ത്രിപുര ബിജെപിയുടേത് നെറികെട്ട പിടിച്ചെടുക്കല്‍; ഈ വിജയം ത്രിപുരയെ എവിടെ എത്തിക്കുമെന്ന് കാത്തിരുന്നു കാണാം

പണം, അധികാരം, വര്‍ഗീയത, വിഘടനവാദം, ദേശവിരുദ്ധത, മസില്‍ പവര്‍ ഇവയെല്ലാം ഒത്തുചേര്‍ന്ന നെറിക്കെട്ട നീക്കത്തിലൂടെയാണ് ത്രിപുര ബിജെപി പിടിച്ചെടുത്തത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുന്നെ തന്നെ ബഹുഭൂരിപക്ഷം കോണ്‍ഗ്രസുകാരേയും പണച്ചാക്കിന് മുന്നില്‍ അടിയറവുവെപ്പിച്ച ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് ബാക്കി കോണ്‍ഗ്രസിനേയും വേരോടെ, കൂടോടെ മൊത്തകച്ചവടം നടത്തി ബിജെപി ക്യാമ്പിലെത്തിച്ചു.

എന്നിട്ടും രക്ഷയില്ലെന്നുകണ്ട ബിജെപി സാമാധാന അന്തരീക്ഷത്തില്‍ സൗഹൃദത്തില്‍ ജീവിക്കുന്ന ത്രിപുരന്‍ ജനങ്ങളുടെ സാമാധാനം കെടുത്തുന്ന നീക്കങ്ങളുമായി ദേശവിരുദ്ധ വിഘടനവാദ സംഘടനയായ ഐപിഎഫ്ടിയുമായി തെരഞ്ഞെടുപ്പ് സംഖ്യം ഉണ്ടാക്കി.

എന്നിട്ടും ജയിക്കില്ലെന്ന് വിശ്വസിച്ച് പരിഭ്രാന്തിയിലായ ബിജെപി നേതൃത്വം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച ബിജെപി-ആര്‍എസ്എസ് ക്രിമിനലുകളെ രംഗത്തിറക്കി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് തെരഞ്ഞെടുപ്പുകളില്‍ രാഷ്ടീയ പാര്‍ട്ടികള്‍ പാലിക്കുന്ന എല്ലാ മര്യാദകളും കാറ്റില്‍ പറത്തി തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ ഒത്താശയോടുംകൂടി ഒരോ വോട്ടര്‍മാര്‍ക്കും പണമായും പ്രത്യേക അമിട്ട് നോട്ടു നല്‍കിയും കേന്ദ്രത്തിന്റെ അധികാര ദുര്‍വിനിയോഗം നടത്തിയുമാണ് ഈ കൃത്രിമ വിജയം ബിജെപി നേടിയിട്ടുള്ളത്.

വിഭജിച്ചു ഭരിക്കുക, ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന കുതന്ത്രം അങ്ങേയറ്റം നികൃഷ്ടമായി ഉപയോഗപ്പെടുത്തിയ മറ്റൊരു തെരഞ്ഞെടുപ്പും ഒരു പക്ഷെ ഇന്ത്യാ രാജ്യത്ത് ഉണ്ടായിട്ടുണ്ടാകില്ല. ഇടതുമുന്നണിക്കെതിരെ മഹാസംഖ്യം രൂപികരികരിക്കാന്‍ എല്ലാ അടവും ബിജെപി പ്രയോഗിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് അത് രൂപീകരിക്കപ്പെട്ടില്ല. എന്നാല്‍, പോളിംഗ് ദിവസം ആകുമ്പോഴേക്കും അവസാന കോണ്‍ഗ്രസുകാരേയും വിലക്കെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു എന്നുതന്നെയാണ് തെരഞ്ഞെടുപ്പിലെ വോട്ടിങ് നിലയും ഫലവും സൂചിപ്പിക്കുന്നത്.

പ്രകോപനപരമായ അഭ്യൂഹങ്ങള്‍ പരത്തിയും നവമാധ്യങ്ങളെ ഉപയോഗിച്ചും സിപിഐഎം നേതാക്കളെ തേജോവധം ചെയ്തും വ്യാപകമായി അക്രമം അഴിച്ചുവിട്ടും ദേശവിരുദ്ധ ശക്തികളുടെ തോളില്‍ കയറിയിരുന്നുകൊണ്ട് നേടിയ ഈ വിജയം ത്രിപുരയെ എവിടെ എത്തിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News