ദുല്‍ഖറിനെയും നയന്‍താരയെയും കണ്ടത് കരിയറിന്‍റെ പ്രത്യേകഘട്ടത്തില്‍; ഹെ ജൂഡ് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല; മികച്ച വസ്ത്രാലങ്കാര പുരസ്കാര ജേത്രി സഖി എൽസയുമായുളള അഭിമുഖം

സഖി എൽസ

സ്ഥലം:കൊച്ചി

വിദ്യാഭ്യാസം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് പിജി

പ്രൊഫഷൻ:കോസ്റ്റ്യൂം ഡിസൈനർ

ഹേ ജൂഡിലൂടെ സഖിയ്ക്ക് മികച്ച വസ്ത്രാലങ്കാരത്തിനുളള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരിക്കുന്നു, എങ്ങിനെ കാണുന്നു

നല്ല സന്തോഷത്തിലാണ്.നമ്മുക്ക് ഒരു അംഗീകാരം കിട്ടുക,ഇത്ര വർഷത്തിനു ശേഷമാണെങ്കിലും.നമ്മുടെ ജോലി അംഗീകരിക്കപ്പെടുകയാണ് എന്ന് പറയുന്നത് ആർക്കും സന്തോഷമുളള കാര്യമാണ്.ഇലക്ട്രക്കും കളിയച്ഛനുമൊക്കെ നല്ല പേര് കേൾക്കുകയും അവാർഡിന് പരിഗണിക്കപ്പെടാതെ പോകുകയും ചെയ്തിട്ടുണ്ട്.അതിൽ പരിഭവങ്ങളില്ല.പക്ഷെ ഇപ്പോൾ ഒരു അവാർഡ് കിട്ടിയതിൽ ഭയങ്കര സന്തോഷമുണ്ട്.ഹേ ജൂഡിൽ വസ്ത്രാലങ്കാരത്തിന് മികച്ച സാധ്യതകളുണ്ടായിരുന്നു.എന്നാലും പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ല.ഇപ്പോൾ വളരെ വളരെ സന്തോഷം.ജൂറിക്ക് നന്ദി,ഒപ്പം സംവിധായകൻ ശ്യാമപ്രസാദ് സാറിനും.സംവിധായകന്‍റെ മികച്ച രീതിയിലുളള പിന്തുണയുണ്ടായിരുന്നില്ലെങ്കിൽ ഇത്രയും മേന്മ പുലർത്താനാകുമായിരുന്നില്ല.ക്രിയേറ്റീവ് ഫ്രീഡം അനുവദിക്കുന്ന സംവിധായകനാണ് ശ്യാമപ്രസാദ് സർ.

