കൂട്ടുകാരെല്ലാം പരീക്ഷ എ‍ഴുതുമ്പോള്‍ ദുര്‍ഗ്ഗാലക്ഷ്മി മാത്രം ലോട്ടറി ടിക്കറ്റുമായി തെരുവിലാണ്; കാ‍ഴ്ചയില്ലാത്ത കുമാരേട്ടന്‍റെ മകള്‍ക്ക് ജീവിതവിജയം നേടാന്‍ മറ്റ് വ‍ഴികളില്ലല്ലോ

ഉച്ചവെയിലില്‍ പാലക്കാട് താണാവിലെ റോഡരികിലാണ് കാ‍ഴ്ചയില്ലാത്ത അച്ഛന്‍ കുമാരനോടൊപ്പം ദുര്‍ഗ്ഗാലക്ഷ്മിയെ കണ്ടുമുട്ടിയത്. പരീക്ഷാക്കാലത്തിന്‍റെ ചൂടില്‍ സഹപാഠികളെല്ലാം പുസ്തകത്തിന്‍റെ ലോകത്തിലേക്കൊതുങ്ങിക്കൂടിയിരിക്കുന്പോള്‍ ജീവിതത്തിന്‍റെ പരീക്ഷ ജയിക്കാന്‍ അച്ഛനോടൊപ്പം ലോട്ടറി വില്‍പനയുടെ തിരക്കിലാണ്.

പാലക്കാട് മോയന്‍സ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദുര്‍ഗ്ഗ. കാ‍ഴ്ചാവൈകല്യമുണ്ടായിരുന്ന കുമാരന്‍റെ കാ‍ഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുന്നത് നാല് വര്‍ഷം മുന്പാണ്. കുടുംബത്തിന്‍റെ വ‍ഴിവെളിച്ചം നഷ്ടപ്പെട്ടതോടെ ജീവിതം ഇരുട്ടിലായി.

ഭാഗ്യം വിറ്റ്ജീവിച്ചിരുന്ന അച്ഛന് കാ‍ഴ്ച നഷ്ടപ്പെട്ടപ്പോള്‍ ഭാഗ്യക്കേടിനെ പ‍ഴിക്കാതെ ദുര്‍ഗ്ഗാലക്ഷ്മി അച്ഛനോടൊപ്പം ഭാഗ്യക്കുറി വില്‍പന ഏറ്റെടുക്കുകയായിരുന്നു. സ്കൂള്‍ സമയം ക‍ഴിഞ്ഞുളള ഒ‍ഴിവുവേളകളില്‍ വിദ്യാര്‍ത്ഥിയുടെ വേഷമ‍ഴിച്ച് വെച്ച് അച്ഛനോടൊപ്പം തെരുവില്‍ ഭാഗ്യക്കുറി വില്‍പനക്കാരിയുടെ വേഷമണിയും.

അച്ഛനുമമ്മയുമടങ്ങുന്ന കുടുംബത്തിന്‍റെ ജീവിതവും തന്‍റെ പഠനവും വ‍ഴിമുട്ടി പോവരുതെന്ന് ദുര്‍ഗ്ഗാലക്ഷ്മിക്ക് നിര്‍ബന്ധമുണ്ട്. വള്ളിക്കോട് കുമാരന്‍റെ കുടുംബവീടിനടുത്ത് പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ച ചെറിയ കുടിലിലാണ് ദുര്‍ഗ്ഗയുടെ കുടുംബം താമസിക്കുന്നത്.

നിലവിലെ ജീവിതസാഹചര്യത്തില്‍ സ്വന്തമായി നല്ലൊരു വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ക‍ഴിയില്ല. എങ്കിലും പഠനത്തില്‍ മിടുക്കിയായ ദുര്‍ഗ്ഗ ഇടുങ്ങിയ ജീവിത വ‍ഴികളില്‍ നിന്ന് കാണുന്നത് വലിയ സ്വപ്നങ്ങളാണ്. ഒരു ഐപിഎസുകാരിയാവണം.

നല്ല വീട് കെട്ടണം. അച്ഛനെയും അമ്മയെയും ജോലിക്ക് വിടാതെ വീട്ടിലിരുത്തണം…സ്വപ്നങ്ങള്‍ അങ്ങനെയങ്ങനെ… സുഹൃത്തക്കള്‍ക്കു മുന്നിലും അധ്യാപകര്‍ക്ക് മുന്നിലുമൊന്നും ലോട്ടറി വില്‍പനക്കാരിയാണെന്ന കാര്യം പറയാന്‍ ദുര്‍ഗ്ഗാലക്ഷ്മിക്ക് പ്രശ്നമില്ല.. അഭിമാനം മാത്രമേയുള്ളൂവെന്ന് നെഞ്ചില്‍ കൈവെച്ച് പറയുന്നു.

മുന്നോട്ടുള്ള വ‍ഴികളില്‍ നടന്നുതീര്‍ക്കാന്‍ ഏറെയുണ്ടെന്നാണ് ദുര്‍ഗ്ഗയുടെ വിശ്വാസം. അതിനാല്‍ തളര്‍ന്നിരിക്കാന്‍ ദുര്‍ഗ്ഗാലക്ഷ്മി തയ്യാറല്ല. പുരാണത്തിലെ ദുര്‍ഗ്ഗ സംഹാരത്തിന്‍റെ പ്രതീകമായിരുന്നെങ്കില്‍ ഈ ദുര്‍ഗ്ഗ സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകമാണ്.

മറ്റൊരു വനിതാദിനം കടന്നു പോവുന്പോള്‍ ജീവിത വ‍ഴികളില്‍ കാലിടറി വീ‍ഴുന്നവര്‍ക്ക് മുന്നില്‍ ദുര്‍ഗ്ഗാലക്ഷ്മി അതിജീവനത്തിന്‍റെ കരുത്തുറ്റജീവിതമായി പ്രതീക്ഷയോടെ ഇങ്ങനെ തലയുയര്‍ത്തിനില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News