ജസീമിന്റേത് അപകടമരണമോ കൊലപാതകമോ?; പൊലീസും ബന്ധുക്കളും രണ്ടു തട്ടിൽ

കാസർകോട് മാങ്ങാട്ടെ സ്കൂൾ വിദ്യാർഥി മുഹമ്മദ് ജസീം ട്രെയിൻ തട്ടി മരിച്ചതാണെന്ന് പോലീസ്. സാക്ഷിമൊഴിയുടെയും പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെയും പിൻബലത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. എന്നാല്‍  ജസീമിനെ അപായപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് രക്ഷിതാക്കളും ബന്ധുക്കളും.

ജസീം ഉൾപ്പടെ പ്രായപൂർത്തിയാകാത്തവർക്ക് കഞ്ചാവ് വില്പന നടത്തിയതിന് 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ജസീമിനെ അപായപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് ബന്ധുക്കൾ. ജസിമിന്റെ സഹപാഠികൂടിയായ 16 കാരൻ , കഞ്ചാവ് വില്പന നടത്തിയ സമീർ (20), സുഹൃത്ത് വിനീഷ് (20) എന്നിവരെയാണ് ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് ഒന്നിന് വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയ ജസീം തിരിച്ച് വീട്ടിലെത്തിയില്ല. അച്ഛൻ ജാഫർ പോലിസിൽ പരാതി നൽകിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. നാട്ടുകാരിൽ ചിലർ ജസീമിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ജസിമിന്റെ ദുരുഹമരണത്തിന് തുമ്പുണ്ടാകുന്നത്. തുടർന്ന് നടത്തിയ തിരച്ചലിൽ, കാണാതായതിന്റെ നാലാംനാൾ ജസിമിന്റെ മൃതദേഹം കളനാട് റെയിൽപ്പാളത്തിന് സമീപം ഓടയിൽ കണ്ടെത്തി.

സംഭവ ദിവസം ജസീം സുഹൃത്തുക്കൾക്കൊപ്പം കളനാട്ട് എത്തി. സമീർ ഇവർക്ക് 250 രൂപക്ക് കഞ്ചാവ് നൽകി. കഞ്ചാവ് ചുരുട്ടി വലിക്കുന്നതിന് കലാസെടുക്കാൻ സംഘം മറ്റൊരു സ്ഥലത്തേക്ക് പോയി. ജസീം ട്രെയിൻ പാളത്തിലൂടെയും മറ്റുള്ളവർ പാളത്തിന് പുറത്തു കൂടിയും തിരിച്ചു നടന്നു. മൊബൈൽ ഫോൺ നോക്കി നടന്നിരുന്ന ജസീമിനെ കാസർകോട് ഭാഗത്തു നിന്നു വന്ന മലബാർ എക്സ്പ്രസ് ഇടിച്ചു തെറിപ്പിച്ചു. സുഹൃത്തുക്കൾ അവിടെയാകെ നോക്കിയെങ്കിലും ഇരുട്ടായതിനാൽ കണ്ടില്ല.

അപകടം സൃഷ്ടിച്ച ഭയത്തെ തുടർന്ന് എല്ലാവരും അവിടം വിട്ടു. ഇതിനിടെ കഞ്ചാവ് വാങ്ങാൻ വന്ന മറ്റു രണ്ടു പേരോടും ഇക്കാര്യം പറഞ്ഞു. ഇവരാണ് പിന്നീട് നാട്ടുകാർക്ക് അപകട വിവരം നൽകിയത്. ട്രെയിൻ ഇടിച്ചു തന്നെയാകാം ജസിം മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട് നൽകുന്ന സൂചനയെന്ന് ജില്ലാ പോലിസ് മേധാവി കെ ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം തുടരുമെന്നും കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

15 കാരനായ ജസീമിനെ അപായപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് രക്ഷിതാക്കളും ബന്ധുക്കളും. ജസീം ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാർഥിയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here