ഹേ ജൂഡ് തന്ന ആത്മവിശ്വാസത്തെക്കുറിച്ച്

ഹേ ജൂഡ് തന്ന ആത്മവിശ്വാസം വളരെ വളരെ വലുതാണ്.നമ്മൾ വർക്ക് ചെയ്യുകയും അത് ജനങ്ങളിലേക്ക് എത്താതെ പോകുകയും ചെയ്യുന്ന സംഭവങ്ങളുണ്ട്.അതിന് പല ഘടകങ്ങളാണ്. തിയ്യേറ്ററുകളിൽ പ്രേക്ഷകർ കാണാതെ പോകുന്നത്,നമ്മൾ കൊടുക്കുന്ന വസ്ത്രം എത്ര നേരം സ്ക്രീനിൽ വരുന്നു എന്നത്,കളർ ടോൺ പോസ്റ്റ് പ്രൊഡക്ഷനിൽ എത്ര മാറുന്നുവെന്നത്,അത് ധരിക്കുന്ന ആർട്ടിസ്റ്റ്,സംവിധായകന്‍റെ മനസ് ഇതൊക്കെ ഘടകങ്ങളാണ്.നമ്മൾ റിസർച്ച് ചെയ്ത് കൊടുക്കുമ്പോൾ സംവിധായകന്‍റെ പ്രതികരണം എങ്ങിനെ എന്നതാണ് വർക്കിനെ വിജയകരമാക്കുന്നത്.അത്രയും റിസേർച്ചുളള ഒരു വർക്ക് ചെയ്യാൻ പറ്റി,അത് നല്ല രീതിയിൽ ആർട്ടിസ്റ്റുകൾ ധരിച്ചു.അതിനെ വളരെ നല്ല രീതിയിൽ ക്യാമറാമാൻ ഒപ്പിയെടുത്തു.ഫുൾ ഷോട്ട്സ് ഒത്തിരിയുണ്ടായിരുന്നു.ആവശ്യത്തിന് സ്ക്രീൻ സ്പേസ് കോസ്റ്റ്യൂമിന് നൽകാൻ എഡിറ്ററും സഹായിച്ചു.എല്ലാത്തിനുമുപരി പടം തിയ്യേറ്ററിൽ നന്നായി ഓടി.അങ്ങിനെ നോക്കുമ്പോൾ ഹേ ജൂഡ് തന്ന ആത്മവിശ്വാസം വളരെയധികമാണ്.

ഹേ ജൂഡിൽ നിവിന്‍റെയും തൃഷയുടെയും സിദ്ദിഖിന്‍റേയുമൊക്കെ കോസ്റ്റ്യൂം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു

ഹേ ജൂഡിൽ നിവിനും തൃഷയും തീർച്ചയായും ശ്രദ്ധിക്കപ്പെട്ടു.അവർ മാത്രമല്ല,ക്യാരികേച്ചർ സ്കെച്ച് പോലാണ് കഥാപാത്രങ്ങളെ ചെയ്തിരിക്കുന്നത്.ഹേ ജൂഡിലെ ഓരോ കഥാപാത്രത്തിനും തനതായ ചില സ്വഭാവ വിശേഷതകൾ ഉണ്ട്.കഥാപാത്രങ്ങൾക്കായി റിയലിസ്റ്റിക്കായി ഡിസൈൻ ചെയ്യാനായി.സ്ക്രീനിൽ റിസൾട്ട് കണ്ടപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു.സ്റ്റൈലിംഗ് അല്ല നടത്തിയത്,അങ്ങിനെ ഫാഷനബിളായുളള ഡിസൈനിംഗ് അല്ലായിരുന്നു നടത്തിയത്.ശരിക്കും കോസ്റ്റ്യൂമിംഗ്,ഒരു കഥാപാത്രത്തെ ഒരു സ്പേസിലേക്കും ടൈമിലേക്കും ഒരു പ്രത്യേക മാനസികാവസ്ഥയിലേക്കും ബന്ധപ്പെടുത്തി നിർത്താൻ കോസ്റ്റ്യൂസ് ഉപയോഗിക്കുക എന്ന ‘ട്രൂ സെൻസ് ഓഫ് കോസ്റ്റ്യൂമിംഗ്’ ആണ് ഹേ ജൂഡിൽ ഉപയോഗിച്ചത്.

എനിക്ക് തന്നെ കണ്ടിട്ട് സന്തോഷം തോന്നുന്ന ഔട്ട്പുട്ടാണ് ഈ സിനിമയിലേത്.സിദ്ധീഖ് സാറിന്‍റെ കഥാപാത്രത്തിന് രണ്ട് ഫ്ലക്ച്വേഷൻസ് ഉണ്ട്.വെളിയിൽ വളരെ ഗ്രേസ്ഫുൾ ആയുളള ഷേർട്ട്സ് ഇടുകയും വീട്ടിൽ വരുമ്പോൾ ഏറ്റവും ‘ഡൾ’ ആയിട്ടുളള,അയേൺ പോലും ചെയ്യാതെ ഏറ്റവും പ‍ഴയ വസ്ത്രം പെറുക്കിയിട്ടു നടക്കുന്ന കഥാപാത്രമാണ് സിദ്ധീഖ് സാറിന്‍റേത്.

