ദയാവധത്തിന് ഉപാധികളോടെ അനുമതി; ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായാല്‍ ദയാവധം സ്വീകരിക്കാമെന്ന് സുപ്രീംകോടതി; മാന്യമായ മരണം പൗരന്റെ അവകാശം

ദില്ലി: ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി.

13 വര്‍ഷത്തോളം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് ഉപാധികളോടെ ദയാവധം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി.

മാന്യമായി ജീവിക്കാനുള്ള അവകാശം പോലെ തന്നെ മാന്യമായി മരിക്കാനും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മരണസമ്മതപത്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കോമണ്‍കോസ് എന്ന സംഘടന സുപ്രീംകോടതിയ സമീപിച്ചത്.

വ്യക്തമായ മാര്‍ഗരേഖയും സുപ്രീംകോടതി നിര്‍ദേശിച്ചു. ആരോഗ്യവാനായിരിക്കുമ്പോള്‍ മരണസമ്മതപത്രം നല്‍കുന്നവര്‍ക്ക് മാത്രമേ ദയാവധത്തിന് അനുമതി ലഭിക്കു.

മരണസമ്മതപത്രം നല്‍കിയിട്ടുള്ളവര്‍ രോഗം ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെങ്കില്‍ അയാളുടെ അടുത്ത ബന്ധു ഹൈക്കോടതിയെ സമീപിക്കണം.

പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരം ജില്ലാ മജിസട്രേറ്റ് രൂപം നല്‍കുന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ദയാവധം അനുവദിക്കുക എന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്.

മരുന്നുകള്‍ കുത്തിവെക്കുന്നതിന് പകരം ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ടുള്ള ദയാവധം മാത്രമേ നടത്താവു എന്നും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. അന്തസോടെ ജീവിക്കാനുള്ള അവകാശം പോലെ അന്തസോടെ മരിക്കാനുമുള്ള അവകാശമുണ്ടെന്നായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചത്.

എന്നാല്‍ ദയാവധത്തിന് അനുമതി നല്‍കിയാല്‍ ദുരുപയോഗം ചെയ്യാപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ഇതിനെ എതിര്‍ത്തു. കേന്ദ്രത്തിന്റെ വാദങ്ങള്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ ചരിത്ര വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News