കര്‍ദിനാള്‍ ആലഞ്ചേരിയ്ക്ക് കുരുക്ക് മുറുകുന്നു; അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി; സ്ഥാനത്യാഗം ചെയ്യണമെന്ന് ഹര്‍ജിക്കാരന്‍

എറണാകുളം- അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. ഭൂമിവില്‍പ്പനയില്‍ ദുരൂഹതയുണ്ടെന്നും ക്രമക്കേടുകള്‍ ഉണ്ടായെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കര്‍ദിനാള്‍ രാജാവല്ലെന്നും നിയമത്തിന് അതീതനാണെന്നും സഭാ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നും ഗൗരവകരമായ വിമര്‍ശനം നടത്തിയ ശേഷമായിരുന്നു ഹൈക്കോടതി ഉത്തരവ്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പ്രൊക്യുറേറ്ററായിരുന്ന ഫാ, ജോഷി പുതുവ, മോണ്‍സിഞ്ഞോര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് എന്നിവര്‍ക്കെതിരെയാണ് ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം- അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ ദുരൂഹതയുണ്ടെന്നും ഗൂഢാലോചനയുടെ ലക്ഷണങ്ങളുണ്ടെന്നും ജസ്റ്റിസ് കമാല്‍ പാക്ഷ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മജിസ്ട്രേറ്റ് തലത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും പൊലീസിന് കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ നിയമപരമായി തെറ്റില്ലെന്നും ഭൂമി വില്‍പ്പന സിവില്‍ വിഷയം മാത്രമല്ലെന്നും കോടതി വ്യക്തമാക്കി.

കര്‍ദ്ദിനാളിനെതിരെ ഗൗരവകരമായ പരാമര്‍ശമാണ് കോടതി നടത്തിയത്. സഭാ സ്വത്തുക്കള്‍ കര്‍ദ്ദിനാളിന്‍റെതല്ല. കര്‍ദ്ദിനാളിന് പരമാധികാരവുമില്ല. രൂപതയുടെ സ്വത്ത് ഇടവകാംഗങ്ങളുടേതാണ്. സഭാ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണ് കര്‍ദ്ദിനാള്‍. കര്‍ദ്ദിനാള്‍ രാജാവല്ലെന്നും കോടതി വ്യക്തമാക്കി. എല്ലാവരും നിയമത്തിന് മുന്നില്‍ സമന്മാരാണ്.

ചിലര്‍ കൂടുതല്‍ സമന്മാരാണെന്ന തത്വം അംഗീകരിക്കാനാവില്ല. കാനന്‍ നിയമവും സിവില്‍ നിയമങ്ങളെ
അനുസരിക്കുന്നുണ്ട്. കോടതിക്ക് രൂപതയുടെ നടപടികളില്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. കര്‍ദ്ദിനാളിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗ്ഗീസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്.

വാദങ്ങള്‍ നിരത്തി അന്വേഷണം തടയാനായിരുന്നു കര്‍ദ്ദിനാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രമിച്ചത്. സഭാ സ്വത്തുക്കള്‍ പൊതു സ്വത്താണെന്നും വിശ്വാസികളുടേതാണെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.

എന്നാല്‍ തനിക്ക് കാനോന്‍ നിയമങ്ങള്‍ മാത്രമാണ് ബാധകമെന്നും പോപ്പിന് മാത്രമേ നടപടിയെടുക്കാന്‍ അധികാരമുളളൂവെന്നും കര്‍ദ്ദിനാളും വാദിച്ചു. തുടര്‍ന്നാണ് രാജ്യത്തെ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകരമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയത്. ഇതോടെ സഭാ ഭൂമിയിടപാടില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും.

അതേസമയം കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്ന് ഹര്‍ജിക്കാരന്‍ ഷൈന്‍ വര്‍ഗ്ഗീസ് ആവശ്യപ്പെട്ടു. കര്‍ദ്ദിനാളിനെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും കര്‍ദിനാളിന് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് കോടതി
തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News