അതു പോലെ തന്നെയാണ് നീന കുറുപ്പിന്‍റെ കഥാപാത്രം.നീന കുറുപ്പിനെ നേരിട്ട് കണ്ടാൽ ഒരു രീതിയിലും നിവിന്‍റെ അമ്മയാണെന്ന് പറയില്ല.നീനയെ അങ്ങിനെ കഥാപാത്രത്തിന് വേണ്ടി ‘ഡിസ്ഫിഗർ’ ചെയ്യുകയായിരുന്നു.നീനയെ സിനിമയുടെ സ്ക്രീനിംഗിന് കണ്ടപ്പോൾ ഈ നീനയാണോ ആ നീന എന്ന് ആളുകൾ ചോദിക്കുന്നുണ്ടായിരുന്നു.അത്രയും മാറ്റം നീനയ്ക്കും ഉണ്ടാക്കി.

അതേപോലെ നിവിന്‍റെ കഥാപാത്രം ആസ്പർഗേ‍ഴ്സ് സിൻഡ്രോം ഉളളയാളാണ്.യുഎസിലും യുകെയിലുമൊക്കെ ഇത്തരം ആളുകൾക്ക് ‘സപ്പോർട്ടേ‍ഴ്സ് ബ്ലോഗ്സ്’ ഉണ്ട്. അങ്ങിനെയുളള ബ്ലോഗ്സ് സന്ദർശിക്കുകയും അത്തരം ഗ്രൂപ്പുകളിൽ ചേരുകയും ചെയ്തിട്ടാണ് വിവര ശേഖരണം നടത്തിയത്.ആസ്പർഗേ‍ഴ്സ് സിൻഡ്രോം ഉളള ആളുകളെ കാണുമ്പോൾ നമ്മൾക്ക് ‘അബ്നോർമാലിറ്റി’തോന്നുന്നത് പോലെ,അവർക്ക് നമ്മളെ കാണുമ്പോ‍ഴും ‘അബ്നോർമാലിറ്റി’ തോന്നാറുണ്ട്.

നമ്മൾ പറയുന്നതല്ല പ്രവർത്തിക്കുന്നത്,പറയുന്ന വാക്കുകൾ അല്ല ഉദ്ദേശിക്കുന്നത് അങ്ങിനെയൊക്കെയുളള പ്രശ്നങ്ങൾ അവർക്കുമുണ്ട്.ഫാഷനെന്താണ്,കളറിനുളള പ്രാധാന്യം,മാച്ച് ചെയ്ത് ഇടാൻ പറയുന്നു,എല്ലാം ഒരേ കളറിടുമ്പോൾ അത് മാച്ചിംഗ് അല്ല എന്നും പറയുന്നു.അങ്ങിനെയൊക്കെയുളള കുറേ ഇന്‍ററസ്റ്റിംഗ് ആയിട്ടുളള വസ്തുതകൾ ഞാൻ ഈ ഗ്രൂപ്പുകളിൽ നിന്ന് മനസിലാക്കി.ഇതിനെ അടിസ്ഥാനമാക്കിയാണ് നിവിന് കോസ്റ്റ്യും ചെയ്തിരിക്കുന്നത് .ആസ്പർഗേ‍ഴ്സ് സിൻഡ്രോം ഉളള ഓരോരുത്തരും വ്യത്യസ്തരാണ്.അങ്ങിനെ പ്രത്യേകതകളുളള ഒരാളുടെ സകെച്ച് ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്.

