ചരിത്രം ആവർത്തിക്കുക തന്നെ ചെയ്യും; ഹിറ്റ്‌ലറിനും മുസ്സോളിനിയ്ക്കും ചരിത്രം നല്‍കിയ താക്കീത് സംഘപരിവാർ നേതാക്കൾ ഓര്‍ത്താല്‍ നന്ന്

റീഗനും താച്ചറും നടപ്പാക്കിയ കമ്മ്യൂണിസ്റ്റ് ഉന്മൂലനപദ്ധതി രാജ്യത്ത് നടപ്പാക്കുകയാണ് മോഡിസമെന്ന് യാതൊരു മറയുമില്ലാതെ ബിജെപി നേതാക്കന്മാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ത്രിപുരയിൽ പണാധിപത്യത്തിലൂടെ ജനാധിപത്യം അട്ടിമറിച്ച് അധികാരത്തിലേറിയതിന്റെ അഹങ്കാരമാണ് സംഘപരിവാറിനിപ്പോൾ.

കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടില്ലയെന്നതുപോലെ തത്വദീക്ഷയും മൂല്യബോധവും ബിജെപിയിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. ഒരു കാര്യം വ്യക്തമാണ്. കമ്മ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്ന മോഡി സ്വപ്‌നം യാഥാർത്ഥ്യമാകാൻ പോകുന്നില്ല. കമ്മ്യൂണിസ്റ്റുകാരെ കൊല്ലാം പക്ഷേ കമ്മ്യൂണിസത്തെ നശിപ്പിക്കാനാവില്ല.

തിരിച്ചടിയുണ്ടാകാം താല്ക്കാലികമാണ്. മുതലാളിത്തനാശം ലോകത്താകെ ജനങ്ങൾ ആഗ്രഹിക്കുന്ന കാലമാണ് ഇപ്പോൾ. അത്തരമൊരു കാലത്ത് ചൂഷണരഹിതവ്യവസ്ഥ വിഭാവനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് പ്രസക്തിയേറെയാണ്. കമ്മ്യൂണിസ്റ്റുകാരെ കൊല്ലാനും നശിപ്പിക്കാനും ആഹ്വാനം ചെയ്യുന്നവർ ചരിത്രത്തിന്റെ ഏടുകൾ മറിച്ചുനോക്കിയാൽ മതി.

മോഡിയെക്കാൾ ക്രൂരമായി കമ്മ്യൂണിസ്റ്റ് വേട്ടക്ക് നേതൃത്വം കൊടുത്തവർ ഹിറ്റ്‌ലറും മുസ്സോളിനിയുമാണ്. അവർ കമ്മ്യൂണിസ്റ്റ് വേട്ട മാത്രമായിരുന്നില്ല ചെയ്തത്, ജനാധിപത്യ കശാപ്പുകൂടിയായിരുന്നു. കമ്മ്യൂണിസത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമുണ്ടായപ്പോൾ ഈ ഫാസിസ്റ്റ് നേതാക്കളുടെ അന്ത്യം കമ്മ്യൂണിസത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമായിട്ടാണ് നാം കണ്ടത്.

ഫാസിസത്തെ തോൽപിക്കാൻ സോവിയറ്റ് ചെമ്പടയിൽ അണിചേർന്ന രണ്ടുലക്ഷത്തോളം പേരുടെ ജീവൻ നൽകേണ്ടിവന്നെങ്കിലും ഫാസിസത്തിനുമേൽ വിജയമാണ് നേടാനായത്. ചരിത്രം നൽകുന്ന താക്കീത് സംഘപരിവാർ നേതാക്കൾ തിരിച്ചറിഞ്ഞില്ലെങ്കിലും ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും.

(എം വി ജയരാജന്‍റെ കുറിപ്പ്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News