പണമൊഴുക്കിയും കോണ്‍ഗ്രസ് തകര്‍ച്ച മുതലെടുത്തും ബിജെപി; ത്രിപുരയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; മേഘാലയയില്‍ കോണ്‍ഗ്രസ്

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഐപിഎഫ്ടി സഖ്യം അധികാരത്തിലേക്ക്.

25 മണ്ഡലങ്ങളില്‍ ബിജെപിയും ആറു മണ്ഡലങ്ങളില്‍ ഐപിഎഫ്ടിയും വിജയം നേടി. 18 മണ്ഡലങ്ങളില്‍ സിപിഐഎം മുന്നിട്ട് നില്‍ക്കുന്നുണ്ട്.

സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബിജെപി ഐപിഎഫ്ടി സംഖ്യവും തമ്മിലായിരുന്നു ത്രിപുരയില്‍ പ്രധാന മത്സരം. മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല.

വോട്ടെണ്ണലിന്റെ അവസാന ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യം കേവല ഭൂരിപക്ഷത്തോട് അടുക്കുന്നു.

ഇപ്പോള്‍ തുടരുന്ന ലീഡ് നിലയില്‍ മാറ്റമില്ലാതെ മുന്നോട്ട് പോകുകയാണെങ്കില്‍ ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് പാര്‍ട്ടിയെ പരാജയപ്പെടുത്തി എന്‍ഡിപിപി-ബിജെപി സംഖ്യം നാഗാലാന്‍ഡില്‍ അധികാരത്തിലെത്തും.

അവസാനം പുറത്തു വന്ന ലീഡ് നില അനുസരിച്ച് എന്‍ഡിപിപി-ബിജെപി സഖ്യം 29 സീറ്റില്‍ മുന്നേറുന്നുണ്ട്. 25 സീറ്റില്‍ എന്‍പിഎഫും മത്സരം കടുപ്പിക്കുന്നുണ്ട്. അതോടൊപ്പം ആറ് സ്വതന്ത്ര സ്ഥാനാര്‍ഥികളും മുന്നേറുന്നുണ്ട്. 60 അംഗ നിയമസഭയില്‍ 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

അതേസമയം, മേഘാലയയില്‍ നിന്നുള്ള വിവരം അനുസരിച്ച് 23 സീറ്റുകളില്‍ ലീഡ് നേടി കോണ്‍ഗ്രസ് മുന്നേറുകയാണ്. വന്‍പ്രചാരണം കാഴ്ചവെച്ചിട്ടും ബിജെപിക്ക് രണ്ടു സീറ്റിലാണ് ഇതു വരെ മുന്‍തൂക്കം നേടാനായത്. പ്രതിപക്ഷമായ എന്‍പിപി 18 സീറ്റില്‍ മുന്നിലുണ്ട്.

മറ്റു ചെറു പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ നിര്‍ണായക മുന്നേറ്റം നടത്തുന്നുണ്ട്. യുഡിപിയുടെ നേതൃത്വത്തിലുള്ള മൂന്ന് പാര്‍ട്ടികളുടെ സഖ്യം 18 സീറ്റില്‍ മുന്നിലെത്തിയിട്ടുണ്ട്.

ഭരണം പിടിക്കാന്‍ തുനിഞ്ഞിറങ്ങിയ ബിജെപി തെരഞ്ഞെടുപ്പിന് ശേഷം എന്‍പിപിയുമായി സഖ്യമുണ്ടാക്കി ഭരണം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത് സാഹചര്യത്തില്‍ ചെറു പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News