മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ; ഒാര്‍മ്മയില്‍ മണി

ജനിച്ചാല്‍ ഒരിക്കല്‍ മരണമുണ്ട്. അത് പരമമായ സത്യമാണ്. മരണത്തിലേക്കുള്ള ദൂരം വളരെ വിദൂരമല്ല. എന്നാല്‍ ചിലരുടെ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണ്. അത് ഉറ്റ‍വരുടേതോ പ്രിയപ്പെട്ടവരുടേതോ ആകുന്പോള്‍ നഷ്ടത്തിന്‍റെയും വേദനയുടെയും അളവു കൂടുതലാകും. മലയാളികളെ ചിരിപ്പിച്ചുകൊണ്ട് മനസില്‍ ചെറിയ നൊമ്പരങ്ങള്‍ കോറിയിട്ട മണിമുത്ത് നമ്മുടെ സ്വന്തം കലാഭവന്‍മണി ഒാര്‍മയായിട്ട് ഇന്നേക്ക് രണ്ടാ വര്‍ഷം തികയുമ്പോ‍ഴും മണിമു‍ഴക്കം ഇന്നും കാതുകളിലും മനസുകളിലും നിറഞ്ഞു നില്‍ക്കുന്നു.

ഒരു സാധാരണക്കാരനായ മനുഷ്യന്‍ . ആര്‍ഭാടപൂര്‍വ്വമായ ജീവിതത്തിലേക്ക് എത്തിയെങ്കിലും തന്‍റെ ഉള്ളിലെ നന്മയും സ്നേഹവുമെല്ലാം അതുപോലെ തന്നെ നിലനിര്‍ത്തി. പുതിയ ജീവിതത്തില്‍ ഭ്രമിച്ചു പോകാതെ തനിക്ക് കൈവന്ന സൗഭാഗ്യം മറ്റുള്ളവര്‍ക്കും പങ്കുവച്ചു.

കലാഭവനിലൂടെ കലാരംഗത്ത് ശ്രദ്ധേയനായ മണിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. ചലച്ചിത്രമേഖലയിലേക്ക് ചേക്കേറിയ മണിയുടെ വ്യത്യസ്ത അഭിനയ മുഹൂര്‍ത്തങ്ങല്‍ക്കാണ് പിന്നീട് മലയാള ചലച്ചിത്രലോകം സാക്ഷ്യം വഹിച്ചത്. സല്ലാപത്തിലെ ചെത്തുകാരനായി മലയാളികളെ ചിരിപ്പിച്ചെത്തിയ മണിയെ പിന്നീട് കണ്ടത് മനസില്‍ നൊമ്പരമായി മാറിയ അന്ധഗായകനിലൂടെയാണ്.

വാസന്തിയും ലക്ഷിമിയും പിന്നെ ഞാനും കണ്ണു നിറയാതെ കാണാന്‍ ക‍ഴിയില്ല. സംസ്ഥാന ദേശീയ തലങ്ങളില്‍ ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.കരുമാടിക്കുട്ടനും അനന്തഭദ്രവും കലാഭവന്‍മണിക്ക് മാത്രം എന്നും അവകാശപ്പെട്ടതാണ്. ഒരേസമയം ഹാസ്യതാരമായും സീരിയസ് റോളുകളിലൂടെയും പേടിപ്പെടുത്തുന്ന വില്ലനായും മണി പ്രക്ഷകമനസില്‍ ഇടം നേടി. മലയാളത്തില്‍ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പോലും മണിക്ക് ആരാധകര്‍ ഏറെയാണ്. ഒരു പക്ഷേ ഇത്രമേല്‍ ആരാധകരെ മണിക്ക് സമ്പാദിക്കാനായത് അഭിനയത്തിലൂടെ മാത്രമല്ല, മറിച്ച് ലാളിത്യം തുളുമ്പുന്ന മണിയുടെ പാട്ടുകളിലൂടെയുമാണ്.

