തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാനമന്ത്രിമാരുടെയും ഹൃദയം കവര്‍ന്ന് മന്ത്രി എകെ ബാലന്റെ അഡീഷണല്‍ പിഎയുടെ മക്കള്‍.

മന്ത്രി എംഎം മണി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ ഈ മിടുക്കന്‍മാര്‍ നടത്തിയ പ്രകടനത്തെക്കുറിച്ച് മന്ത്രി തോമസ് ഐസക്ക് പറയുന്നത് ഇങ്ങനെ:

”ഇന്ന് മണിയാശാന്റെ വക അത്താഴ ഭക്ഷണമുണ്ടായിരുന്നു. കുടുംബസമേതമെത്തിയ മുഖ്യമന്ത്രി മുതല്‍ എല്ലാ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ഹൃദയം കവര്‍ന്നത് രണ്ടു സഹോദരങ്ങള്‍ അവതരിപ്പിച്ച സംഗീതപരിപാടിയാണ്.

തിരുവനന്തപുരം എസ്എംവി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ദേവജിത്തും ബ്രഹ്മദത്തും. സംഗീത കോളജിലെ വിദ്യാര്‍ത്ഥിയായ രാഹുലാണ് പരിപാടിയ്ക്ക് വയലിന്‍ വായിച്ചത്. മൃദംഗം ചേര്‍ത്തല ജയദേവന്‍.

സഖാവ് എ കെ ബാലന്റെ അഡീഷണല്‍ പിഎ ആയ ഒ എസ് ജയന്റെയും ചെട്ടിവിളാകം പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ ഹെല്‍ത്ത് നെഴ്‌സ് ലേഖയുടെയും മക്കളാണ് ഇരുവരും. ഒരാള്‍ ഒമ്പതിലും ഒരാള്‍ എട്ടിലും. എസ്എഫ്‌ഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു ജയന്‍.

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനത്തിനും ശാസ്ത്രീയസംഗീതത്തിനുമൊക്കെ സ്ഥിരം ജേതാക്കളാണ് ഈ മിടുക്കന്മാര്‍. രണ്ടുപേര്‍ക്കും കര്‍ണാടക സംഗീതത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പുണ്ട്. സ്വാതിതിരുനാള്‍ സംഗീത കോളജിലെ അധ്യാപകരായിരുന്ന ജി. വിജയനും ആലപ്പുഴ ശ്രീകുമാറുമാണ് ഗുരുക്കള്‍.

കുട്ടികള്‍ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു.”