ത്രിപുര അഞ്ചുവര്‍ഷം മുമ്പുവരെ പോലും ബിജെപിയ്ക്ക് കടന്നുകയറാനാകാത്ത രാഷ്ട്രീയ ഭൂമിയായിരുന്നു. 2013 മുതല്‍ സംസ്ഥാനത്ത് കാലുറപ്പിയ്ക്കാന്‍ പണവും മറ്റിടങ്ങളില്‍ നിന്ന് ആളെയുമിറക്കി അവര്‍ ശ്രമം തുടങ്ങി.
ഒപ്പം കടുത്ത വിഘടനവാദം ഉയര്‍ത്തുന്ന ഐപിഎഫ്ടിയെ കൂടെ കൂട്ടാനും അവര്‍ക്ക് കഴിഞ്ഞു. ആര്‍ക്കും വിലയ്‌ക്കെടുക്കാവുന്ന നിലയില്‍ അധഃപതിച്ചു കഴിഞ്ഞ കോണ്‍ഗ്രസ് ത്രിപുരയിലും ബിജെപിയ്ക്ക് വഴിയൊരുക്കി. ഒടുവില്‍ ഭരണം പിടിയ്ക്കാനും ബിജെപിയ്ക്ക് സാധിച്ചിരിയ്ക്കുന്നു. പത്ത് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് സീറ്റുകള്‍ പൂജ്യത്തിലെത്തുകയും ചെയ്തു.
2013 മുതല്‍ കോണ്‍ഗ്രസുകാര്‍ വന്‍തോതില്‍ ബിജെപിയിലേക്ക് ചേക്കേറി. 2014ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ കൂറുമാറ്റത്തിന് വേഗം കൂടി. 10 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ആറുപേര്‍ 2016ല്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറി. 2017 ആഗസ്‌തോടെ ഈ ആറ് എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
ഒരു കോണ്‍ഗ്രസ് എംഎല്‍എ സിപിഐ എമ്മില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തോട് നിയമസഭയില്‍നിന്ന് രാജിവയ്ക്കാന്‍ സിപിഐഎം നിര്‍ദേശിച്ചു. എന്നാല്‍, പിന്നീട് ഈ എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയാകട്ടെ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെങ്കിലും സാങ്കേതികമായി എംഎല്‍എയായി തുടരുന്നതിനുവേണ്ടി ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നില്ലെന്ന് മാത്രം.
കോണ്‍ഗ്രസിന് ഫലത്തില്‍ രണ്ട് എംഎല്‍എമാര്‍ മാത്രമായി. പരമ്പരാഗതമായി പിന്തുണയ്ക്കുന്നവര്‍ ഏറെയുണ്ടായിരുന്നിട്ടും ഒരു രാഷ്ട്രീയശക്തി എന്ന നിലയില്‍ കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമായി.
കോണ്‍ഗ്രസ് ടിയുജെഎസ് സഖ്യം അധികാരത്തിലിരുന്ന 1988-92 ഒഴിച്ച് ത്രിപുരയില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പും സ്വതന്ത്രവും സമാധാനപരവുമായിരുന്നു. മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത, വിവിധ വംശങ്ങളിലും മതങ്ങളിലും പെട്ടവര്‍ സൗഹൃര്‍ദത്തോടെ കഴിഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയും ത്രിപുരയ്ക്കുണ്ട്.
സംസ്ഥാനത്ത് നിലവിലുള്ള സാമുദായിക വംശീയ സൌെഹൃദാന്തരീക്ഷം സാധ്യമായത് വിഭാഗീയ ശക്തികളായ ടിഎന്‍വി, എടിടിഎഫ്, എന്‍എല്‍എഫ്ടി, ഐപിഎഫ്ടി എന്നീ സംഘടനകള്‍ക്കെതിരെ സിപിഐ എമ്മും ഇടതുപക്ഷവും നടത്തിയ നിരന്തരമായ ആശയ പ്രചാരണത്തിലൂടെ ജനങ്ങളെ വിശ്വാസത്തിലെടുക്കാനായതുകൊണ്ടാണ്.
ഈ ശ്രമത്തിനിടയില്‍ ഇടതുപക്ഷ മുന്നണിക്ക് നൂറുകണക്കിനു പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ജീവന്‍ ബലിനല്‍കേണ്ടിവന്നു. ആദിവാസികളും ആദിവാസിയേതര ജനങ്ങളും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരും തമ്മിലുള്ള ഈ സൗഹൃദമായിരുന്നു ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെയും സുസ്ഥിര വികസനത്തിന്റെയും അടിത്തറ.
ഈ അടിത്തറ തകര്‍ക്കാന്‍ ഇരട്ട ആക്രമണമാണ് ബിജെപി സംഘടിപ്പിച്ചത്. ഒരുവശത്ത് ഹിന്ദുമുസ്ലീം സഹോര്‍ദ്ദം തകര്‍ക്കാനും മറുവശത്ത് ആദിവാസികളെയും ബംഗാളികളെയും ‘ഭിന്നിപ്പിക്കാനും ശ്രമം തുടങ്ങി.
