ത്രിപുരയില്‍ ബിജെപി സഖ്യം വിജയിച്ചത് എങ്ങനെ?

ദില്ലി: വിഘടനവാദികളായ ഐപിഎഫ്ടിയുമായി സഖ്യമുണ്ടാക്കിയതും കോണ്‍ഗ്രസ് വോട്ടുകള്‍ പൂര്‍ണ്ണമായും മറിക്കാന്‍ കഴിഞ്ഞതുമാണ് ത്രിപുരയില്‍ ബിജെപിയെ വിജയിലെത്തിച്ചത്.

31ശതമാനം വരുന്ന ഗോത്ര വിഭാഗ വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടായി. കേന്ദ്ര അധികാരമുപയോഗിച്ച് വന്‍തോതില്‍ പണമൊഴുക്കിയുള്ള പ്രചാരണവും വോട്ടുകള്‍ നേടാന്‍ ബിജെപിയെ സഹായിച്ചു. പണവും സ്വാധീനവുപയോഗിച്ചാണ് ബിജെപി ത്രിപുരയില്‍ വിജയിച്ചതെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ ചൂണ്ടികാട്ടി.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1.54ശതമാനം മാത്രം വോട്ട് ഷെയര്‍ ഉണ്ടായിരുന്ന ബിജെപി ആസാം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ത്രിപുര ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവടക്കം ഏഴോളം എംഎല്‍എമാരെ ബിജെപിയിലെത്തിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭാ സീറ്റടക്കം വാഗ്ദാനം ചെയ്തായിരുന്നു പല കാലുമാറ്റങ്ങളും.

ഇതുവഴി 2013ല്‍ 36.53ശതമാനം വരുന്ന കോണ്‍ഗ്രസ് വോട്ട് ഷെയര്‍ ബിജെപിയിലെത്തിയെന്ന് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടികാട്ടുന്നു. പത്ത് സീറ്റ് കൈവശമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റില്‍ പോലും മത്സരം പോലും കാഴ്ച്ചവച്ചില്ല.

പല മണ്ഡലങ്ങളിലും ലഭിച്ചത് 500ല്‍ താഴെ മാത്രം വോട്ട്. കേന്ദ്ര ഭരണ സ്വാധീനം ഉപയോഗിച്ച ബിജെപി സംസ്ഥാനത്ത് പണമൊഴുക്കി. ഇക്കാര്യം സിപിഐഎം പോളിറ്റ്ബ്യൂറോ ചൂണ്ടികാണിച്ചു.

കോണ്‍ഗ്രസ് വോട്ട് മറിച്ച ബിജെപി 33 ശതമാനം വരുന്ന ഗോത്ര വിഭാഗങ്ങളുടെ വോട്ട് ബാങ്കില്‍ ഭിന്നിപ്പ് ഉണ്ടാക്കി. പ്രത്യേക ത്രിപുര സംസ്ഥാനം ആവശ്യപ്പെടുന്ന ഗോത്ര വിഭാഗപാര്‍ടിയായ ഐ.പി.എഫ്.ടിയെ മുഖ്യധാര പാര്‍ട്ടികള്‍ ഇത് വരെ അകറ്റി നിറുത്തിയിരുന്നു. പക്ഷെ ഇപ്രാവശ്യം ബിജെപി ആദ്യം മുന്നണി ഉണ്ടാക്കിയത് ഐപിഎഫ്ടിയുമായി.

പ്രത്യേക സംസ്ഥാന പദവിയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ഉറപ്പ് നല്‍കിയാണ് സഖ്യം ഉറപ്പിച്ചത്. ഇതുവരെ 20 ഓളം വരുന്ന ഗോത്ര സ്വാധീന മണ്ഡലങ്ങളില്‍ ഇടതുപക്ഷ വോട്ടുകളും ഭിന്നിപ്പിച്ചു.

അധികാരത്തിലെത്തിയാല്‍ ത്രിപുര വിഭജിക്കണമെന്ന് ഘടകകക്ഷിയുടെ ആവശ്യം ബിജെപിയ്ക്ക് തള്ളികളയാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News