അന്യം നിന്നു പോയ അല്ലെങ്കില്‍ മലയാളികളുടെ ചുണ്ടില്‍ നിന്നു മാഞ്ഞുതുടങ്ങിയ നാടന്‍പാട്ടിനെ വീണ്ടും ജനഹൃദയങ്ങളിലേക്ക് കൊണ്ടു വന്നത് കലാഭവന്‍മണിയാണ്. സാധാരണക്കാര്‍ക്കുവേണ്ടിയുള്ളതായിരുന്നു മണിയുടെ പാട്ട്. മണ്ണിന്‍റെ മണമുള്ള മനുഷ്യമനസ് തൊട്ടറിഞ്ഞവ. എന്തിനും മണിക്ക് മണിയുടേതായ ശൈലിയുണ്ടായിരുന്നു. അവ മണിയുടെ പാട്ടുകളെയും വേറിട്ടു നിര്‍ത്തി.

ഒരുതരത്തില്‍ അല്ലെങ്കില്‍മറ്റൊരു തരത്തില്‍ പാട്ടുകളെല്ലാം തന്നെ മണിയുടെ ജീവിതവുമായി ബന്ധപ്പെട്ടവയാണ്. ഒാരോ വരികളും മനസിനെ കീറിമുറിക്കുന്നവ. ജീവിതത്തിന്‍റെ കഷ്ട്ടപ്പാടും ദുരിതവും സന്തോഷവും ഉയര്‍ച്ച താ‍ഴ്ച്ചകളും സാധാരണക്കാരുടെ ജീവിതവുമെല്ലാം അവയ്ക്ക് പ്രമേയമായി. കണ്ണിമാങ്ങയും ഒാടപ്പ‍ഴംപോലുള്ള പെണ്ണും മിന്നാമിനുങ്ങുമെല്ലാം എങ്ങും നിറക്ഞു നില്‍ക്കുന്നു. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകള്‍ പുതിയ തലമുറയിലെ സിനിമാ സംഗീതത്തിന് വഴിമാറിയത് മണിയിലൂടെയാണ്. താളം പിടിക്കാതെ ആടിതിമിര്‍ക്കാതെ മണിച്ചേട്ടന്‍റെ പാട്ടുകള്‍ കേള്‍ക്കാനാകില്ല.

ഒാട്ടോഒാടിച്ച് ജീവിതം തള്ളിനീക്കിയ ഒരു കാലം, പട്ടിണികിടന്നു വളര്‍ന്ന ഭൂതകാലം പറയാന്‍ മടി കാണിച്ചില്ല കലാഭവന്‍മണിയെന്ന സാധാരണക്കാരന്‍. നടനാണെങ്കിലും ഒാട്ടോ ഒാടിക്കാന്‍ മടിയില്ലെന്ന് പറഞ്ഞ ആ ഉറച്ച ശബ്ദം തന്നെയാണ് മണിയെ വ്യത്യസ്തനാക്കുന്നത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോ‍ഴും കഷ്ട്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കാന്‍ മണി മടി കാണിച്ചില്ല. ഒരു മനുഷ്യനും താനുള്ളിടത്തോളം പട്ടിണി കിടക്കരുതെന്ന് ചാലക്കുടിക്കാരന്‍ ആഗ്രഹിച്ചിരുന്നു. അത് ഒരു പക്ഷേ ഒരുപാട് ജീവിതങ്ങല്‍ക്ക് ആശ്വാസമായി. ചാലക്കുടിക്കാരന്‍ ചാലക്കുടിക്കാര്‍ക്ക് മാത്രമല്ല മലയാളികല്‍ക്കൊട്ടാകെ മണിച്ചേട്ടനായി മാറി.

കണ്ണീരണിയാതെ ഒാര്‍ക്കാനാകില്ല കലാഭവന്‍ മണിയെന്ന അതുല്യപ്രതിഭയെ . രോഗം മരണത്തിന്‍റെ പാശവുമായെത്തിയപ്പോ‍ഴും ചിരി മാഞ്ഞില്ല.ചില കാര്യങ്ങല്‍ അറംപറ്റും എന്നും പറയുംപോലെയായിരുന്നു മണിയുടെ ജീവിതവും .യാത്ര പറയാതെ പോയ മണിയുടെ അവസാന ചിത്രം യാത്ര ‘ചോദിക്കാതെ ‘ അറംപറ്റിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറുമ്പനാളൊരു കറുമ്പനാണെന്ന് സ്വയം പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മണി. കണ്ണീരോടെയല്ലാതെ ഒാര്‍ക്കാനാകില്ല മണിച്ചേട്ടനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News