ഒഞ്ചിയത്ത് സംഭവിക്കുന്നതെന്ത്?; സിപിഐഎം കോ‍ഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ എ‍ഴുതുന്നു

സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും ലക്ഷ്യമിട്ട് സംഘപരിവാർ സംഘടനകളും യുഡിഎഫും നടത്തുന്ന നുണപ്രചാരണങ്ങളുടെ ഭാഗമാണ് ഒഞ്ചിയത്തെ മുൻനിർത്തി ആർഎംപി നടത്തുന്ന ആക്രമണകഥകൾ.

സിപിഐ എമ്മിനെ അക്രമികളുടെ പാർടിയായി ചിത്രീകരിച്ച് അടിച്ചമർത്താനുള്ള ആസൂത്രിത ഗൂഢാലോചനയാണ് സർവ വലതുപക്ഷ ശക്തികളും ചേർന്ന് നടത്തുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഒഞ്ചിയത്ത് എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നതെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടിവരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഓർക്കാട്ടേരിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സംഘർഷങ്ങൾക്ക് തുടക്കമിട്ടത് ആർഎംപിയാണെന്ന വസ്തുത മാധ്യമങ്ങൾ മറച്ചുപിടിക്കുകയാണ്. ആർഎംപിയുഡിഎഫ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്തതാണ് അക്രമസംഭവങ്ങൾ. ആർഎംപിയിൽനിന്നും യുഡിഎഫിൽനിന്നും അണികളും കക്ഷികളും സിപിഐ എമ്മിന്റെ ഭാഗമായി മാറുന്നതാണ് ആക്രമങ്ങൾക്കു കാരണം. പ്രകോപനം സൃഷ്ടിച്ച് സംഘർഷം പടർത്തുകയെന്ന തന്ത്രമാണ് ആർഎംപിയും യുഡിഎഫും പരീക്ഷിക്കുന്നത്.

സിപിഐ എം വിരുദ്ധത എന്ന ഏക അജൻഡയിൽ കേന്ദ്രീകരിച്ച് രൂപം കൊണ്ട ആർഎംപി സ്വയം ഇല്ലാതാകുന്ന സാഹചര്യമാണ് ഇന്ന് ഒഞ്ചിയം മേഖലയിലുള്ളത്. 2008ൽ രൂപം കൊണ്ട ആർഎംപി കടുത്ത കോൺഗ്രസ് വിരുദ്ധത നടിച്ച് വലതുപക്ഷത്തിന്റെ കൈയിൽ കളിക്കുകയാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ അതിലെ അണികൾ സിപിഐ എമ്മിലേക്ക് കൂട്ടത്തോടെ തിരിച്ചുവരുകയാണ്.

രാജ്യം നേരിടുന്ന നവലിബറൽ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ ഒരു പ്രതികരണവും നടത്താനാകാതെ കോൺഗ്രസിന്റെയും ബിജെപിയുടെയും കൂടെച്ചേർന്ന് സിപിഐ എം വിരുദ്ധ പ്രചാരണവും പ്രവർത്തനവും മാത്രമാണവർ ഇക്കാലമത്രയും നടത്തിയത്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അല്ലാതെയും അവർ പരസ്യമായി വലതുപക്ഷ ബാന്ധവത്തിലായിരുന്നു. ഇതിനെതിരെ കഴിഞ്ഞ കുറെക്കാലമായി അവരുടെ അണികൾക്കിടയിൽ പുകയുന്ന അസംതൃപ്തി പൊട്ടിപ്പുറത്തുവന്നു.

ഈ സാഹചര്യമാണ് അക്രമങ്ങളുണ്ടാക്കി അണികളെ പിടിച്ചുനിർത്തുകയെന്ന തന്ത്രത്തിലേക്ക് ആർഎംപിയുഡിഎഫ് നേതൃത്വത്തെ എത്തിച്ചത്. സിപിഐ എമ്മിനെ എതിർക്കാൻ ആരുമായും കൂട്ടുചേരുമെന്ന നേതാക്കളുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്. അതായത് ആർഎംപിയുടെ അവസരവാദ രാഷ്ട്രീയവും ഒഞ്ചിയത്തിന്റെ മണ്ണിൽ വലതുപക്ഷത്തിന് വേരുപിടിപ്പിക്കാൻ അവസരമൊരുക്കിയ സിപിഐ എം വിരോധവും അവരുടെ അണികളിൽനിന്ന് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

