സുരാജിന്‍റെ എന്‍റെ ശിവനെ ഗാനം വൈറലായി

ആലങ്ങാട്ട്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി നന്ദകുമാർ നിർമ്മിച്ച്‌ സുരാജ്‌ വെഞ്ഞാറമ്മൂട്‌ നായകനാകുന്ന ജീൻ മാർക്കോസ്‌ ചിത്രമാണു കുട്ടൻപിള്ളയുടെ ശിവരാത്രി. ദുബായ്‌ എ.ആർ.എൻ റേഡിയോ നെറ്റ് വർക്കിൽ ആർ.ജെ ആയ ജീനിന്റെ ആദ്യ ചിത്രം 2014 ൽ ഇന്ദ്രജി‌ത്തിനെ‌ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത എയ്ഞ്ചൽസാണു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ 26 കാരന്റെ വേഷം ചെയ്ത്‌ പ്രശംസ നേടിയ‌ സുരാജ്‌ കുട്ടൻപിള്ളയുടെ ശിവരാത്രിയിൽ 58 വയസ്സുള്ള പോലീസ്‌ കോൺസ്റ്റബിളായാണു അഭിനയിക്കുന്നത്‌. കുട്ടൻപിള്ളയുടെ പ്ലാച്ചോട്ടിൽ തറവാടും നാട്ടിലെ ശിവക്ഷേത്രവും ഉത്സവം കൂടാൻ വീട്ടിലെത്തുന്ന ബന്ധുക്കളും അനുബന്ധ സംഭവങ്ങളുമൊക്കെയാണു സിനിമയിൽ രസകരമായി ചിത്രീകരിച്ചിരിക്കുന്നത്‌.

ഉപ്പും മുളകും ഫെയ്ം ബിജു സോപാനം, ശ്രിന്ദ, ശ്രീകാന്ത്‌ മുരളി, ജെയിംസ്‌ ഏലിയാസ്‌, മിധുൻ രമേശ്‌, കൊച്ചുപ്രേമൻ തുടങ്ങിയവർക്കൊപ്പം അനേകം പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.ജോസ്‌ലറ്റ്‌ ജോസഫും ജീൻ മാർക്കോസും ചേർന്നാണു ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്‌.

ഫാസിൽ നാസർ ഛായാഗ്രഹണവും ഷിബിഷ്‌ കെ ചന്ദ്രൻ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഗായിക സയനോര ഫിലിപ്പ്‌ ആദ്യമായ്‌ സംഗീത സംവിധാനരംഗത്തേക്ക്‌ ചുവട്‌ വെക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. പശ്ചാത്തല സംഗീതം ഒരുക്കുന്നതും‌ സയനോര തന്നെ. സന്നിധാനന്ദൻ, ആർ.ജെ നിമ്മി, ജോബ്‌ കുര്യൻ, പ്രാർത്ഥന ഇന്ദ്രജിത്ത്‌ എന്നിവർക്കൊപ്പം സുരാജ്‌ വെഞ്ഞാറമ്മൂടും ഒരു ഗാനം ആലപിച്ച്‌ പിന്നണി ഗായകനായ്‌ അരങ്ങേറ്റം കുറിക്കുന്നു. കവി അൻവർ അലിയാണു ഗാനരചന‌.

ചിത്രത്തിലെ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്‌ രാജശേഖർ. വസ്ത്രാലങ്കാരം നിസാർ റഹ്മത്തും‌ മേക്കപ്പ്‌ മനോജ്‌ അങ്കമാലിയും ശബ്ദമിശ്രണം രംഗനാഥ്‌ രവിയും നിർവ്വഹിച്ചിരിക്കുന്നു.

വിവിധ മേഖലയിലായ്‌ 96 പുതുമുഖങ്ങളെ മലയാള സിനിമക്ക്‌ സമ്മാനിക്കുന്നു കുട്ടൻപിള്ളയുടെ ശിവരാത്രി. 5 മുതൽ 85വയസ്സുവരെയുള്ള കഥാപാത്രങ്ങൾക്കായ് കൊച്ചിയിലും ദുബായിലുമായ്‌ നടത്തിയ ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ടവരാണു ഏറെയും. ‌കോമഡിയും ഫാന്റസിയും ഇടകലർന്ന ഈ കുടുംബ ചിത്രം ‌ സ്കൂൾ അവധിക്കാലം ലക്ഷ്യം വെച്ച് മാർച്ച്‌ അവസാനത്തോടെ തിയേറ്ററുകളിലെത്തും.

ലാലേട്ടൻ ലോഞ്ച് ചെയ്ത് സുരാജ് വെഞ്ഞാറമ്മൂട് ആദ്യമായി പാടിയ ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലെ “എൻ്റെ ശിവനേ…” എന്ന ഗാനം ഇതാ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here