കലാഭവന്‍മണിക്ക് ആര്‍ട്ട്കഫേയുടെ പ്രണാമം

മലയാളികളുടെ സ്വകാര്യ അഹങ്കാരവും, മലയാള സിനിമയുടെ മുടിചൂടാമന്നനുമായ കലാഭവന്‍ മണി യാത്രയായിട്ട് ഇന്ന് രണ്ടുവര്‍ഷം. നാട്ടുപ‍ഴമയുടെ നാടന്‍ ശീലുകളെ മലയാളിക്ക് പരിചയപ്പെടുത്തിയ  ഉറവവറ്റാത്ത മനുഷ്യ സ്നേഹത്തിന്‍റെ മഹാപ്രവാഹമായിരുന്നു ഓരോ മലയാളിക്കും മണി.

മലയാള സിനിമയില്‍ മണി എന്ന പ്രതിഭ ബാക്കി വെച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.

മിമിക്രിയിലൂടെയും നാടകത്തിലൂടെയുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. ആദ്യമായി മണി ക്യാമറക്കു മുന്‍പില്‍ എത്തുന്നത് താന്‍ ഏറെ സ്നേഹിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലായിരുന്നു. അക്ഷരം എന്ന ചിത്രത്തിലാണ് മണി ഓട്ടോ റിക്ഷ ഡ്രൈവറുടെവേഷത്തിൽ എത്തിയത്. എന്നാല്‍ മണി എന്ന പുതുമുഖ നടനെ മലയാളികള്‍ ശ്രദ്ധിക്കുന്നത് സുന്ദര്‍ദാസ് ചിത്രം സല്ലാപത്തിലൂടെയായിരുന്നു.

നായികയെ ശല്യപ്പെടുത്തുന്ന പൂവാലന്‍റെ വേഷത്തിലൂടെ മണി പ്രേഷകന്‍റെ മനസ്സില്‍ ഇടംപിടിച്ചു പിന്നീടങ്ങോട്ട് ഹാസ്യലോകത്ത് മണി തന്റേതായ സിംഹാസനമുറപ്പിക്കുന്ന കാഴ്ചയ്ക്കാണ് മലയാള സിനിമ സാക്ഷിയായത്. 1999 ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമാണ് ഹാസ്യകഥാപാത്രങ്ങള്‍ മാത്രമല്ല മണിക്ക് വ‍ഴങ്ങുന്നതെന്ന് തെളിയിച്ചത്.

ചിത്രത്തിലെ മണിയുടെ മികച്ച പ്രകടനത്തെ സിനിമാപ്രേമികൾ ഒന്നടങ്കം വാഴ്ത്തി. അഭിനയമികവിനെ അന്ധനായ രാമുവായി മണി പകർന്നാടിയപ്പോൾഅത് മികച്ച നടനുള്ള ദേശീയ അവാർഡിനരികിൽ വരെ മണിയെ എത്തിച്ചു. പുരസ്ക്കാരം പ്രത്യേക ജൂറി പുരസ്ക്കാരത്തിലൊതുങ്ങിയപ്പോൾ കുഴഞ്ഞു വീണും മണി അന്ന് വാർത്തകളിൽ ഇടംനേടി.

പിന്നീടങ്ങോട്ട് കരുമാടിക്കുട്ടൻ, ബെൻജോൺസൺ, ആയിരത്തിൽ ഒരുവൻ, ലോകനാഥൻ IAS,കേരള പൊലീസ്, റെഡ് സല്യൂട്ട് തുടങ്ങി ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ പരമ്പരാഗത നായക സങ്കൽപ്പങ്ങളെയാണ് മണി പൊളിച്ചെഴുതിയത്.കൂടാതെ വില്ലൻ വേഷങ്ങളിലും മണിയുടെ അഭിനയ പ്രതിഭ കയ്യൊപ്പ് ചാർത്തി.
മലയാളത്തില്‍ വേണ്ടത്ര അംഗീകാരങ്ങള്‍ ലഭിക്കാതിരുന്നെങ്കിലും അന്യഭാഷ ചിത്രങ്ങ‍ള്‍ മണിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

കേരളക്കര കടന്ന് ആ മണിപ്പെരുമ വാനോളം ഉയരുന്ന കാ‍ഴ്ചക്കും നമ്മള്‍ സാതക്ഷികളായി. തുടര്‍ന്ന് അന്യഭാഷയിലെ പ്രമുഖ സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ മണി കൈകാര്യം ചെയ്തു. മലയാളത്തിലെ ചില നടികള്‍ മണിക്കൊപ്പം അഭിനയിക്കാന്‍ മടിച്ചപ്പോള്‍ ഐശ്യര്യറായ് ഉ‍ള്‍പ്പടെയുള്ള താരറാണികളുമായി മണി അഭിനയിച്ചതും ഒരു യാഥാര്‍ത്ഥ്യം.

തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം മണി തന്റേതായ ഇടം നേടി. മലയാള സിനിമയില്‍ കലാഭവന്‍ മണി വ്യവസ്ഥാപിതമായ അഭിനയരീതികളെ പൊളിച്ചെഴുതിയ നടനാണ്. ഹാസ്യം മാത്രമല്ല, സെന്റിമെന്‍സും ആക്ഷനുംക്യാരക്ടര്‍ റോളും അദ്ദേഹത്തില്‍ ഭദ്രമായിരുന്നു.

ഇന്ന് മണിയുടെ അഭാവത്തിലാണ് അദ്ദേഹത്തിന് മാത്രം നല്‍കാന്‍ ക‍ഴിയുന്ന അല്ലെങ്കില്‍ അദ്ദേഹം ഇല്ലാത്തതു കൊണ്ട് മാത്രം വെട്ടി മാറ്റപ്പെട്ട പല രംഗങ്ങളും തിരക്കഥകളില്‍ ഒളിഞ്ഞുകിടക്കുന്നതായി പല സംവിധായകരും തിരിച്ചറിയുന്നത്. മണിയുടെ നഷ്ടം മലയാള സിനിമയുടെ തീരാനഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News