2010ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒഞ്ചിയം പഞ്ചായത്തിൽ മുസ്ലിംലീഗും കോൺഗ്രസുമായി ചേർന്നാണ് അവർ അധികാരം പങ്കിട്ടത്. 1948ൽ കോൺഗ്രസ് ഭരണകൂടത്തിന്റെ വെടിയുണ്ടകളും മർദനവുമേറ്റ് 10 കമ്യൂണിസ്റ്റ് വിപ്ലവകാരികൾ പിടഞ്ഞുവീണ ഒഞ്ചിയത്തിന്റെ മണ്ണിലാണ് കോൺഗ്രസുമായി ചേർന്ന് ഇവർ ഭരണാധികാരം പങ്കിട്ടത്.

2015ൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ എം ഒഞ്ചിയം പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ മത്സരിച്ച എ എൻ ഷംസീർ പരാജയപ്പെട്ടത് ചുരുങ്ങിയ വോട്ടുകൾക്കാണ്. 2009ൽ 21,833 വോട്ടുകിട്ടിയ ആർഎംപിക്ക് 2014ൽ 17,229 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

2011ലും 2016ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒഞ്ചിയം ഉൾപ്പെടെ വടകര മണ്ഡലത്തിൽ എൽഡിഎഫ് ഉജ്വലമായ വിജയമാണ് നേടിയത്. 2018 ആകുമ്പോഴേക്കും ആർഎംപി സ്വയം ശിഥിലമാകുകയും തെറ്റിദ്ധരിക്കപ്പെട്ട അണികൾ സിപിഐ എമ്മിലേക്ക് തിരിച്ചു വരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. അവരുടെ നൂറുകണക്കിന് പ്രവർത്തകർ ഇപ്പോൾ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി.

അണികൾ വിട്ടുപോകുന്ന ഈയൊരു സാഹചര്യമാണ് മുയിപ്ര, എളങ്ങോളി തുടങ്ങിയ പ്രദേശങ്ങളിൽ അക്രമങ്ങൾ ആരംഭിക്കാൻ കാരണം. ആർഎംപിയുടെ ക്രിമിനൽസംഘങ്ങളുടെ കേന്ദ്രമാണ് എളങ്ങോളിയും മുയിപ്രയും. സിപിഐ എം പ്ര വർത്തകർക്കും വീടുകൾക്കും നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്ന മേഖലയാണിത്. സിപിഐ എം ഇവരുടെ ഭീഷണിയെ നേരിട്ടാണ് കഴിഞ്ഞ കുറേക്കാലമായി ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത്. സിപിഐ എം അക്രമത്തെക്കുറിച്ച് മാത്രം പറയുന്ന മാധ്യമങ്ങൾ ഇവിടങ്ങളിലെ ക്രിമിനൽ അഴിഞ്ഞാട്ടത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്.

സിപിഐ എം ബ്രാഞ്ച് ഓഫീസായ കേളുഏട്ടൻ സ്മാരകം നിരവധി തവണ ആക്രമിച്ചു. മുയിപ്രയിലെ ബ്രാഞ്ച് ഓഫീസായ എ കെ ജി സ്മാരക മന്ദിരം ആക്രമിച്ച് അവിടെ പ്രവർത്തിച്ചിരുന്ന ഗ്രന്ഥാലയത്തിന്റെ പുസ്തകങ്ങളെല്ലാം അടുത്ത വീട്ടുവളപ്പിലെ കിണറ്റിൽ കൊണ്ടുപോയിട്ടത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ആരും മറന്നുകാണില്ല. പുത്തൂർ താഴക്കുനി കുമാരൻ എന്ന പാർടി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം കൊണ്ടിട്ട് മലിനമാക്കിയത് ഉൾപ്പെടെ എന്തെല്ലാം ക്രിമിനൽ പ്രവൃത്തികളാണ് മുയിപ്ര മേഖലയിൽ ഇവർ കാട്ടിക്കൂട്ടിയത്.