ഇത്തരം ആളുകൾക്ക് പ്രിന്‍റുകളോട് ഇഷ്ടമുണ്ട്.ഇഷ്ടമുളള ഷർട്ടുകൾ വീണ്ടും വീണ്ടും ഉപയോഗിക്കും.അത് ചെറുതായാൽ പോലും ഉപേക്ഷിക്കില്ല.ഒരേ ഷർട്ടിന്‍റെ തന്നെ അഞ്ച് പീസ് വാങ്ങി അതു തന്നെ ഉപയോഗിക്കും.ബാക്കിയുളളവർ എന്തു ചിന്തിക്കും എന്ന് ചിന്തിക്കാത്ത ആളുകളാണ് ഇവർ.അവർക്കിഷ്ടമുളള കാര്യങ്ങളേ അവർ ചെയ്യൂ.ഇത് വസ്ത്രത്തിന്‍റെ കാര്യത്തിലായായാലും വ്യത്യസ്തമല്ല.നിവിന്‍റെ ഒരു വസ്ത്രവും വേറൊരാളെ സന്തോഷിപ്പിക്കാനുളളതല്ല,അത് ആ കഥാപാത്രത്തിന്‍റെ മാത്രം സന്തോഷത്തിനുളളതാണ്.നിവിന് ഹോറിസോണ്ടൽ സ്ട്രൈപ്സും ഫിഷ് പ്രിന്‍റ്സുമാണ് കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്.വെളളയും നീലയുമാണ് പ്രധാന കളറുകളായി ഉപയോഗിച്ചിരിക്കുന്നത്.അതുപോലെ തന്നെ ഷർട്ടും ബോട്ടംസും തമ്മിലുളള മാച്ചിംഗ് നോക്കി ക‍ഴിഞ്ഞാൽ അതൊരു കളർവൈസ് മാച്ചിംഗാണ് നടത്തിയിരിക്കുന്നത്.അത് വിഷ്വലി അപ്പീലിംഗ് ആണോ എന്നുളളതല്ല.ട്രൗസറിന്‍റെ ലെംഗ്ത് ആണെങ്കിലും ബട്ടൺ അപ് ചെയ്യുന്ന കോളർ ആണെങ്കിലും,പ്രിന്‍റ്ഡ് ടീ ഷർട്ട് ഇട്ടിട്ട് അതിന്‍റെ മുകളിൽ പ്രിന്‍റഡ് ഷർട്ടിട്ട് അതു ഫുൾ സ്ലീവ് ചെയ്ത് ബട്ടൺ ഇട്ട് കണ്ണട ഒക്കെ വെച്ചാണെങ്കിലും,അങ്ങിനെയാണ് ആസ്പീസിന്‍റെ രീതി.ഞാൻ വായിച്ച ഒരു ബ്ലോഗിൽ ഒരു ആസ്പി എ‍ഴുതിയ കാര്യമെന്താണെന്ന് വെച്ചാൽ അവര് ഗ്ലാസ് ഇല്ലാതെ കണ്ണടയുടെ ഫ്രെയിം മാത്രം വെക്കും.അവർക്കതൊരു ‘പ്രൊട്ടക്ടീവ് ലേയർ’ ആയി തോന്നുന്നു.കുറച്ചു കൂടി ഒരു പ്രൈവസി ഫീലിംഗ് കിട്ടുന്നു.അങ്ങിനൊരു തോന്നലിനു വേണ്ടി മാത്രം കണ്ണട വയ്ക്കുന്ന ആസ്പീസും ഉണ്ട്.അപ്പോൾ കണ്ണട വളരെ പ്രാധാന്യമുളള ഫാക്ടർ ആണ്.

അതു പോലെ കുട്ടിയായിരിക്കുമ്പോ‍ഴുളള പല കാര്യങ്ങളും റിപ്പീറ്റ് ചെയ്തു കൊണ്ടിരിക്കും.നിവിന്‍റെ ബെൽറ്റ്, ഷൂസ് ഇതൊക്കെ കണ്ടാൽ നമ്മുക്കത് വ്യക്തമാകും.ഓരോ പരിപാടിക്ക് ഓരോ വസ്ത്രം എന്നതൊന്നും ആസ്പീസിനില്ല.അവർക്ക് അവരുടെ കംഫർട്ടാണ് പ്രധാനം.അതാണ് നിവിന്‍റെ കോസ്റ്റ്യൂം ചെയ്യുമ്പോൾ ഞാൻ മനസിൽ സൂക്ഷിച്ചത്.

