വീടു ജപ്തി ചെയ്തതിനെ തുടര്‍ന്ന് തൊഴുത്തിൽ താമസമാക്കിയ വിധവകൾക്ക് താങ്ങായി സിപിഐഎം

കടക്കെണിയിൽപ്പെട്ട് വീടു ജപ്തിയായതിനെ തുടർന്ന് തൊഴുത്തിൽ താമസമാക്കിയ വിധവകൾക്ക് സിപിഐ എം തുണയായി. വെന്മണി പുന്തല കക്കട ആക്കിലേത്ത് മേലേത്തേതിൽ ലൈലാ ബീവിയുടെയും (48), ഭർതൃമാതാവ് ഷഹറുബാൻ ബീവിയു(86)ടെയുംവീടാണ് മഹീന്ദ്ര റൂറൽ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ബാങ്ക് ജപ്തി ചെയ്ത് പൂട്ടി മുദ്രവച്ചത്.

സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നേതൃത്വത്തിൽ വീടുതുറന്ന് ഇരുവരെയും വീണ്ടുംതാമസിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് വീട് ജപ്തി ചെയ്ത് ഇരുവരെയും പുറത്താക്കിയത്.തുടർന്ന് വീടിന് മുമ്പിലെ കാലിത്തൊഴുത്തിലായി താമസം. തിങ്കളാഴ്ച വീട്ടുകാർ നൽകിയ ഹർജിയെതുടർന്ന് വീടു തുറന്നുകൊടുക്കാൻ കോടതി വിധിച്ചെങ്കിലും ബാങ്ക് അധികൃതർ തയാറായില്ല. ഇതെതുടർന്നാണ് സിപിഐ എം പ്രവർത്തകരെത്തിയത്.

ഭർതൃമാതാവിന്റെ പേരിലുള്ള വസ്തുവും വീടും പണയപ്പെടുത്തി വീട് അറ്റകുറ്റപ്പണിക്ക് 2.75 ലക്ഷം രൂപ ലൈല വായ്പയെടുത്തിരുന്നു.നാലുവർഷം മുടങ്ങാതെ തിരിച്ചടച്ചു.

ഭർത്താവിന് ഗൾഫിലെ ജോലി നഷ്ടപെട്ടതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങി. ഒരുവർഷംമുമ്പ് ലൈലയുടെ ഭർത്താവ് മരിച്ചു. അടവ് മുടങ്ങിയതോടെ ബാങ്ക് പ്രതിനിധികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. സാവകാശംതേടി ലൈല ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കാനിരിക്കെയായിരുന്നു ജപ്തി.

സിപിഐ എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി ആർ രമേശ് കുമാറും പ്രവർത്തകരും സജി ചെറിയാനൊപ്പമുണ്ടായി. ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി കോരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിൽ ചർച്ചചെയ്തശേഷമാണ് വീടുതുറന്ന് ലൈലയേയും ഷഹറുബാൻ ബീവിയേയും പ്രവേശിപ്പിച്ചത്.

ഇരുവർക്കും ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ എത്തിക്കും. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വൈദ്യസഹായം നൽകും. ഇവരുടെ ദൈന്യാവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ നിവേദനം നൽകുമെന്നും സജി ചെറിയാൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News