ഓർക്കാട്ടേരി ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ മാസ്റ്ററുടെ വീട് നാലുതവണയാണ് ആക്രമിച്ചത്. ഇങ്ങനെ എത്ര പ്രവർത്തകരാണ് ഇവരുടെ ഭീഷണിക്കും അക്രമങ്ങൾക്കും ഇരയായത്. ഇത്തരം ക്രിമിനൽ പ്രവൃത്തികളിൽ പ്രതിഷേധിച്ചാണ് ആർഎംപിയുടെ ഭാഗമായിരുന്ന പലരും ഈ മേഖലയിൽ പാർടിയുമായി സഹകരിക്കുന്നതിലേക്കെത്തിയത്.

സിപിഐ എം അക്രമത്തെക്കുറിച്ച് കുത്തകമാധ്യമ സഹായത്തോടെ വൻ പ്രചാരണം അഴിച്ചുവിടുകയും ബിജെപിയുടെ ഇംഗിതമനുസരിച്ച് ഡൽഹിയിൽ എ കെ ജി ഭവനു മുന്നിൽ കുത്തിയിരിക്കുകയും ചെയ്യുന്ന ആർഎംപിക്കാരുടെ കാപട്യം ഒഞ്ചിയത്തെ ജനം തിരിച്ചറിയുന്നുണ്ട്. ഡൽഹി സമരത്തിന്റെ ഘട്ടത്തിലാണ് ജില്ലാ നേതാക്കൾ ഉൾപ്പെടെ നിരവധി ആർഎംപി പ്രവർത്തകർ സിപിഐ എമ്മിലേക്ക് രാജിവച്ച് എത്തിയതെന്ന കാര്യം ഇതാണ് സൂചിപ്പിക്കുന്നത്.

ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് ആരാണ് തുടക്കമിട്ടത്? ആർഎംപിക്കാരുടെ അക്രമങ്ങളോട് അങ്ങേയറ്റം പ്രകോപനരഹിതമായ സമീപനമാണ് പാർടി പ്രവർത്തകർ സ്വീകരിച്ചത്. ഈ വർഷാരംഭത്തിൽ തന്നെ അക്രമങ്ങൾ അഴിച്ചുവിട്ടത് ആർഎംപിക്കാരാണെന്ന വസ്തുത മനസ്സിലാക്കാൻ എടച്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പരിശോധിച്ചാൽ മതി. ക്രൈം നമ്പർ 2/18 എ കേസ് സിപിഐ എം പ്രവർത്തകനായ അതുലിനെ ആർഎംപി പ്രവർത്തകർ വധിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ്. ഈ കേസിൽ ആർഎംപി പ്രവർത്തകൻ നിഖിൽരാജ് റിമാൻഡിലായിരുന്നു.

എടച്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസും ആർഎംപി പ്രവർത്തകർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ടാണ്. ഇതൊക്കെ വസ്തുതാപരമായിത്തന്നെ ഈ മേഖലയിൽ അക്രമം അഴിച്ചുവിടുന്നതാരാണെന്ന് വ്യക്തമാക്കുന്നുണ്ട്. എളങ്ങോളിയിലെ പാർടി ഓഫീസിൽ ഇരിക്കുകയായിരുന്ന അതുലിനെ മാരകായുധങ്ങൾ ഉപയോഗിച്ചാണ് വധിക്കാൻ ശ്രമിച്ചത്. മർദനമേറ്റ അതുൽ നേരത്തെ ആർഎംപി പ്രവർത്തകനായിരുന്നു. ആർഎംപി വിട്ടതാണ് അക്രമത്തിനും വധശ്രമത്തിനും കാരണം.

ഫെബ്രുവരി 11ന് എളങ്ങോളിയിലെ ഒരു ഗൃഹപ്രവേശനച്ചടങ്ങിൽവെച്ചാണ് സിപിഐ എം പ്രവർത്തകനായ കൊല്ലാനാണ്ടി താഴെകുനി അനി എന്ന പാർടി പ്രവർത്തകനെ അസഭ്യം പറഞ്ഞ് അപമാനിച്ചതും അക്രമിച്ചതും. ഭക്ഷണം കഴിക്കാൻ അനുവദിക്കാതെ കൈയേറ്റം ചെയ്തു. അവിടെനിന്ന് വീട്ടിലേക്കു തിരിച്ച അനിയെ പിന്തുടർന്ന് വീട്ടിൽ കയറി ആക്രമിച്ചു. അക്രമം തടയാൻ ശ്രമിച്ച അനിയുടെ സഹോദരി സിന്ധുവിനെയും ക്രിമിനൽസംഘം ക്രൂരമായി ആക്രമിക്കുകയും മർദിക്കുകയും ചെയ്തു. അനിയും നേരത്തെ ആർഎംപി പ്രവർത്തകനായിരുന്നു.

