നാടിന് നാണക്കേടായി ഓട്ടോ തൊഴിലാളികള്‍; അച്ഛനും പെണ്‍മക്കള്‍ക്കും നേരിടേണ്ടിവന്നത് സദാചാരഗുണ്ടായിസം; ഡ്രൈവര്‍മാരുടെ പെരുമാറ്റം മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ അച്ഛനും പെണ്‍മക്കള്‍ക്കും നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ സദാചാരഗുണ്ടായിസം.  കഴിഞ്ഞദിവസം കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ വച്ച് സുരേഷ് ബാബു എന്നയാള്‍ക്കും പെണ്‍മക്കള്‍ക്കുമാണ് ഡ്രൈവര്‍മാരുടെ സദാചാരഗുണ്ടായിസം നേരിടേണ്ടി വന്നത്.

സംഭവത്തെക്കുറിച്ച് സുരേഷ് ബാബു ഒരു ചാനലിനോട് പറഞ്ഞത് ഇങ്ങനെ:

ഞങ്ങള്‍ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡിലെ നീളത്തിലുള്ള ബഞ്ചില്‍ ബസ് കാത്തിരിക്കുകയായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ മത്സരം കാണാന്‍ ബംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. രാത്രി 10.00 മണിക്കാണ് ബസ് വരേണ്ടിയിരുന്നത്.

ഞങ്ങള്‍ ഏകദേശം 9.15 ആയപ്പോള്‍ അവിടെയെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ സമീപത്തുള്ള ഓട്ടോക്കാര്‍ സംശയദൃഷ്ടിയോടെ നോക്കുന്നുവെന്ന് എന്റെ മൂത്തമകള്‍ പറഞ്ഞു. അവളോട് ഞാന്‍ പേടിക്കാതെയിരിക്കാന്‍ പറഞ്ഞു.

പിന്നീട് ഇളയ മകളും ഇതുതന്നെ പറഞ്ഞപ്പോള്‍ എന്റെ മക്കളെ സമാധാനിപ്പിച്ച് തോളില്‍ കൈയിട്ട് അവരെ ചേര്‍ത്തു നിര്‍ത്തി. ഏതാണ്ട് പത്തോ പതിമൂന്നോ ആളുകള്‍ ഞങ്ങളുടെ സമീപത്തെത്തി എന്റെ കൂടെയുള്ളത് ആരാണെന്ന് അന്വേഷിച്ചു.

ഞാന്‍ എന്റെ മക്കളാണെന്ന് പറഞ്ഞപ്പോള്‍ ‘കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ’ എന്നായിരുന്നു അവരുടെ കമന്റ്. ‘നീ എന്താണ് ഈ പെണ്‍കുട്ടികളോട് ചെയ്തതെന്ന് കണ്ടിട്ടാണ് ഞങ്ങള്‍ വരുന്നത്’ എന്നായിരുന്നു ഓട്ടോ ഡ്രൈവര്‍മാരുടെ അടുത്ത ഡയലോഗ്.

അവര്‍ എന്തു പറഞ്ഞിട്ടും വിശ്വസിക്കാതെ എന്റെ ദേഹത്തു കൈവെക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ മക്കള്‍ രണ്ടുപേരും ‘ചേട്ടാ, ഇതെന്റെ അച്ഛനാണ്’ എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എനിക്കാണെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആകെ ദേഹം മുഴുവന്‍ വിറയല്‍ ബാധിച്ചതുപോലെയായി.

എന്റെ മൂത്ത മകള്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. അവള്‍ ഇതെന്റെ അച്ഛനാണെന്ന് പറഞ്ഞപ്പോള്‍ ‘എന്താണ് തെളിവ്’ എന്നായി അവരുടെ ചോദ്യം. ഉടനെ ഞാന്‍ ചാടിയെഴുന്നേറ്റ് പോലീസിനെ വിളിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാരോട് പറഞ്ഞു. ഞാന്‍ തന്നെ 100 എന്ന നമ്പറിലേക്ക് വിളിച്ചു. അപ്പോള്‍ ഇങ്ങനെയൊരു നമ്പര്‍ ഇപ്പോള്‍ നിലവിലില്ലെന്ന് കേട്ടു.

എന്റെ മൊബൈലില്‍ നിര്‍ഭയയുടെ നമ്പര്‍ ഉണ്ടായിരുന്നു. അവരെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ കാര്യങ്ങള്‍ ഏറ്റെടുത്തോളാമെന്ന് പറഞ്ഞു. ഇങ്ങനെയൊരു അവസ്ഥയിലേക്കെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഞങ്ങള്‍ അച്ഛനും മക്കളും തന്നെയായിരിക്കുമോയെന്ന സംശയം വന്നുകാണണം.

ഞങ്ങള്‍ക്ക് പോകാനുള്ള ബസ് വന്നതുകൊണ്ട് അങ്ങോട്ടു പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ വിളിച്ചു പറഞ്ഞത് ഇതാണ്, ‘നിന്നെ ഞങ്ങള്‍ എടുത്തോളാം. നിന്നെ അച്ഛനായിട്ട് ഞങ്ങള്‍ കണക്കാക്കിയിട്ടില്ലെടാ…’

സംഭവത്തില്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News