തൃഷയുടേത് വാരിയേഷൻസുളള കഥാപാത്രമാണ്.ബൈ പോളാർ ഡിസോർഡർ ഉളള കഥാപാത്രം.താത്പര്യങ്ങൾ ഇടക്കിടെ മാറും.ചിലപ്പോൾ നന്നായി വസ്ത്രധാരണം ചെയ്യും ചിലപ്പോൾ ഒന്നിലുമൊരു ശ്രദ്ധയില്ലാതെ എന്തോ വാരി വലിച്ചിട്ടുകൊണ്ട് വരും.ഇത് കോസ്റ്റ്യും ഡിസൈനിംഗിലും കൊണ്ട് വന്നിട്ടുണ്ട്. സ്റ്റൈൽവൈസ് പറയുമ്പോൾ ഒരു ബെഹീമിയൻ ലുക്കാണ് കൊണ്ടു വന്നിരിക്കുന്നത്.തൃഷയുടെ ഇൻസ്റ്റാഗ്രാം ഫോട്ടോകളുടെ താ‍ഴെ തിരക്കഥാകൃത്ത് നിർമ്മൽ സഹദേവ് ഒരു കമന്‍റിട്ടിട്ടുണ്ട്,അദ്ദേഹം എ‍ഴുതിയപ്പോൾ ഉദ്ദേശിച്ചത് കിട്ടിയെന്ന്.ശരിക്കും പറഞ്ഞാൽ ഞങ്ങൾ ആശയവിനിമയം ചെയ്യുന്നതു പോലും പടം തിയ്യേറ്ററിലെത്തി വിജയാഘോഷത്തിലാണ്.നിർമ്മലിന്‍റെ സുഹൃത്ത് ജൂഡിനേയും ക്രിസ്റ്റലിനേയും എന്‍റെ പഠനത്തിലൂടെ എനിക്കും പരിചയപ്പെടാൻ ക‍ഴിഞ്ഞു.

തിരക്കഥാകൃത്ത് നിർമ്മലിന്‍റെ കമന്‍റിൽ എനിക്കിത്രയും സന്തോഷമുണ്ടാക്കുന്ന കാര്യമെന്തെന്ന് വച്ചാൽ ഒന്ന് എന്നേക്കാൾ പതിന്മടങ്ങ് ജൂഡിനെ കുറിച്ച് റിസർച്ച് ചെയ്തയാളാണ്,ആ കഥാപാത്രത്തെ സൃഷ്ടിച്ച ആളാണ്.അദ്ദേഹം തിരക്കഥാകൃത്തു മാത്രമല്ല,ഇപ്പോൾ സംവിധായകൻ കൂടിയാണ്.അങ്ങിനെയുളള ഒരാളിൽ നിന്ന് ഒരു നല്ല കമന്‍റ് കിട്ടുമ്പോൾ ഞാൻ തീർച്ചയായും അതീവ സന്തോഷവതിയാണ്.

സിനിമയിൽ കോസ്റ്റ്യൂം ചെയ്യുമ്പോൾ സഖി മുൻഗണന നൽകുന്നത് എന്തിനൊക്കെ ?

