36 വര്‍ഷങ്ങള്‍; അഞ്ഞൂറിലധികം വേഷങ്ങള്‍; എന്നും വിസ്മയിപ്പിച്ച ഇന്ദ്രന്‍സ്; ആ ജിവിതവും അഭിനയവും ഇങ്ങനെ

പ്രതിഭയ്‌ക്കൊപ്പം വിനയവും അലങ്കാരമായ നടന്‍. പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് താനെന്ന് അഭിനയമുഹൂര്‍ത്തങ്ങളിലൂടെ ഒട്ടേറെത്തവണ കാട്ടിത്തന്നിട്ടുണ്ട് ഇന്ദ്രന്‍സ്. മെലിഞ്ഞൊട്ടിയ ശരീരവുമായി കടന്നുവന്നപ്പോള്‍ മുതല്‍ മലയാളി വിസ്മയത്തോടെ നോക്കിക്കണ്ട കലാകാരനാണ് ഇന്ദ്രന്‍സ്. മണ്‍റോ തുരുത്തടക്കം നിരവധി ചിത്രങ്ങളിലൂടെ മികച്ച നടനുള്ള പുരസ്‌കാര നേട്ടത്തിനടുത്തെത്തിയിട്ടുണ്ട് അദ്ദേഹം.

അഭിനയ ജീവിതത്തിന്റെ 36ാം വര്‍ഷത്തില്‍ മികച്ച നടനുളള അംഗീകാരം തേടിയെത്തുമ്പോള്‍ അത് വൈകിയെത്തിയ അംഗീകാരമാണെങ്കിലും ആരോടും പരാതിയും പരിഭവവുമില്ലാതെ ആ വലിയ കലാകാരന്‍ അത് ഹൃദയപൂര്‍വ്വം സ്വീകരിക്കുകയാണ്.

36 വര്‍ഷങ്ങള്‍ അഞ്ഞൂറിലധികം ചിത്രങ്ങള്‍. സാധാരണക്കാരനിലും സാധാരണക്കാരനായി തുടങ്ങിയ നാളിലേ അതേ എളിമ ഇന്നും കാത്തു സൂക്ഷിക്കുകയാണ്.

കോമഡി മാത്രമല്ല എല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച മലയാളികളുടെ പ്രിയ നടന്‍. ഇപ്പറയുന്നതൊന്നും ഇന്ദ്രന്‍സിനെ സംബന്ധിച്ചിടത്തോളം ഒട്ടും അതിശയോക്തിയാവില്ല. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഈ മനുഷ്യന്‍ മലയാളിയുടെ ഹൃദയത്തില്‍ ഒരിടം സ്വന്തമാക്കിയിട്ടു മൂന്നര പതിറ്റാണ്ടിലേറെയായി. നിറം പിടിപ്പിക്കാത്ത ജീവിതമാണ് ഇന്ദ്രന്‍സിന്റേത്.

സൗന്ദര്യത്തിനും ആകാരഭംഗിക്കുമപ്പുറത്ത് അഭിനയത്തിന് നല്‍കിയ പുരസ്‌കാരമാണ് ഇത്തവണത്തേത്. ഇന്ദ്രന്‍സിനെ സംമ്പന്ദിച്ചിടത്തോളം വൈകിയെത്തിയ അംഗീകാരമാണ് ഇത്. ആളൊരുക്കത്തില്‍ പപ്പുവാശാന്‍ എന്ന ഓട്ടന്‍തുള്ളല്‍ കലാകാരനെ ഇത്രയേറെ പൂര്‍ണതയിലെത്തിക്കാന്‍ മറ്റൊരാള്‍ക്കും കഴിയുമായിരുന്നില്ല.

അഭിനയ ജീവിതത്തിന്റെ 36 വര്‍ഷത്തിലെത്തിനില്‍ക്കുമ്പോളാണ് ഇന്ദ്രന്‍സിനെ തേടി മികച്ച നടനുള്ള പുരസ്‌കാരമെത്തുന്നത്. അവാര്‍ഡിനര്‍ഹമായ ആളൊരുക്കത്തില്‍ പപ്പുവാശാന്‍ എന്ന ഓട്ടന്‍തുള്ളല്‍ കലാകാരനിലൂടെ അഭിനയത്തിന്റെ അത്ഭുതഭാവങ്ങളാണ് ഒരിക്കല്‍ കൂടി ഇന്ദ്രന്‍സ് പകര്‍ന്നാടിയത്.

കാലം കടക്കുന്തോറും മാധുര്യമേറുന്ന പ്രണയത്തിന്റെ കുസൃതിയാണ് പപ്പുവാശാന്‍ കാട്ടിതന്നത്. ഇന്ദ്രന്‍സിന്റെ തീര്‍ത്തും വേറിട്ട കഥാപാത്രമാണു ആളൊരുക്കത്തില്‍ കാണാനാകുക. ആ ഒറ്റ ചിത്രത്തിനായി ഏറെ കഷ്ടപ്പാടുകളാണ സഹിച്ചതെന്ന് ഇന്ദ്രന്‍സ് തന്നെ പറയുന്നു. കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരന്മാരാണ് ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്.

വൈകിയ വേളയില്‍ തേടിയെത്തിയ പുരസ്‌കാരത്തോടുള്ള പ്രതികരണം പോരാട്ടത്തിന് പ്രായമാകുന്നില്ലെന്ന് അടിവരയിടുന്നതാണ്. ഞാന്‍ തുടങ്ങിയിട്ടേയുള്ളു എന്ന രണ്ട് വാക്കുകളില്‍ അത്രമേല്‍ ആത്മവിശ്വാസം ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News