മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല; പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍

മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാനുളള സര്‍ക്കാരിന്‍റെ തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മെയ് ഒന്നുമുതല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി.

സംസ്ഥാനതല യോഗത്തിന്‍റെ തുടര്‍ച്ചയായി മെയ് ഒന്നിനു മുമ്പ് എല്ലാ ജില്ലയിലും കലക്ടര്‍മാര്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതാണ്. യോഗത്തില്‍ തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണനും പങ്കെടുത്തു. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോള്‍ തന്നെ, യന്ത്രവല്‍ക്കരണത്തിന്‍റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ ആലോചിക്കും.

പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികള്‍ വരുമ്പോഴും അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കഴിയുന്നത്ര തൊഴില്‍ ലഭിക്കണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തൊഴിലാളി സംഘടനകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച് വ്യവസായികള്‍ക്കും പരാതിയില്ല. എന്നാല്‍ കേരളത്തെക്കുറിച്ചുളള പൊതു പ്രതിച്ഛായ ഇതല്ല. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ് കേരളത്തിന്‍റെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്.

ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തില്‍ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീര്‍ത്തും അവസാനിപ്പിക്കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. എല്ലാ തൊഴിലാളി സംഘടനകളും ഇക്കാര്യത്തില്‍ സഹകരിക്കണം. കൂട്ടായ ശ്രമത്തിന് ഫലമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആനത്തലവട്ടം ആനന്ദന്‍, കെ. ചന്ദ്രന്‍പിളള (സി.ഐ.ടി.യു), ആര്‍. ചന്ദ്രശേഖരന്‍, വര്‍ക്കല കഹാര്‍ (ഐ.എന്‍.ടി.യു.സി), കെ.എസ്. ഇന്ദുശേഖരന്‍ നായര്‍ (എ.ഐ.ടി.യു.സി), ജി. മാഹിന്‍ അബൂബക്കര്‍ (എസ്.ടി.യു), ജി. സുഗുണന്‍ (എച്ച്.എം.എസ്), ജി.കെ. അജിത്, ശിവജി സുദര്‍ശന്‍ (ബി.എം.എസ്) ഏഴുകോണ്‍ സത്യന്‍ (കെ.ടി.യു.സി-ജെ), വിനോഭ താഹ (യു.ടി.യു.സി), സോണിയ (സേവ), ലേബര്‍ കമ്മീഷണര്‍ എ. അലക്സാണ്ടര്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ സംസാരിച്ച എല്ലാ സംഘടനാ നേതാക്കളും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News