ഏറ്റവും പ്രാധാന്യം സംവിധായക‍ൻ കോസ്റ്റ്യൂം ഡിസൈനറിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു എന്നതാണ്.സിനിമ കൂട്ടായ്മയുടെ ഉൽപ്പന്നമാണെങ്കിലും സംവിധായകന്‍റെ കലയാണ്.സംവിധായകനു വേണ്ടി മറ്റുളളവർ കോൺട്രിബ്യൂട്ട് ചെയ്യുന്നു എന്നുളളതാണ്.അതു പോലെയുളള മറ്റൊരു കാര്യം ആരാണ് അഭിനയിക്കുന്നത് എന്നതാണ്.ഒരു സ്റ്റാർ ആണെങ്കിൽ ഒരു ‘എസ്റ്റാബ്ലിഷ്ഡ് ഓറ’ കാണും.അതിനെ ഫോളോ ചെയ്യാനെ നമ്മുക്കാവൂ.അത്ര എസ്റ്റാബ്ലിഷ്ഡ് അഭിനേതാവ് അല്ലെങ്കിൽ,പ്രത്യേകതകൾ ഉളള കഥാപാത്രമാണെങ്കിൽ, പ്രത്യേക ശരീര പ്രകൃതി ആണെങ്കിൽ നമ്മുക്കതിൽ ചെയ്യാനുണ്ട്. മൂന്നാമത്തെ കാര്യം ബജറ്റ് തന്നെ,പ്രൊഡ്യൂസറുടെ താത്പര്യം പ്രധാനം.ബജറ്റിനുളളിൽ നിന്ന് വേണം ചെയ്യാൻ.പിന്നെ ക്യാമറാമാനുമായുളള ആശയ വിനിമയമാണ്.എന്തെങ്കിലും കളർ സജഷൻ ഉണ്ടെങ്കിൽ പോസ്റ്റ് പ്രോഡക്ഷനിലെ കളർ ടോൺ സംബന്ധിച്ചൊക്കെ ആശയവിനിമയം നടക്കണം.എന്നെ സംബന്ധിച്ച് സ്റ്റൈലിഷ് ആണോ റിയലിസ്റ്റിക്കാണോ വേണ്ടത് എന്നു തീരുമാനിക്കുന്നത് സംവിധായകന്‍റെ മനോഗതപ്രകാരമാണ്.റിയലിസ്റ്റിക്കായാണ് വേണ്ടതെങ്കിൽ കഥാപാത്രത്തിന്‍റെ സ്വഭാവഗതിക്കനുസരിച്ച് കോസ്റ്റ്യൂം ചെയ്യാൻ ശ്രമിക്കും.സ്റ്റൈലിഷ് ആണ് വേണ്ടതെങ്കിൽ ആ കഥാപാത്രത്തെ കൂടുതൽ സുന്ദരമാക്കാനുളള വ‍ഴികളാണ് തേടുക.

ശ്യാമപ്രസാദിന്‍റെ ഓഫ് സീസൺ-ലേക്ക് എത്തിപ്പെടുന്നതെങ്ങിനെ ?

വളരെ യാദൃശ്ചികമായാണ് ഓഫ് സീസണിൽ എത്തപ്പെടുന്നത്.2008 വരെയൊക്കെ കോർപ്പറേറ്റ് മേഖലയിൽ വർക്ക് ചെയ്യുകയായിരുന്നു. തിരിച്ച് കേരളത്തിൽ വന്നപ്പോൾ ഇവിടെയെന്താണ് സാധ്യത എന്നായിരുന്നു ചിന്ത.അപ്പോ‍ഴാണ് ടെലിവിഷൻ മേഖലയുമായി ബന്ധപ്പെട്ട് അവസരങ്ങൾ വരുന്നത്.അങ്ങനെയാണ് ശ്യാം സാറിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്‍റെ കുറച്ച് വർക്ക് ചെയ്യുന്നതും.അവിടുന്നാണ് ഓഫ് സീസണിലേക്കുളള അവസരം വരുന്നത്.വളരെ ആസ്വദിച്ച് ചെയ്യുകയായിരുന്നു.ഓഫ് സീസണാണ് ഷൂട്ടിന്‍റെ കാര്യങ്ങളെ കുറിച്ച് എനിക്ക് ധാരണ നൽകുന്നത്.

ടെലിവിഷൻ മേഖലയിലെ അനുഭവം സിനിമയിൽ എത്രത്തോളം സഹായകരമായി ?

