കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട്; ഇടുക്കി എംപി ജോയ്സ് ജോര്‍ജ് നിരപരാധിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ ഇടുക്കി എംപി അഡ്വക്കേറ്റ് ജോയ്സ് ജോര്‍ജ് നിരപരാധിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. മൂന്നാര്‍ ഡിവൈഎസ്പി, തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നാര്‍ ഡിവൈഎസ്പി എസ് അഭിലാഷ് തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ ജോയ്സ് ജോര്‍ജ് എംപിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയത്.

എംപി നേരിട്ട് ഭൂമി വാങ്ങിയിട്ടില്ല. 1995ല്‍ എംപിയുടെ പിതാവ് ജോര്ജ് പാലിയത്ത് തമിഴ് വംശജരില്‍ നിന്ന് വാങ്ങിയതാണ് കൊട്ടക്കമ്പൂരിലെ ഭൂമി. 2000ല്‍ ഈ ഭൂമിക്ക് പട്ടയം ലഭിക്കാന്‍ ദേവികുളത്ത് അപേക്ഷ സമര്‍പ്പിക്കുകയും 2001ല്‍ പട്ടയം ലഭിക്കുകയും ചെയ്തു.

ഈ ഭൂമിയാണ് 2005ല്‍ ജോയ്സ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പിതാവ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി വില്‍പ്പനടത്തിയ എട്ട് പേരില്‍ ജീവിച്ചിരിപ്പുള്ള ഏഴ് പേരുടെയും രഹസ്യ മൊഴി ദേവികുളം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.

പണം വാങ്ങിയാണ് ഭൂമി വില്‍പന നടത്തിയതെന്നും ഇടപാടുമായി ബന്ധപ്പെട്ട് പരാതികളില്ലെന്നുമാണ് മൊഴി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭൂമി വില്‍പന നടത്തിയവരുടെ വിരലടയാളത്തിന്റെ ഫോറന്‍സിക് പരിശോധനാഫലം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഹൈക്കോടതില്‍ 2015ല്‍ വന്ന കേസിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തടക്കം, ഒരു ഐപിഎസ് ഉദ്യോഗസ്ഥനും ആറ് ഡിവൈഎസ്പിമാരും അന്വേഷിച്ചെങ്കിലും കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ ജോയ്സ് ജോര്‍ജ് കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ മാസം പത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാാന്‍ ഹൈക്കോടതി നിര്‍ദശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News