കോഴിക്കോട് പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദിയാകുന്നു; പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് അടക്കമുള്ളവയുള്‍പ്പെടുത്തി ചലച്ചിത്രമേള

ഏഴ് ദിനങ്ങളിലായി നടക്കുന്ന മേള ഈ മാസം 9 മുതല്‍ 15 വരെ കൈരളി, ശ്രീ തിയറ്ററുകളില്‍, ഉദ്ഘാടന ചിത്രം ഓണ്‍ ബോഡി ആന്റ് സോള്‍

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമിട്ട കോഴിക്കോട്, വീണ്ടും ലോക സിനിമകളാല്‍ സമ്പന്നമാകുന്നു. കേരള ചലച്ചിത്ര അക്കാദമി നേതൃത്വത്തില്‍ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെളളിയാഴ്ച തിരിതെളിയും. ഹെഗേറിയന്‍ ചിത്രമായ ഓണ്‍ ബോഡി ആന്റ് സോള്‍ ആണ് ഉദ്ഘാടന ചിത്രം. ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌ക്കാരം നേടിയ ചിത്രത്തിന്റെ സംവിധാനം ഇല്‍ഡികോ എന്യേദിയാണ് നിര്‍വഹിച്ചത്.

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ടി വി ചന്ദ്രന്‍ റീജിയണല്‍ ഐ എഫ് എഫ് കെ ഉദ്ഘാടനം ചെയ്യും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മൂന്ന് ഡോക്യുമെന്ററികളടക്കം 56 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 22 -മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച 22 സിനിമകള്‍ കാണാനുളള അവസരം കൂടിയാവും കോഴിക്കോട്ടെ മേള. ഐ എഫ് എഫ കെ യില്‍ സുവര്‍ണ്ണ ചകോരം ലഭിച്ച വാജിബ്, മികച്ച ചിത്രത്തിനുളള പ്രേക്ഷക പുരസ്‌ക്കാരം നേടിയ ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്ക്, പ്രത്യേക ജൂറി പരാമര്‍ശം നേടിയ കാന്‍ഡലേറിയ, സമഗ്ര സംഭാവനക്കുളള പുരസ്‌ക്കാരം നല്‍കി ആദരിച്ച വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിന്റെ ദ സണ്‍ തുടങ്ങിയ ചിത്രങ്ങളും ഇതിലുള്‍പ്പെടും.

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 6 സിനിമകളും ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ 9 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ രാജ്യാന്തര ഡോക്യുമെന്ററി – ഹ്രസ്വ ചലച്ചിത്ര മേളയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടും പ്രദര്‍ശനാനുമതി നിഷേധിച്ച രണ്ട് ഡോക്യുമെന്ററികളും പ്രദര്‍ശനത്തിനെത്തുന്നുണ്ട. ജെ എന്‍ യു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്, രോഹിത് വെമുലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ പി എന്‍ രാമചന്ദ്ര സംവിധാനം ചെയ്ത ദ അണ്‍ബെയറബിള്‍ ബീയിംഗ് ഓഫ് ലൈറ്റ്‌നസ് എന്നീ ചിത്രങ്ങളാണ് കോഴിക്കോട് മേളയില്‍ പ്രദര്‍ശനത്തിനെത്തുക.

മേളയോടനുബന്ധിച്ച് മാര്‍ച്ച് 10 മുതല്‍ 15 വരെ മാനാഞ്ചിറ സ്‌ക്വയറില്‍ പൊതുജനങ്ങള്‍ക്കായി ചലച്ചിത്ര പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട. ദിവസവും വൈകീട്ട് മീറ്റ് ദി ഡയറക്ടര്‍, ഓപ്പണ്‍ ഫോറം എന്നിവയും നടക്കുമെന്ന് ഫെസ്റ്റിവല്‍ ഭാരവാഹികള്‍ അറിയിച്ചു. മലയാള സിനിമയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് പി ഡേവിഡിന്റെ ഫോട്ടോ പ്രദര്‍ശനം മാര്‍ച്ച് 10 ന് എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. അന്തരിച്ച സംവിധായകന്‍ ഐ വി ശശിയ്ക്ക് സ്മരണാഞ്ജലിയായി ആള്‍കൂട്ടത്തില്‍ തനിയെ പ്രദര്‍ശിപ്പിക്കും. ജി അരവിന്ദന്‍ ചരമ വാര്‍ഷിക ദിനത്തില്‍ വി കെ ശ്രീരാമന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

മേളയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി, കോഴിക്കോട് കൈരളി, ശ്രീ തിയറ്ററുകളിലായി 1012 സീറ്റുകളാണുളളത്. പാസ് വിതരണം വ്യാഴാഴ്ച രാവിലെ പത്തരയോടെ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News