ലോകകപ്പ് ഫുട്ബോള്‍ പ്രതിസന്ധിയിലേക്കോ; ലോകകപ്പ് ബഹിഷ്കരിച്ചേക്കുമെന്ന് ഇംഗ്ലണ്ട്; ആശങ്കയോടെ കായിക ലോകം

ജൂണിൽ റഷ്യയിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് വിട്ടുനിൽക്കാനാണ് സാധ്യതയെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. റഷ്യാക്കാരനായ ഇരട്ടച്ചാരന്‍ സെര്‍ജി സ്ക്രീപലിനെയും മകള്‍ യൂലിയനെയും മാരക രാസവസ്തു ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടർന്നാണ് ബഹിഷ്കരണ ഭീഷണി. ലണ്ടനിലെ വിൽഷെറിലെ സാലിസ്ബറിയുള്ള ഒരു പാർക്ക് ബെഞ്ചിലാണ് സ്ക്രീപലിനെയും മകളെയും അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.

റഷ്യന്‍ ചാരന്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എം ഐ6ന് ഒരു ലക്ഷം ഡോളറിന് ഒറ്റുകൊടുത്തതിന് 2006ല്‍ റഷ്യ 13 വര്‍ഷത്തേക്ക് ജയിലിലടച്ച മുന്‍ മിലറ്ററി ഇന്‍റലിജന്‍സ് ഓഫീസറാണ് സെര്‍ജി സ്ക്രിപല്‍.

ചാരപ്പണിക്ക് എഫ് ബി ഐ അറസ്റ്റ് ചെയ്ത അന്ന ചാപ്മന്‍ ഉള്‍പ്പെടെയുള്ള പത്ത് റഷ്യാക്കാര്‍ക്ക് പകരമായി സ്ക്രീപല്‍ അടക്കം നാല് പേരെ പിന്നീട് 2010 ജൂലൈയില്‍ റഷ്യ വിയന്ന വിമാനത്താവളത്തില്‍ കൈമാറിയിരുന്നു. തുടര്‍ന്ന് സ്ക്രീപലിന് ബ്രിട്ടന്‍ രാഷ്ട്രീയ അഭയം നല്‍കുകയായിരുന്നു. റഷ്യയുടെ ആണവരഹസ്യങ്ങള്‍ ബ്രിട്ടന് കൈമാറിയതും സ്ക്രീപലായിരുന്നു.

ഇരട്ടച്ചാരനെങ്കിലും തങ്ങള്‍ അഭയം നല്‍കിയ മുന്‍ ഇന്‍റലിജന്‍സ് ഓഫീസറെ റഷ്യന്‍ ഭരണ നേതൃത്വം അറിഞ്ഞുകൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ ആരോപണം. ചാരനായിരുന്ന അലക്സാണ്ടര്‍ ലിത്വിനെങ്കോയെ പ്രസിഡന്‍റ് പുടിന്‍റെ സമ്മതത്തോടെ റേഡിയോ ആക്ടീവ് രാസവസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയത് മറക്കരുതെന്നും വിദേശകാര്യ സെക്രട്ടറി പറയുന്നു.

ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കുന്ന ഭരണാധികാരികളുള്ള നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത് തെറ്റായ നടപടിയാണെന്നും ബോറിസ് ജോൺസൺ പറയുന്നു. റഷ്യയ്ക്കെതിരെ കൂടുതല്‍ ഉിപരോധം ഏര്‍പ്പെടുത്തണമെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു.

കായികരംഗത്തേക്ക് രാഷ്ട്രീയം കലര്‍ത്തുന്ന ബോറിസ് ജോൺസന്‍റെ നടപടിക്കെതിരെ മുന്‍ താരങ്ങളും ഏതാനും പാര്‍ലമെന്‍റ് അംഗങ്ങളും രംഗത്തെത്തി. വിദേശകാര്യ സെക്രട്ടറി ഉപകാരമില്ലാത്ത വിഡ്ഢിയാണെന്ന് മുന്‍ താരം ഗാരി നെവില്‍ പറഞ്ഞു.

ലോകകപ്പ് ബഹിഷ്കരിച്ചാല്‍ ടൂറിസം രംഗത്തും ബിസിനസ് രംഗത്തും ഇംഗ്ലണ്ടിന് വന്‍തിരിച്ചടി നേരിടേണ്ടി വരുമെന്ന് ലേബര്‍ പാര്‍ട്ടി എം പി ടോബി പെർകിന്‍സ് മുന്നറിയിപ്പ് നല്‍കി. വിദേശകാര്യ സെക്രട്ടറിയുടെ ബഹിഷ്കരണ ഭീഷണിയെക്കുറിച്ച് ലേബര്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമാണ്. സ്ക്രീപലീനെതിരായ വധശ്രമത്തിനൊപ്പം സിറിയയില്‍ റഷ്യ നടത്തുന്ന ക്രൂരതകളും കണക്കിലെടുത്ത് ബഹിഷ്കരണം അനിവാര്യമാണെന്ന് ലേബര്‍ പാര്‍ട്ടിയിലെ മറ്റൊരംഗം അന്ന ടർലി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News