വിവാദ ഭൂമിയിടപാട്; കർദ്ദിനാൾ ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്ന് വിശ്വാസികള്‍; പിന്തുണ പ്രഖ്യാപിച്ച് സിനഡ്; സഭയ്ക്കകത്ത് ഭിന്നത രൂക്ഷം

ഭൂമിയിടപാട് വിഷയത്തിൽ കർദിനാളിനെതിരെ അന്വേഷണമാകാമെന്ന ഹൈക്കോടതി ഉത്തരവ് വന്നതോടെ സഭയ്ക്കകത്തെ ഭിന്നത രൂക്ഷം. ഉത്തരവിന്റെ പശ്ചാത്തലത്തിൽ കർദിനാൾ ആലഞ്ചേരി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ രംഗത്തെത്തി.

അതേ സമയം സഭാ സ്ഥിരം സിനഡ് അടിയന്തിര യോഗം ചേർന്ന് കർദിനാളിന് പിന്തുണ അറിയിച്ചു. വിധിയുടെ പൂർണ്ണരൂപം മനസ്സിലാക്കി മേൽനടപടി സ്വീകരിക്കാനും സിനഡ് തീരുമാനിച്ചു. എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് വിഷയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവർക്കെതിരെ അന്വേഷണമാകാമെന്ന ഹൈക്കോടതി ഉത്തരവ് വന്ന സാഹചര്യത്തിലാണ് കർദിനാൾ അടിയന്തിര യോഗം വിളിച്ചത്.

കാക്കനാട്ടെ സീറോ മലബാർ സഭാ ആസ്ഥാനത്ത് ചേർന്ന സ്ഥിരം സിനഡിൽ സഹായമെത്രാൻ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. ഭൂമിയിടപാടില്‍ കാനോനിക നിയമങ്ങളുടെ ലംഘനം നടന്നുവെന്നത് വസ്തുതാവിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. ഇടപാടില്‍ വീ‍ഴ്ച സംഭവിച്ചുവെന്നത് ഭാഗികമായി ശരിയാണ്. എന്നാല്‍ കോടതിയില്‍ ഹര്‍ജിക്കാരന്‍ ഉന്നയിച്ച വിഷയങ്ങള്‍ ശരിയാണെന്ന് ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല.

അന്വേഷണം ആകാമെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. ഉത്തരവിന്‍റെ പൂര്‍ണ്ണരൂപം ലഭ്യമായ ശേഷം അപ്പീല്‍ നല്‍കുന്നതുള്‍പ്പടെയുള്ള മേല്‍നടപടികളെക്കുറിച്ചാലോചിക്കുമെന്നും സീറൊ മലബാര്‍സഭ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. എന്നാല്‍ കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ കർദിനാൾ ആലഞ്ചേരി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ രംഗത്തെത്തി.

ഇവര്‍ പ്ലക്കാര്‍ഡുകളുമായി സഭാ ആസ്ഥാനത്ത് കുത്തിയരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ കര്‍ദിനാളിനെ അനുകൂലിക്കുന്ന ഒരു വിഭാഗവും കൊച്ചിയില്‍ യോഗം ചേര്‍ന്നു. കേസില്‍ കര്‍ദിനാളിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇവര്‍ പറഞ്ഞു.

കേസില്‍ അപ്പീല്‍ പോകണമെന്ന് കര്‍ദിനാളിനോടാവശ്യപ്പെടുമെന്നും ഒരു വിഭാഗം വിശ്വാസികള്‍ പറഞ്ഞു. ഭൂമിയിടപാട് വിഷയത്തില്‍ കോടതിയില്‍ നിന്നും നിര്‍ണ്ണായക തീരുമാനം വന്നതിനെ തുടര്‍ന്ന് സഭക്കകത്തുടലെടുത്ത ഭിന്നത വരും ദിവസങ്ങളില്‍ വലിയ ഏറ്റുമുട്ടലില്‍ കലാശിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News