ദുരൂഹത നീങ്ങാതെ ലോയകേസ്; മരണകാരണം ഹൃദയാഘാതമല്ലെന്ന് ഫോറന്‍സിക് വിദഗ്ധന്‍

സിബിഐ ജഡ്ജി ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്ന് ഫോറന്‍സിക് വിദഗ്ദ്ധന്റെ റിപ്പോര്‍ട്ട്. മരണകാരണം ഹൃദയാഘാതമാണോ എന്നകാര്യം ഇസിജിയില്‍ വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ട് പരിശോധിച്ച് ഫോറന്‍സിക് വിദഗ്ദ്ധന്‍ സുപ്രീംകോടതിയെ  അറിയിച്ചത്. എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ആര്‍ കെ ശര്‍മയാണ് ലോയയുടെ മരണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഷെഹ്‌റാബുദീന്‍ വ്യജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹമാണെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്.

കേസില്‍ ദുരൂഹതകളില്ലെന്നും ജസ്റ്റിസ് ലോയക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരുടെ മൊഴിപ്രകാരം ഹൃദയസ്ംഭനമാണ് മരണകാരണമെന്നുമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഹൃദയാഘാതത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലോയയക്ക് നാഡീശസ്ത്രക്രിയ നടത്തിയത് ദുരൂഹമാണെന്ന് ഹര്‍ജിക്കാര്‍ നേരത്തെ തന്നെ വാദിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഫോറന്‍സിക് വിദഗ്ദ്ധനായ ആര്‍ കെ ശര്‍മ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഇസിജി റിപ്പോര്‍ട്ട് പ്രകാരം ജസ്റ്റിസ് ലോയയുടെ മരണം ഹൃദയാഘാതം മൂലമാണോ എന്ന കാര്യം വ്യക്തമല്ലെന്നും ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കുറവാണെന്നും ആര്‍ കെ ശര്‍മ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിനേറ്റ ആഘാതവും, വിഷം ഉള്ളില്‍ ചെന്ന് മരണം സംഭവിക്കാനുള്ള സാധ്യതകളും തള്ളിക്കയാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കുന്നു.

പ്രശ്‌സ്ത ഹൃദൃരോഗ വിദഗ്ദ്ധനായ ഡോക്ടര്‍ ഉപേന്ദ്ര കൗളും ഹൃദയാഘാതത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞു. ഇതോടെ ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹമാണെന്ന വാദം ശക്തമാകുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News