നാലു പ്രതിമകള്‍ തകര്‍ത്താല്‍ കമ്യൂണിസ്റ്റുകാരെ ഉന്‍മൂലനം ചെയ്യാമെന്ന് ആര്‍എസ്എസ് കരുതരുത്; ഫാസിസ്റ്റ് വ്യാമോഹം എണ്ണയൊ‍ഴിച്ച് കത്തിക്കാമെന്ന് കരുതുന്നവര്‍ക്ക് മുഖ്യമന്ത്രി പിണറായിയുടെ താക്കീത്; ജനാധിപത്യം അപകടത്തിലെന്ന് എംഎ ബേബി; അക്രമികളെ മോദി നിലയ്ക്ക് നിര്‍ത്തണമെന്ന് പിബി

നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ത്രിപുരയിലെമ്പാടും ആര്‍എസ്എസും സംഘപരിവാറും വ്യാപക അക്രമണമാണ് അ‍ഴിച്ചിവിട്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായാണ് മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരുടേയും പ്രതികരണം.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാനുള്ള ആർ എസ് എസിന്റെ അതിമോഹമാണ് ത്രിപുരയിൽ അഴിഞ്ഞാടുന്നത്. കമ്യൂണിസ്റ്റുകാരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് ബി ജെ പി ദേശീയ നേതാക്കൾ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണ്. ത്രിപുരയിൽ ആർ എസ് എസ് ആക്രമണങ്ങളിൽ 500 ൽ അധികം പ്രവർത്തകർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 1500 ൽ അധികം വീടുകൾ തകർക്കുകയും കത്തിക്കുകയും ചെയ്തു. അക്രമം പുറം ലോകത്തോട് വിളിച്ചു പറഞ്ഞ പെൺകുട്ടിയ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.

25 വർഷം കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങൾ ഒരു രാത്രി കൊണ്ട് ചുട്ടെരിക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന്, ആർ എസ് എസ് സംഘം അത് തകർക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങൾ. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലർത്തി ജനാധിപത്യത്തിന് പുതിയ നിർവ്വചനം നൽകാനാണ് ആർ എസ് എസ് ശ്രമം.

ഭരണകൂടത്തിന്റെ കിരാതവാഴ്ചകളെ എതിരിട്ടാണ് കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് വളർന്നത്. ഫാസിസ്റ്റ് തേർവാഴ്ചകൾക്കു മുന്നിൽ നെഞ്ച് വിരിച്ച് നിന്ന് രക്തസാക്ഷിത്വം വരിച്ച ധീരൻമാരുടെ മണ്ണാണിത്. അടിച്ചമർത്തിയാലും കുഴിച്ചുമൂടാൻ വന്നാലും പ്രതിരോധിക്കാനും തിരിച്ചുവരാനും ശേഷിയുള്ളവരാണ് കമ്മ്യുണിസ്റ്റുകാർ. ത്രിപുരയിലെ ജനങ്ങളെ ആകെ അണിനിരത്തി ഈ ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്. പൊരുതുന്ന ത്രിപുരയിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തെ പണാധിപത്യമാക്കിയും അട്ടിമറിച്ചും നേടിയ വിജയത്തിന്റെ ലഹരിയിൽ ഫാസിസ്റ്റ് വ്യാമോഹം എണ്ണയൊഴിച്ച് കത്തിക്കാമെന്ന് സംഘ പരിവാർ കരുതരുത്. അങ്ങനെ കരുതിയവർക്കും അഹങ്കരിച്ചവർക്കും ദയനീയ അന്ത്യമാണ് എക്കാലത്തും സംഭവിച്ചത്.

കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹമാണ്. മതനിരപേക്ഷത പുലരാനും സമാധാനം സംരക്ഷിക്കാനും സ്വജീവൻ ബലിയർപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് കമ്മ്യൂണിസ്റ്റുകാർ; അതാണ് പാരമ്പര്യം. വർഗീയതയുടെയും പണക്കൊഴുപ്പിന്റെയും വിവേകശൂന്യതയുടെയും ചേരുവകൾ കൊണ്ട് ഫാസിസ്റ്റ് മോഹങ്ങൾ നട്ടു വളർത്തുന്ന ആർ എസ് എസ് ബുദ്ധികേന്ദ്രങ്ങൾ ഇന്നാട്ടിന്റെ സമര പാരമ്പര്യങ്ങളെക്കുറിച്ച് അജ്ഞരാണ്. അതു കൊണ്ടാണ് നാലു പ്രതിമ തകർത്താൽ കമ്മ്യൂണിസ്റ്റുകാർ ഇല്ലാതായിപ്പോകുമെന്ന് അവർ ധരിക്കുന്നത്.

എം എ ബേബിയുടെ പ്രതികരണം ഇങ്ങനെ

നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേടാനായ വിജയത്തെത്തുടർന്ന് ത്രിപുരയിലാകെ സിപിഐഎം പ്രവർത്തകർക്കു നേരെ അക്രമം നടക്കുകയാണ്. പാർടി പ്രവർത്തകരെ ആർഎസ്എസുകാർ ആക്രമിക്കുന്നു. സിപിഐഎമ്മുകാരുടെ വീടുകളും പാർടി ഓഫീസുകളും തകർക്കുന്നു. ഇന്ത്യയിലെ ജനാധിപത്യവാദികളായ എല്ലാവരും ഈ അക്രമത്തെ ചോദ്യം ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

ഈ അക്രമപരമ്പരയുടെ ഭാഗമായാണ് അഗർത്തലയ്ക്കടുത്ത് ബെലോണിയയിലെ ലെനിൻ പ്രതിമ സംഘപരിവാർ അക്രമികൾ തകർത്തത്. ത്രിപുര ഗവർണറും ബിജെപി നേതാവുമായ തഥാഗത റോയി ഇതിനെ ന്യായീകരിച്ച് ട്വിറ്ററിലൂടെ അഭിപ്രായവും പറഞ്ഞിരിക്കുന്നു. “What one democratically elected government can do another democratically elected government can undo. And vice versa.” എന്നാണദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ചെയ്തത് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സർക്കാരിന് തിരിച്ചു ചെയ്യാമെന്ന്. ഭരണഘടനാ പദവികളിലിരിക്കുന്നവരുടെ ജനാധിപത്യബോധം ഇതാണെങ്കിൽ നമ്മുടെ നാടിൻറെ ജനാധിപത്യം ഇന്ന് നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്.

സോവിയറ്റ് യൂണിയൻറെ തകർച്ചക്ക് ശേഷം റഷ്യയിൽ പലയിടത്തും ലെനിൻറെ പ്രതിമകൾ തകർക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ മോസ്കോയിലെ മുസോളിയത്തിൽ ലെനിൻറെ ഭൌതികശരീരം ഇന്നും പൊതുജനങ്ങൾക്ക് കാണാനായി സൂക്ഷിച്ചിരിക്കുന്നു. റഷ്യൻ വിപ്ലവത്തിൻറെ നൂറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ഈയിടെ റഷ്യയിൽ പോയപ്പോൾ മോസ്കോയിലും റഷ്യയിലെമ്പാടും നൂറു കണക്കിന് ലെനിൻ പ്രതിമകളാണ് കാണാനായത്. അവയെല്ലാം തകർക്കപ്പെട്ടു എന്നത് തെറ്റായ ധാരണയാണ്. ലെനിൻ ഗ്രാഡ് എന്ന് വിളിക്കപ്പെട്ടിരുന്ന പഴയ സെൻറ് പീറ്റേഴ്സ് ബർഗിൻറെ പേര് തിരിച്ചാക്കിയെങ്കിലും അടുത്തുള്ള ഒരു ജില്ലക്ക് ഇപ്പോഴും ലെനിൻ ഗ്രാഡ് എന്നു തന്നെയാണ് പേര്. സോവിയറ്റ് വിപ്ലവത്തിന് ശേഷമുള്ള ലെനിൻറെ നേതൃത്വത്തിലുള്ള താല്ക്കാലിക ഗവണ്മെൻറ് പ്രവർത്തിച്ചിരുന്ന സ്മോൾനി ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോഴും വിപ്ലവത്തിൻറെ സ്മാരകമായി നില്ക്കുന്നു. അവിടെയും ലെനിൻ പ്രതിമ ഉണ്ട്. മഹത്തായ സോവിയറ്റ് വിപ്ലവത്തെക്കുറിച്ചുള്ള നിരവധി സ്മാരകങ്ങളും മ്യൂസിയങ്ങളും പ്രതിമകളും ഇന്നും സോവിയറ്റ് യൂണിയൻ ആയിരുന്ന സ്ഥലങ്ങളിൽ കാണാം. അവയെല്ലാം തകർക്കപ്പെടാനുള്ളവയാണെന്ന ബോധം ആർ എസ് എസിനെപ്പോലുള്ള ഒരു ഫാസിസ്റ്റിക് സംഘടനയുടേതാണ്. റഷ്യൻ പടയാളികൾ തോല്പിച്ച ഹിറ്റ്ലറുടെ നാസിസത്തിൽ നിന്ന് പ്രത്യയശാസ്ത്രം സ്വീകരിച്ച ആർ എസ് എസിന് ലെനിൻ ചതുർത്ഥി ആവുന്നത് അവർ നാസിസ്റ്റുകൾ ആയതുകൊണ്ടാണ്.