ടെലിവിഷൻ എനിക്കൊരു ‘എക്സ്പിരിമെന്‍റേഷൻ പ്ലെയ്സ്’ ആയിരുന്നു.റിയൽ കോസ്റ്റ്യൂം ഡിസൈനിംഗിൽ നിന്ന് ടെലിവിഷൻ,ബിഗ് സ്ക്രീൻ ഡിസൈനിംഗ് വ്യത്യസ്തമാണ്.ത്രിഡിയിൽ നിന്ന് ടുഡിയിലേക്കാണ് മാറ്റം.ഒരു തേർഡ് പേ‍ഴ്സണാണ് ടെലിവിഷനിലേയും സിനിമയിലേയും കോസ്റ്റ്യൂം ജഡ്ജ് ചെയ്യുന്നത്.റിയൽ സൈസും ടെലിവിഷൻ സൈസും വ്യത്യാസമുണ്ട്.ടെലിവിഷൻ സൈസും ബിഗ് സ്ക്രീനും വ്യത്യാസമുണ്ട്.തത്വങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ മിനി സ്ക്രീനും ബിഗ്സ്ക്രീനും നേർവിപരീതമാണ്.ടെലിവിഷൻ രംഗത്തെ അനുഭവം എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.

നിരവധി സെലിബ്രിറ്റികൾക്ക് കോസ്റ്റ്യൂം ഒരുക്കി,നയൻതാരയെ പോലെ ദുൽഖർ സൽമാനെ പോലെ.എങ്ങിനെയാണ് വ്യക്തിയെ കോസ്റ്റ്യൂമുമായി റിലേറ്റ് ചെയ്യുന്നത് ?

നയൻതാരയേയും ദുൽഖറിനേയും പറ്റി സംസാരിക്കുകയാണെങ്കിൽ രണ്ടു പേരും കരിയറിന്‍റെ എക്സ്ട്രീം ഓപ്പോസിറ്റ് നിൽക്കുമ്പോ‍ഴാണ് ഞാൻ അവരുമൊത്ത് ജോലി ചെയ്യുന്നത്. നയൻതാര വളരെ വിജയകരമായി കരിയറിൽ നിൽക്കുകയും പിന്നീട് സിനിമ മതിയാക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്നത്.വളരെ പക്വതയും ധാരണയും പ്രൊഫഷണലിസവുമുളള വ്യക്തിയാണ് നയൻതാര.സ്കെച്ച്സ് കാണണമെന്ന് അവർ പറഞ്ഞു.സ്കെച്ചസ് കാണിക്കുകയും ചെയ്തു.അതിന്‍റെ അപ്പുറത്തേക്ക് അവരുടെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഇല്ല.അവരുടെ തന്നെ ട്രെയിലേ‍ഴ്സാണ് സ്റ്റിച്ചിംഗ് പാർട്ട് ചെയ്തത്,നമ്മൾ ഡിസൈനും ഫാബ്രിക്കും മാത്രമാണ് കൊടുത്തത്.

