തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി; അപ്പോളോ ആശുപത്രിയില്‍ പോയത് സാധാരണ മെഡിക്കല്‍ പരിശോധനയ്ക്ക്; കുപ്രചരണങ്ങള്‍ക്ക് പിന്നില്‍ തന്റെ മരണം ആഗ്രഹിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പോയത് സാധാരണ മെഡിക്കല്‍ പരിശോധനയ്ക്കായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ മരണം ആഗ്രഹിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി നടത്തുന്ന പരിശോധനയാണ് ഇന്നലെയും തുടര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേഹാസ്വാസ്ഥ്യവും രക്തത്തിലെ കൗണ്ട് കുറഞ്ഞതിനെയും തുടര്‍ന്ന് മുഖ്യമന്ത്രിയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ പതിവ് മെഡിക്കല്‍ പരിശോധനക്ക് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയോടെ കേരള ഹൗസിലേക്ക് പോവുകയും ചെയ്തു. ഇക്കാര്യം സംബന്ധിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കിയിരുന്നു.

മുഖ്യമന്ത്രിയെയും ഭാര്യയെയും നടന്‍ കമലഹാസന്‍ കാണാനെത്തിയതും ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തയുമായി.

പതിവ് പരിശോധനകളുടെ ഭാഗമായാണ് പിണറായി ആശുപത്രിയിലെത്തിയതെന്നും മറ്റു മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here