വേനല്‍ കടുത്തു; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ക്രമാതീതമായി താഴുന്നു

വേനല്‍ കടുത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ക്രമാതീതമായി താഴുന്നു. 109 അടിയിലേക്ക്‌ താഴ്‌ന്നാല്‍ തേക്കടി തടാകത്തിലെ ബോട്ടിങ്‌ നിര്‍ത്തിവെച്ചേക്കും. 113.4 അടിയാണ്‌ ഇപ്പോള്‍ ജലനിരപ്പ്‌.

വേനല്‍ ശക്തി പ്രാപിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ ക്രമാതീതമായി താഴുകയാണ്‌. സെക്കന്‍ഡില്‍ ഒരടിയില്‍ താഴെ വെള്ളം മാത്രമാണ്‌ അണക്കെട്ടിലേക്ക്‌ ഒഴുകി എത്തുന്നത്‌. കുടിവെള്ളത്തിനായി സെക്കന്‍ഡില്‍ നൂറ്‌ ഘനയടി വെള്ളം തമിഴ്‌നാട്‌ കൊണ്ടുപോകുന്നുണ്ട്‌.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശം ഉള്‍പ്പെടുന്ന പെരിയാര്‍ കടുവ സങ്കേതത്തിലും കുമിളിയിലും കഴിഞ്ഞ ദിവസങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളിലാണ്‌ ചൂട്‌ അനുഭവപ്പെടുന്നത്‌. വേനല്‍ കടുത്തതോടെ ബാഷ്‌പീകരണം കൂടിയതും ജലനിരപ്പ്‌ കുറയാന്‍ കാരണമായി. ഇപ്പോള്‍ ജലനിരപ്പ്‌ 113.4 അടിയിലെത്തി.

വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ ജലനിരപ്പ്‌ ഇനിയും കുറയും. ജലനിരപ്പ്‌ 109 അടിക്ക്‌ താഴേക്കെത്തിയാല്‍ തേക്കടി തടാകത്തിലെ ബോട്ടിങ്‌ നിര്‍ത്തി വെയ്‌ക്കാന്‍ സാധ്യതയുണ്ട്‌. കഴിഞ്ഞ വര്‍ഷം ജലനിരപ്പ്‌ കുറഞ്ഞതിനെതുടര്‍ന്ന്‌ ബോട്ടിങ്‌ നിര്‍ത്തിയതുവഴി വന്‍ നഷ്ടമാണ്‌ വനം വകുപ്പിനും കെടിഡിസിക്കും ഉണ്ടായത്‌.

മുന്‍ കാലങ്ങളില്‍ ജലനിരപ്പ്‌ കുറയുമ്പോള്‍ തടാകത്തിന്റെ ഒഒരു കിലോമീറ്ററര്‍ ഉള്ളിലായി താല്‍ക്കാലിക ബോട്ട്‌ ജെട്ടി നിര്‍മിച്ച്‌ നിയന്ത്രണത്തോടെ ബോട്ട്‌ സര്‍വീസ്‌ നടത്താറുണ്ട്‌. എന്നാല്‍ ഇത്തവണ താല്‍ക്കാലിക ബോട്ട്‌ ജെട്ടി നിര്‍മിക്കുന്നതിന്‌ വനം വകുപ്പ്‌ അനുമതി നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here