ആർഎംപി വിട്ട് സിപിഐ എമ്മിൽ ചേർന്നവർ ഈ പ്രദേശങ്ങളിൽ തുടർച്ചയായി ആക്രമണത്തിന് ഇരയാകുകയാണ്. അതേദിവസം രാത്രിയാണ് ഡിവൈഎഫ്‌ഐ കുന്നുമ്മക്കര മേഖലാ സെക്രട്ടറി ബ്രിജിത് ബാബുവിനെയും ട്രഷറർ നിഷാദിനെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. വധിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണമായിരുന്നു. ആർഎംപി നേതാക്കളടങ്ങിയ ക്രിമിനൽ സംഘമാണ് വടിവാളുമായി ഇവരെ ആക്രമിച്ച് മാരകമായ പരിക്കേൽപ്പിച്ചത്. ബഹളം കേട്ട് ആളുകൾ ഓടിയെത്തുമ്പോഴേക്കും ക്രിമിനൽസംഘം ഓർക്കാട്ടേരിയിലെ ആർഎംപി ഓഫീസിലേക്ക് ഓടിയൊളിച്ചു. റെയ്ഡ് നടത്തിയ പൊലീസ് ആർഎംപിയുടെ സംസ്ഥാന നേതാവ് ഉൾപ്പെടെയുള്ളവരെ ആയുധസഹിതം കസ്റ്റഡിയിലെടുത്തു.

ആർഎംപിയുടെ തനിനിറം മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുമ്പിൽ തുറന്നുകാട്ടിയ സംഭവമായിരുന്നു ഇത്. ഇതോടെ പ്രതിരോധത്തിലായ ആർഎംപി നേതൃത്വം കോൺഗ്രസ്മുസ്ലിംലീഗ്ബിജെപി വലതുപക്ഷ ശക്തികളുടെ സഹായത്തോടെ പൊലീസ് സ്റ്റേഷൻ മാർച്ചും അക്രമവിരുദ്ധ പൊറാട്ടുനാടകവും കളിച്ചു. ആയുധത്തോടെ പിടിയിലായ ആർഎംപിക്കാരെ രക്ഷിക്കാൻ മുല്ലപ്പള്ളിയും ചെന്നിത്തലയുമെല്ലാം അരയും തലയും മുറുക്കി രംഗത്തുവന്നു. യുഡിഎഫ്ബിജെപി അജൻഡയുടെ ഭാഗമാണ് ഒഞ്ചിയത്തെ ആർഎംപി അക്രമങ്ങളും അതിനെ മറച്ചുപിടിക്കുന്ന സിപിഐ എം വിരുദ്ധ പ്രചാരവേലകളും.

തങ്ങളുടെ ഇത്തരം പ്രചാരണങ്ങളും തന്ത്രങ്ങളും വിലപ്പോകുന്നില്ലെന്ന് വന്നതോടെയാണ് ചില ഫെയ്‌സ്ബുക്ക് പോസ്റ്റിനെ പിടിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന പുതിയ പ്രചാരണം ആരംഭിച്ചത്. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയവിമർശനമല്ലാതെ ലിംഗജാതിമതപരമായ തലത്തിലുള്ള അധിക്ഷേപങ്ങൾ ആർക്കുമെതിരെ ഉയർത്താൻ പാടില്ലെന്ന ഉറച്ച നിലപാടാണുള്ളത്. ഒഞ്ചിയമെന്ന രക്തസാക്ഷി ഗ്രാമം ആർഎംപിയുടെ അവസരവാദ രാഷ്ട്രീയത്തോടും വലതുപക്ഷസേവയോടും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. അതാണ് ഇപ്പോഴത്തെ പ്രകോപനങ്ങൾക്കും അക്രമങ്ങൾക്കും കാരണമായിരിക്കുന്നതെന്നതാണ് യാഥാർഥ്യം

(സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് ലേഖകൻ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News