ത്രിപുരയിലെ ബിജെപി-ആര്‍എസ്‌എസ്‌ അക്രമത്തില്‍ പ്രതിഷേധിക്കുക: വൈക്കം വിശ്വന്‍

ജനാധിപത്യ സംവിധാനത്തെയാകെ അട്ടിമറിച്ച്‌ അധികാരത്തിലെത്തിയ ആര്‍.എസ്‌.എസും സംഘപരിവാര്‍ ശക്തികളും ത്രിപുരയിലാകെ കലാപം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്‌. ഇടതുപക്ഷ പാര്‍ടി ഓഫീസുകള്‍ തകര്‍ത്തും, പ്രവര്‍ത്തകരെ ആക്രമിച്ചും, സ്‌ത്രീകളെ കടന്നാക്രമിക്കുകയും, വീടുകള്‍ തകര്‍ത്തും കഴിഞ്ഞ രണ്ട്‌ ദിവസമായി ആര്‍.എസ്‌.എസും ബി.ജെ.പിയും ത്രിപുരയില്‍ വ്യാപകമായി അഴിഞ്ഞാടുകയാണ്‌.

സി.പി.ഐ (എം)നും ഇടതുപക്ഷത്തിനും നേരെ ആര്‍.എസ്‌.എസ്സും ബി.ജെ.പിയും വ്യാപകമായി നടത്തുന്ന ഈ അക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. സംസ്ഥാനത്ത്‌ പ്രധാന കേന്ദ്രങ്ങളിലാകെ ത്രിപുരയിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്‌ച പ്രകടനവും പൊതുയോഗങ്ങളും സംഘടിപ്പിക്കും.

വിഘടന വാദികളേയും ഛിദ്രശക്തികളെയും കൂട്ടുപിടിച്ചും അധികാര ദുര്‍വിനിയോഗം നടത്തിയും പണമൊഴുക്കിയുമാണ്‌ ത്രിപുരയില്‍ ബി.ജെ.പി അധികാരം പിടിച്ചെടുത്തത്‌. ജനാധിപത്യവ്യവസ്ഥയെ നോക്കുകുത്തിയാക്കിയും അട്ടിമറിച്ചും നേടിയ ഈ വിജയം യഥാര്‍ത്ഥ ജനവിധിയല്ലെന്ന്‌ ഏവര്‍ക്കും ബോധ്യമുള്ള കാര്യമാണ്‌. വളഞ്ഞ വഴിയിലൂടെ അധികാരം പിടിച്ചെടുക്കുകയും അധികാരത്തിലെത്തിയ ഉടനെ അക്രമമമഴിച്ചുവിടുകയും ചെയ്യുകയെന്ന ഫാസിസ്‌റ്റ്‌ രീതിയാണ്‌ ത്രിപുരയിലും ബി.ജെ.പി നടത്തുന്നത്‌.

ഇത്തരം അക്രമങ്ങളെ ചെറുത്ത്‌ തോല്‍പ്പിക്കാനുള്ള കരുത്ത്‌ ത്രിപുരയിലെ സി.പി.ഐ (എം)നും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുമുണ്ട്‌. 1988 ല്‍ വിഘടനവാദികളെ കൂട്ടുപിടിച്ച്‌ വളഞ്ഞ വഴിയിലൂടെ അധികാരം നേടി കോണ്‍ഗ്രസ്‌ സമാനമായ അക്രമങ്ങള്‍ക്ക്‌ അന്ന്‌ നേതൃത്വം നല്‍കിയിരുന്നു. ഈ അക്രമങ്ങളെയാകെ ബഹുജനങ്ങളെ അണിനിരത്തി ചെറുത്ത്‌ തോല്‍പ്പിച്ചതുമാണ്‌. അഞ്ച്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ കാര്യം ഇപ്പോള്‍ അക്രമം നടത്തുന്ന ആര്‍.എസ്‌.എസ്സും ബി.ജെ.പിയും ഓര്‍ക്കണം.

ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോള്‍ ത്രിപുരയില്‍ തികഞ്ഞ സമാധാനാന്തരീക്ഷമായിരുന്നുവെന്ന കാര്യവും മറക്കരുത്‌. രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന വിഘടനവാദ ശക്തികള്‍ക്ക്‌ പോലും ത്രിപുരയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അതേ വിഘടന ശക്തികളെ കൂട്ടുപിടിച്ചാണ്‌ ഇപ്പോള്‍ ബി.ജെ.പിയും ആര്‍.എസ്‌.എസ്സും അധികാരത്തിലെത്തിയത്‌. രാജ്യത്തിന്റെ സുരക്ഷ പോലും കണക്കിലെടുക്കാതെയാണ്‌ രാജ്യസ്‌നേഹം പ്രസംഗിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ ഇത്തരം വിഘടന ശക്തികളുമായി ചേര്‍ന്ന്‌ അധികാരത്തിലെത്തിയത്‌.

ഈ വിഘടന ശക്തികളുമായി ചേര്‍ന്ന്‌ നടത്തുന്ന ഇത്തരം അക്രമങ്ങളെ ശക്തമായി നേരിടാന്‍ ത്രിപുരയില്‍ ജനങ്ങള്‍ക്ക്‌ കഴിയും. അക്രമത്തിനിരയാകുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ഉയരുകയും വേണം. സംസ്ഥാനത്ത്‌ എല്‍ഡിഎഫ്‌ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ മുഴുവന്‍ ബഹുജനങ്ങളും അണിനിരക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

3 Attachments

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News