പൊതു നിരത്തില്‍ തട്ടം വലിച്ചെറിഞ്ഞ് സ്ത്രീകള്‍; അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു

പൊതുനിരത്തില്‍ തട്ടം വലിച്ചെറിഞ്ഞ് ഇറാനില്‍ സ്ത്രീകളുടെ പ്രതിഷേധം. തട്ടമിടാതെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീയെ രണ്ട് വര്‍ഷത്തേക്ക് ജയിലിലടച്ച ഇസ്ലാമിക സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ ചരിത്ര പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. സ്ത്രീ പുരുഷ ഭേദമന്യേ അറസ്റ്റിനെതിരെ വന്‍ ജനരോഷമാണ് രാജ്യത്തുയരുന്നത്.

നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ സ്ത്രീകള്‍ ഇറാനില്‍ പലനിലകളിലുള്ള പ്രതിഷേധം നടത്തി വരികയാണ്. ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ 30 ഓളം സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ പലരും ഇപ്പോ‍ഴും വിചാരണ നേരിടുകയാണ്.

രണ്ട് മാസം തടവും പിഴയുമാണ് ഇറാനില്‍ ഹിജാബ് ധരിക്കാത്തവര്‍ക്കുള്ള ശിക്ഷ. വിശ്വാസികളും അവിശ്വാസികളും അമുസ്ലിങ്ങളും ഹിജാബ് ധരിക്കാന്‍ ഇവിടെ നിര്‍ബന്ധിതരാണ്. നിര്‍ബന്ധിത ഹിജാബിനെതിരേ ഒട്ടേറെ പ്രമുഖ സ്ത്രീകളും ഇറാനില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഹിജാബ് ധരിക്കുന്നത് നിയമപരമായി നിര്‍ബന്ധമാക്കിയ രണ്ട് രാജ്യങ്ങളിലൊന്നാണ് ഇറാന്‍. മറ്റേത് സൗദി അറേബ്യയാണ്. 1930ല്‍ ഹിജാബ് നിരോധിച്ച രാജ്യമായിരുന്നു ഇറാന്‍. മതവാദികള്‍ക്ക് മുന്‍തൂക്കം ലഭിച്ചതോടെ 1979മുതലാണ് ഇറാനില്‍ ഹിജാബ് നിര്‍ബന്ധമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News