ്ടറിയാനും പങ്കുചേരാനും എത്തുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടേയിരിക്കുകയാണ്

ആറ്റുകാലമ്മയുടെ തിരുനടയിൽ ഇരുന്നു പൊങ്കാല സമർപ്പിക്കാൻ ഭാഗ്യം ലഭിക്കാത്ത മുംബൈയിലെ ആയിരകണക്കിന് സ്ത്രീകൾ ആണ് മഹാനഗരത്തിൽ പൊങ്കാലയിട്ട് സായൂജ്യം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News