ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍; പദ്ധതിയുമായി മുന്നോട്ടു പോകും; പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ നിലപാട് മാറ്റം

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്തെ ലൈറ്റ് മെട്രോകള്‍ പ്രാരംഭ പ്രവൃത്തികള്‍ പോലും തുടരാതെ അനിശ്ചിതമായി നീട്ടിയത് വഴി ഡിഎംആര്‍സിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായി ഇ. ശ്രീധരന്‍ പറയുന്നതില്‍ കഴമ്പില്ല. പ്രാരംഭ ജോലികള്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും കരാര്‍ ഒപ്പിട്ടില്ല എന്ന ആരോപണവും ശരിയല്ല.

ലൈറ്റ് മെട്രോ പദ്ധതികളുടെ ചെലവ് കണക്കാക്കിയിരുന്നത് ഏകദേശം 7000 കോടിയോളം രൂപയാണ്. കേന്ദ്രം സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെ ഇത്രയധികം തുക ചെലവ് വരുന്ന പദ്ധതി ഒറ്റയ്ക്ക് നടപ്പാക്കാന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് കഴിയില്ല.

കേന്ദ്ര സഹായം ലഭ്യമാകും എന്ന ഉറപ്പിലാണ് സംസ്ഥാനം ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും മെട്രോ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥനുമായ ഇ. ശ്രീധരനെയും അദ്ദേഹം മേല്‍നോട്ടം വഹിക്കുന്ന ഡിഎംആര്‍സിയെയും സര്‍ക്കാര്‍ സമീപിച്ചത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടയ്ക്ക് മെട്രോ പദ്ധതികളുടെ നയത്തില്‍ മാറ്റം വരുത്തുകയുണ്ടായി. ഇതനുസരിച്ച് സംസ്ഥാനങ്ങളിലെ മെട്രോ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിവരുന്നത് പുതിയ നയപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി.

അതേസമയം, സംസ്ഥാന സര്‍ക്കാരിന് ലൈറ്റ് മെട്രോ പദ്ധതിയുടെ സാമ്പത്തിക ചെലവ് ഒറ്റയ്ക്ക് വഹിക്കാന്‍ കഴിയില്ലെങ്കിലും കേന്ദ്ര സഹായം ഇല്ലാത്ത സ്ഥിതിക്ക് പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ട് പോകാം എന്നത് സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ചു വരുകയാണ്.

ഇതിനായി ധനകാര്യ വകുപ്പ് സെക്രട്ടറി അധ്യക്ഷനായി ഒരു കമ്മിറ്റി രൂപികരിച്ചു പരിശോധിച്ചു വരുകയാണ്. പദ്ധതി അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല എന്നതാണ് ഇതില്‍ നിന്നും മനസ്സിലാകുന്ന വസ്തുത. എന്നാല്‍ ഇതിനു വിരുദ്ധമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി നല്‍കുന്നത്.

1സംസ്ഥാനത്ത് രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ പ്രതിമാസം 16 ലക്ഷം രൂപവീതം ചെലവുണ്ടെന്നും കൊച്ചിയില്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ. ശ്രീധരന്‍ പറയുകയുണ്ടായി. എന്നാല്‍ ഈ ബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ല.

ശ്രീധരന്‍ പദ്ധതി നടപ്പില്‍ വരുത്തുവാന്‍ നല്ല രീതിയില്‍ ശ്രമിക്കുന്ന ആളുമാണ്. പദ്ധതിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ശ്രീധരന്‍ സര്‍ക്കാരിന് കത്ത് അയച്ചിരുന്നു. അതിനു മറുപടിയും നല്‍കിയിരുന്നു. വിശദമായ പദ്ധതി രൂപരേഖ സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ മീറ്റിങ്ങ് ചേരുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ DMRCയ്ക്ക് കത്തയച്ചിരുന്നു.

ശ്രീധരനു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള തീയതിയും സമയവും പിന്നാലെ അറിയിക്കാം എന്നും വ്യക്തമാക്കിയിരുന്നു.
ശ്രീധരന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ ഒരു തടസ്സവും ഇല്ല. അനുമതി നല്‍കിയില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തെങ്കിലും തെറ്റിദ്ധാരണയില്‍ നിന്നാകാം. ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതുമാകാം. സര്‍ക്കാറിനോട് പരിഭവമില്ല എന്ന് ശ്രീധരന്‍ തന്നെ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ DMRC യുടെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം ഡല്‍ഹിയില്‍ നിന്നും ഇവിടെ ഡെപ്യുട്ടേഷനില്‍ വന്നിട്ടുണ്ട് . ഇവിടെ തുടരുന്നതില്‍ ഇവര്‍ക്ക് മറ്റു ചില താല്പര്യങ്ങള്‍ ഉണ്ട്. അവരാണ് മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്താന്‍ ചുക്കാന്‍ പിടിക്കുന്നത്

അതേസമയം ,ലൈറ്റ് മെട്രോ ഇതുവരെ ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാത്ത പദ്ധതിയാണ്. കൊച്ചി മെട്രോ തന്നെ പ്രതിദിനം 18 ലക്ഷത്തോളം രൂപ നഷ്ടത്തിലാണ് മുന്നോട്ടു പോകുന്നത്

ഈ സാഹചര്യത്തില്‍ കേന്ദ്ര സഹായം ഇല്ലാതെ ഇത്രയധികം ചെലവ് വരുന്ന ഒരു പദ്ധതി സംസ്ഥാന സര്‍ക്കാരിന് അത്രവേഗത്തില്‍ തുടര്‍ ആലോചനകള്‍ ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ ആകില്ല. പദ്ധതി നടപ്പിലാക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News