ത്രിപുരയില്‍ ആര്‍എസ്എസ് താണ്ഡവം; ഗർഭിണിയടക്കം രണ്ടുപേർ കൊല്ലപ്പെട്ടു

ത്രിപുരയിൽ ബിജെപി‐ആർഎസ്എസ് ഭീകരതാണ്ഡവം. ഹീനമായ ആക്രമണത്തിനിടെ ഗർഭിണിയടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയിൽ കൊല്ലപ്പെട്ട സഞ്ജു പട്ടാരിർബോ ഒമ്പതുമാസം ഗർഭിണിയായിരുന്നു.

ക്യാംബർ ബസാറിനുസമീപം മർദനമേറ്റ് കൊല്ലപ്പെട്ട നിലയിൽ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പുവിജയശേഷം സിപിഐ എം, ഇടതുമുന്നണി പ്രവർത്തകർക്കും അനുഭാവികൾക്കുമെതിരെ ബിജെപി തുടങ്ങിയ ആക്രമണം മറ്റുള്ളവർക്കുനേരെയും വ്യാപിപ്പിച്ചു. അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു.

ദക്ഷിണ ത്രിപുരയിലെ ബലോനിയ പട്ടണത്തിലെ ലെനിൻ പ്രതിമ ബിജെപിക്കാർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർത്തു. പ്രതിമയുടെ ശിരസ്സ് വേർപെടുത്തി കാൽകൊണ്ട് തട്ടിക്കളിച്ചു. സബ്രൂമിലും ലെനിന്റെ പ്രതിമ തകർത്തു. അംബേദ്കർ ഉൾപ്പെടെയുള്ളവരുടെ പ്രതിമകളും തകർക്കപ്പെട്ടു. പലയിടങ്ങളിലും പള്ളികൾ ആക്രമിക്കപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറോളം വീടുകൾക്ക് അക്രമികൾ തീയിട്ടു. 135 പാർടി ഓഫീസുകൾ തകർത്തു. 200ൽപരം പാർടി ഓഫീസുകൾ കൈയേറി. വർഗബഹുജനസംഘടനകളുടെ ഓഫീസുകളും ആക്രമിക്കുകയോ കൈയേറുകയോ ചെയ്തു. 1600 വീടുകൾക്കുനേരെ ആക്രമണമുണ്ടായി. ഒട്ടേറെ വാഹനങ്ങൾ കത്തിച്ചു. പലയിടത്തും വീടുകളും ഓഫീസുകളും തകർത്തു. റേഷൻ കാർഡും വിദ്യാഭ്യാസരേഖകളും ഉൾെപ്പടെ പിടിച്ചെടുത്ത് കത്തിച്ചു. ചെറുക്കാൻ ശ്രമിച്ചവരെ ക്രൂരമായി തല്ലിച്ചതച്ചു.

വീടുകൾ കൊള്ളയടിച്ച സംഘങ്ങൾ ഗൃഹോപകരണങ്ങൾ തല്ലിത്തകർത്തു. ചെറുത്തുനിന്ന സ്ത്രീകളെ ബലാത്സംഗംചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
‘ഭാരത് മാതാ കീ ജയ്’ വിളിച്ചാണ് ബിജെപി‐ആർഎസ്എസുകാർ ലെനിന്റെ പ്രതിമ തകർത്തതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി തപസ് ദത്ത പറഞ്ഞു. അക്രമികളുടെ നടപടിയെ ഗവർണർ തഥാഗത റോയി ന്യായീകരിക്കാൻ ശ്രമിച്ചു.

ഒരു ജനാധിപത്യ സർക്കാർ ചെയ്ത കാര്യങ്ങൾ അടുത്ത സർക്കാർ വരുമ്പോൾ ഇല്ലാതാക്കുന്നത് സ്വാഭാവികമാണെന്നാണ് ഗവർണറുടെ ട്വീറ്റ്. ലെനിൻപ്രതിമ തകർക്കൽ ആവേശകരമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് ട്വീറ്റ് ചെയ്തു. ആർഎസ്എസിന്റെ യഥാർഥ സ്വഭാവമാണ് വ്യക്തമാകുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ലെനിന്റെ പ്രതിമ തകർത്തത് അങ്ങേയറ്റം അപലപനീയമാണെന്ന് സഫ്ദർ ഹഷ്മി സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൂറോളം സാംസ്കാരികപ്രവർത്തകർ സംയുക്തപ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ സുഹൃത്തായിരുന്ന ലെനിൻ, കോളനിരാജ്യങ്ങളിലെ വിമോചനപ്രസ്ഥാനങ്ങളുടെ വഴികാട്ടിയായിരുന്നു. ഒരു തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇത്തരം ആക്രമണങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.

ബിജെപി പ്രവർത്തകർതന്നെയാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സുബാൽ ഭൗമിക് സമ്മതിച്ചു. മറ്റ് പാർടികളിൽനിന്ന് ബിജെപിയിൽ എത്തിയവരാണ് കുഴപ്പം സൃഷ്ടിക്കുന്നതെന്നും ആക്രമണങ്ങളിൽ പങ്കുള്ളവരെ ബിജെപിയിൽനിന്ന് പുറത്താക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ത്രിപുരയിലെ ആക്രമണം തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലിമിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.

പണവും പേശീബലവും ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച് വിജയം നേടിയശേഷമാണ് ആർഎസ്എസും ബിജെപിയും നിഷ്ഠുരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുന്നതെന്ന് സിഐടിയു ചൂണ്ടിക്കാട്ടി. ആക്രമണങ്ങൾക്കെതിരെ തൊഴിലാളിവർഗം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സിഐടിയു ആഹ്വാനംചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here