ദുൽഖറിന്‍റെ ആദ്യ പടമാണ്.ദുൽഖറും അക്കോമൊഡേറ്റീവ് ആയിരുന്നു.ഡയറക്ടറുടെ കാ‍ഴ്ചപ്പാടും ആർട്ടിസ്റ്റിന്‍റെ കാ‍ഴ്ചപ്പാടും വ്യത്യസ്തമാണ്. ആർട്ടിസ്റ്റ് കുറച്ചു കൂടി സ്റ്റൈലൈസ്ഡ് ആക്കാൻ നോക്കുമ്പോൾ ഡയറക്ടർ കുറേക്കൂടി റിയലിസ്റ്റിക്ക് ആക്കാനാണ് നോക്കുക.ഇതിന്‍റെ മധ്യമാർഗത്തിലെത്തിക്കുക എന്നതാണ് എന്‍റെ ധർമ്മം.ഓരോ വ്യക്തിയുടേയും കോസ്റ്റ്യൂം സംബന്ധിച്ച കാ‍ഴ്ചപ്പാട് വേറെയാണ്.കോസ്റ്റ്യൂം ഡിസെെനിംഗ് എന്ന് പറയുന്നത് ഒരാളുടെ വ്യക്തിപരമായ കാര്യത്തിലേക്കുളള ഇടപെടലാണ്. ആർട്ടിസ്റ്റിന്‍റെ കംഫെർട്ട് പരിഗണിക്കുമെങ്കിലും കഥാപാത്രത്തിനാണ് പ്രധാന്യം കൊടുക്കേണ്ടി വരിക.അതല്ല സ്റ്റൈലൈസ്ഡ് കഥാപാത്രമാണെങ്കിൽ കൂടുതൽ സുന്ദരൻ അല്ലെങ്കിൽ സുന്ദരി ആക്കുക എന്നത് മാത്രമാകും ലക്ഷ്യം.

സമ്പന്ന എന്ന ബ്രാന്‍റ് നെയിമിനെ കുറിച്ച്

എന്‍റേതായ ബ്രാന്‍റ് വേണം എന്ന ആഗ്രഹത്തിൽ നിന്നാണ് സമ്പന്ന തുടങ്ങുന്നത്. എന്‍റെ ഡിസൈൻസ് വെച്ചാണ് സമ്പന്നയുടെ തുടക്കം.ആദ്യം സാരിയിലായിരുന്നു ഊന്നൽ.പിന്നെ കുർത്താസ് കൂടി കൊണ്ടു വന്നു.പിന്നാലെ പുതുതലമുറയ്ക്കു വേണ്ടി ഫ്യൂഷൻ കളക്ഷൻസ് കൂട്ടിച്ചേർത്തു. ഒരേ തരത്തിൽ ഒന്നിൽ കൂടുതൽ ഡിസൈൻ ഉണ്ടാകില്ല എന്നതാണ് സമ്പന്നയുടെ പ്രത്യേകത,പ്രത്യേകിച്ച് സാരിയിലും ലഹംഗയിലും.കുർത്തകളിൽ എല്ലാ സൈസിലും ഓരോ ഡിസൈനിലുളളതുണ്ടാകും.

കാഷ്വൽ വസ്ത്രത്തെ സ്വന്തം ജീവിതത്തിൽ സ്നേഹിക്കുന്ന സഖി

നമ്മൾ കംഫർട്ടബിൾ ആകുക എന്നതാണ്.കംഫർട്ടബിൾ ആയാലേ ജോലിയിൽ ശ്രദ്ധിക്കാനാവൂ.അതു കൊണ്ടാണ് ഞാൻ കാഷ്വൽ വസ്ത്രങ്ങളുടെ ആരാധികയായത്.ഞാൻ എന്നെ തന്നെ ഒരു ക്യാൻവാസായി കണ്ടിട്ടില്ല,കാണാനുമാവില്ല.

എന്നാൽ എന്‍റെ മുന്നിൽ തരുന്ന വ്യക്തികളെ ക്യാൻവാസാക്കാനും അതിൽ നിറം പകരാനും എനിക്ക് ക‍ഴിയും.പോകുന്ന ഇടങ്ങളിൽ എന്‍റെ ചുറ്റുമുളള ആളുകൾക്കും കംഫർട്ടബിൾ ആയ ഡ്രസിംഗ് ആണ് ഞാൻ തെരഞ്ഞെടുക്കുന്നത്.ഫോർമലിനെ പൂർണമായി ഒ‍ഴിവാക്കുന്നില്ല,അത്യാവശ്യം മിനുങ്ങണ്ട സ്ഥലങ്ങളിൽ മിനുങ്ങിപ്പോകും അല്ലെങ്കിൽ കാഷ്വൽ തന്നെയാണ് നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News