ഹിന്ദു ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ തകര്‍ത്തും പള്ളികള്‍ നശിപ്പിച്ചും ബിജെപി സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങി. ഉദയ്പുര്‍ സബ്ഡിവിഷനിലെ ടെപാനിയ, ജാംജുരി, രാജ്ധര്‍നഗര്‍, ബെലോണിയ സബ്ഡിവിഷനിലെ ഗബുര്‍ച്ചാര, സോണാമുര സബ്ഡിവിഷനിലെ ധന്‍പുര്‍ എന്നിവിടങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടായി.
ഹിന്ദുക്കളും മുസ്ലീങ്ങളും ഇടപഴകി താമസിക്കുന്ന പ്രദേശങ്ങളാണ് ഇവര്‍ തെരഞ്ഞെടുത്തത്. സംഘര്‍ഷങ്ങളുണ്ടായ സ്ഥലങ്ങളിലൊക്കെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ ഫ്‌ളക്‌സുകളും ബോര്‍ഡുകളും ഇവിടങ്ങളില്‍ ഉപയോഗിക്കപ്പെട്ടു. ഇത്തരം ഹീനശ്രമങ്ങള്‍ക്കു പിന്നില്‍ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ക്കുള്ള പങ്ക് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ജയിച്ച മണ്ഡലമായ ധന്‍പുരിലും ഗബുര്‍ച്ചാരയിലും വ്യക്തമാക്കപ്പെടുകയും ചെയ്തു.
വിഗ്രഹങ്ങള്‍ തകര്‍ത്തതിന് ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുന്നിടം വരെയെത്തി കാര്യങ്ങള്‍. ഒരുവശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപി,
ഐപിഎഫ്ടി (എന്‍സി)യെ ചവിട്ടുപടിയായി ഉപയോഗിച്ചാണ് ആദിവാസികളെയും ബംഗാളികളെയും ഭിന്നിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്്. എന്‍എല്‍എഫ്ടി എന്ന നിരോധിത സംഘടനയ്ക്ക് രാഷ്ട്രീയമുഖം നല്‍കി നരേന്ദ്ര ദേബ്ബര്‍മയാണ് ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.
സ്വതന്ത്ര ത്രിപുര എന്നതാണ് എന്‍എല്‍എഫ്ടിയുടെ ആവശ്യമെങ്കില്‍ ഐപിഎഫ്ടി (എന്‍സി) ഇതില്‍ അല്‍പ്പം മയംവരുത്തി ടിടിഎഎഡിസി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ത്വിപ്രലാന്‍ഡ് സംസ്ഥാനം എന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ചെറിയ സംസ്ഥാനമായ ത്രിപുരയെ വീണ്ടും വിഭജിക്കണമെന്ന ആവശ്യം അസംബന്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്, ഐപിഎഫ്ടി (എന്‍സി)യെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പ്രധാനമന്ത്രികാര്യാലയത്തില്‍നിന്ന് ഉണ്ടാകുന്നത്.
പ്രത്യേക ത്വിപ്രലാന്‍ഡ് രൂപീകരിക്കുന്നതിനോട് പ്രധാനമന്ത്രികാര്യാലയം അനുകൂലമാണെന്ന് ഒരു ഐപിഎഫ്ടി (എന്‍സി) പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ സമ്മതിക്കുന്നുമുണ്ട്.
ഐപിഎഫ്ടി (എന്‍സി) സംഘടിപ്പിച്ച ഒരു പരിപാടിപോലും അക്രമമില്ലാതെ അവസാനിച്ചിട്ടില്ല. ജൂലൈ 10 മുതല്‍ 20 വരെ ഐപിഎഫ്ടി (എന്‍സി) അസം അഗര്‍ത്തല ദേശീയപാതയിലെ ബാരമുര കുന്നുകളിലെ ഖാംതിങ്ബാരിയില്‍ വഴിതടയല്‍ സമരം നടത്തി. ഇതിന് പിന്തുണയേകി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ബിജെപി ഘെരാവോ ചെയ്തു.
വഴിതടയല്‍ സമരത്തിന് ബിജെപി ആളും അര്‍ഥവും നല്‍കി പിന്തുണ നല്‍കുകയും ചെയ്തു. ആദിവാസിമേഖലയില്‍ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം.
ഇങ്ങനെ കോണ്‍ഗ്രസിന്റെ തകര്‍ച്ച മുതലെടുത്തും പലതരത്തില്‍ ഭിന്നതകള്‍ വിതച്ചും നിര്‍മ്മിച്ചെടുത്ത പിന്തുണയിലാണ് സംസ്ഥാനത്ത് ഭൂരിപക്ഷം നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞത്.
കടപ്പാട്: ദേശാഭിമാനി

Get real time update about this post categories directly on your device, subscribe now.