ത്രിപുരയില്‍ പണശക്തിയുടെയും കേന്ദ്രഭരണത്തിന്റെ ഹുങ്കില്‍ ബിജെപി നടപ്പാക്കിയ കുതന്ത്രങ്ങളുടെയും മുന്നില്‍ 45 ശതമാനം വോട്ടുവിഹിതത്തോടെ ഇടതുമുന്നണി പിടിച്ചുനിന്നു. 16 സീറ്റേ കിട്ടിയുള്ളൂവെങ്കിലും 45.6 ശതമാനം വോട്ട് ഇടതുമുന്നണിക്ക് നേടാനായി. സിപിഐ എമ്മിന് ഒറ്റയ്ക്ക് 42.7 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് 43 ശതമാനമാണ് കിട്ടിയത്.
ഐപിഎഫ്ടിക്ക് 7.6 ശതമാനം. ബിജെപി സഖ്യത്തിനു അധികം കിട്ടിയത് 1,30,507 വോട്ട്. 2013ല്‍ 48.11 ശതമാനം വോട്ടാണ് സിപിഐ എമ്മിന് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 36.53 ശതമാനം വോട്ട് കിട്ടിയ കോണ്‍ഗ്രസിന്റെ വിഹിതം ഇക്കുറി 1.8 ശതമാനമായി ഇടിഞ്ഞു. 2013ല്‍ എട്ടുലക്ഷത്തിലധികം വോട്ട് ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണ 41,167 വോട്ട് മാത്രം.
പലതവണ സംസ്ഥാനം ഭരിച്ച ഇടതുമുന്നണി ഭരണത്തില്‍ മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന്റെ പൂര്ണതിരോധാനമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. കഴിഞ്ഞ തവണ പത്തുസീറ്റ് നേടിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒന്നടങ്കം ബിജെപിയിലേക്ക് ചേക്കേറി. അന്ന് 43 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് സഖ്യത്തിന് ഇത്തവണ വെറും 1.8 ശതമാനം വോട്ട്. കഴിഞ്ഞതവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച 36 പേര് ഇത്തവണ ബിജെപി സ്ഥാനാര്‍ഥികളായി. കോണ്‍ഗ്രസ് വോട്ട് ഒന്നടങ്കം മറിച്ചാണ് ബിജെപി നേട്ടമുണ്ടാക്കിയത്.
പ്രത്യേക ത്രിപുരയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വിഘടനവാദ സംഘടനയായ ഐപിഎഫ്ടിയെയും മറ്റ് ഇടതുവിരുദ്ധശക്തികളെയും പണം കൊടുത്ത് വിലക്കുവാങ്ങി ഒരു കുടക്കീഴില് അണിനിരത്താനും ബിജെപിക്ക് കഴിഞ്ഞു. കേന്ദ്രനേതാക്കള്‍ മാസങ്ങള്‍ ക്യാമ്പ് ചെയ്ത് വന്‍തോതില്‍ പണമൊഴുക്കി. ഇടതുമുന്നണിക്കും സര്‍ക്കാരിനുമെതിരെ ദുഷ്പ്രചാരണം നടത്തി. എല്ലാവര്ക്കും സൗജന്യമായി സ്മാര്‍ട്ട്ഫോണ്‍ നല്കുമെന്നുവരെ വാഗ്ദാനങ്ങള്‍ നിരത്തി. ഇടതുമുന്നണിക്കൊപ്പം നിന്ന ചെറിയൊരു വിഭാഗം ഇതില്‍ തെറ്റിദ്ധരിക്കപ്പെട്ടു.
1988ല്‍ കേന്ദ്രഭരണസഹായത്തോടെ ഇടതുവിരുദ്ധശക്തികളെയും വിഘടനവാദികളെയും കൂട്ടുപിടിച്ച് ഇടതുമുന്നണിഭരണം അട്ടിമറിച്ച കോണ്‍ഗ്രസ് അടവുതന്നെയാണ് ഇത്തവണ ബിജെപി ആവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന ഉടന്‍ സംസ്ഥാനത്തുടനീളം സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി ആക്രമണം അഴിച്ചുവിട്ടു. വിജയാഘോഷത്തിനിടെ നിരവധി സ്ഥലങ്ങളില്‍ സിപിഐ എം ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മത്സരിച്ച ധനാപുരില്‍ ബിജെപി ആക്രമണത്തെതുടര്‍ന്ന് വോട്ടെണ്ണല്‍ തടസ്സപ്പെട്ടു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here