തിരുവനന്തപുരം: മുപ്പത്തഞ്ച് വര്‍ഷത്തെ അഭിനയജീവിതത്തിന് ലഭിച്ച അംഗീകാരമായിരുന്നു ഇന്ദ്രന്‍സിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്.

പുരസ്‌കാരകത്തിന്റെ നിറവില്‍ നില്‍ക്കുമ്പോഴും അവാര്‍ഡിനായി താന്‍ ഒരുപാട് കൊതിച്ചിരുന്നുവെന്ന് ഇന്ദ്രന്‍സ് തുറന്ന് പറയുന്നു. ഓരോ സിനിമയും പുതിയ അനുഭവമാണെന്നും സിനിമയില്‍ താന്‍ തുടങ്ങിയിട്ടേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

തയ്യല്‍ക്കാരനായി ജീവിതം തുന്നിപ്പിടിപ്പിച്ച് തുടങ്ങിയ സുരേന്ദ്രന്‍ എന്ന ഇന്ദ്രന്‍സ് സിനിമാലോകത്തേക്ക് വരുന്നത് വസ്ത്രാലങ്കാരത്തിലുടെയാണ്. 1981ല്‍ പുറത്തിറങ്ങിയ ചാതാട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നടനായുള്ള അരങ്ങേറ്റം.

അദ്ദേഹത്തിന്റെ നീണ്ട മുപ്പത്തിയഞ്ച് വര്‍ഷത്തെ അഭിനയജീവിതത്തിന് ലഭിച്ച അംഗികാരമായിരുന്നു ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരം. അംഗീകാരത്തെ നിറമനസോടെ സ്വീകരിക്കുമ്പോള്‍തന്നെ അവാര്‍ഡിനായി താന്‍ ഒരുപാട് കൊതിച്ചിരുന്നുവെന്നും ഇന്ദ്രന്‍സ് തുറന്ന് പറയുന്നു.

ഓരോ സിനിമയും പുതിയ അനുഭവമാണെന്നും സിനിമയില്‍ താന്‍ തുടങ്ങിയിട്ടേയുള്ളുവെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

അല്‍പ്പം വൈകിയാണെങ്കിലും ഇന്ദ്രന്‍സിനെ തേടിയെത്തിയ അംഗീകാരം തിരുവനന്തപുരത്തെ കളിവിടിനെ ആവേശത്തിലാഴ്ത്തി.

മാധ്യമപ്രവര്‍ത്തകനായ വിസി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പു ആശാനെ അഭ്രപാളിയില്‍ തന്മയത്ത്വത്തോടെ ആടിതിമിര്‍ത്താണ് ഇന്ദ്രന്‍സ് പുരസ്‌കാരം സ്വന്തമാക്കിയത്.

പുരസ്‌കാരനിറവില്‍ നില്‍ക്കുമ്പോഴും സ്വന്തം തയ്യല്‍കടയെ ഇന്നും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നുവെന്നത് സുരേന്ദ്രന്‍ എന്ന ഇന്ദ്രന്‍സിനെ വ്യത്യസ്തനാക്കുകയാണ്. അവസാനം അര്‍ഹിക്കുന്ന കരങ്ങളിലേക്ക് അംഗീകാരം എത്തി എന്നതില്‍ കലാലോകത്തെിന് അഭിമാനിക്കാം.