സിപിഐഎം പൊളിറ്റ്ബ്യൂറോയുടെ ശക്തമായ പ്രതിഷേധം

ബിജെപി സംഘപരിവാര്‍ ആക്രമണത്തില്‍ ശക്തമായ ഭാഷയിലാണ് സിപിഐഎം പൊളിറ്റ്ബ്യൂറോ പ്രതിഷേധിച്ചത്.  അക്രമം നിർത്താൻ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പോളിറ്റ് ബ്യുറോ പ്രധാനമന്ത്രിക്ക് കത്തു നൽകി.

അക്രമികളെ അനുകൂലിക്കുന്ന നിലപാടാണ് ബിജെപി നേതാക്കൾ കൈകൊള്ളുന്നതെന്ന് പ്രധാനമന്ത്രിയെ കണ്ട ശേഷം പോളിറ്റ് ബ്യൂറോ യംഗം മുഹമ്മദ് സലീം എം.പി പറഞ്ഞു .10 ദിവസത്തേക്ക് ത്രിപുരയിൽ നിരോധനാജ്ഞ പ്രഖാപിച്ചിട്ടുണ്ട്.

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ ബിജെപിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത് വ്യാപക അക്രമമാണ്. ത്രിപുരയിലെ 60 മണ്ഡലങ്ങളിലും ബിജെപി പ്രവര്‍ത്തകർ അഴിച്ചുവിട്ട അക്രമത്തിൽ 514 പേർക്കാണ് പരിക്കേറ്റത്. 1539 വീടുകൾ ആക്രമിക്കുകയും 196 വീടുകളും, 134 പാർട്ടി ഓഫീസുകളും തീവെയ്ക്കുകയും ചെയ്തു.ശിപായിജല ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1000ത്തിലേറെ കേസുകള്‍.

ബെലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. വിഘടനവാദികളായ ഐപിഎഫിടി സ്വാധീന മേഖലകളിലും 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചാരിലാം മണ്ഡലത്തിലുമാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാഞ്ചൻപുരിൽ 120 പേരെ കൈയ്യേറ്റം ചെയ്തു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഇടപെടണമെന്നവശ്യപ്പെട്ട് സിപിഐഎം പോളിറ്റ് ബ്യുറോ പ്രധാനമന്ത്രിയെ കണ്ടത്. വികസനത്തിന്റെ പേരിൽ അധികാരത്തിലെത്തിയവർ എല്ലാം തകർക്കുകയാണെന്ന് പ്രധാനമന്ത്രിയെ കണ്ട ശേഷം സിപിഐഎം എംപിയായ സലിം കുറ്റപ്പെടുത്തി.

അക്രമങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുള്ളത്. അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ 10ദിവസത്തേക്ക് ത്രിപുരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News