ശബരിമല കുത്തകലേലത്തില്‍ കോടികളുടെ അഴിമതി; വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഇഷ്ടക്കാര്‍ക്ക് ഇളവുകള്‍

തിരുവനന്തപുരം: ശബരിമലയില്‍ നാളികേരവും അരിയുമടക്കമുള്ളവയുടെ കുത്തക ലേലത്തിലെ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം.

മുന്‍ ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ് ഉള്‍പ്പെടെയുള്ള ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ക്കെതിരെയാണ് വിജിലന്‍സ് കോടതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കുത്തക ലേലത്തില്‍ പങ്കെടുത്ത തിരുവനന്തപുരം സ്വദേശി അനിലെന്ന കരാറുകാരന്റെ പരാതിയിലാണ് അന്വേഷണം.

ശബരിമലയില്‍ നാളികേരം, അരി, കടകള്‍ തുടങ്ങി 208 ഇനങ്ങളുടെ കുത്തക ലേലത്തില്‍ നടന്ന കോടികളുടെ അഴിമതി ചൂണ്ടിക്കാട്ടി തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി അനില്‍ എന്ന കരാറുകാരനാണ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കുത്തക ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ബിഡ് തുകയുടെ 50 ശതമാനം തുക ലേലം സ്ഥിരപ്പെടുത്തുന്ന അന്ന് തന്നെ ദേവസ്വം ബോര്‍ഡിന് അടക്കണം എന്നതാണ് വ്യവസ്ഥ. കൂടാതെ തുക അടയ്ക്കാത്തവരെ ലേലത്തില്‍ നിന്ന് അയോഗ്യരാക്കി അടുത്തയാളിന് ലേലം നല്‍കും.

എന്നാല്‍ ഈ വ്യവസ്ഥയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ ശബരിമലയില്‍ ലംഘിക്കപ്പെട്ട് ഇഷ്ടക്കാര്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്.

കോടികളുടെ അഴിമതിയില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നും ഹര്‍ജിക്കാരന്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജി പരിഗണിച്ച വിജിലന്‍സ് പ്രത്യേക കോടതി അന്വേഷണത്തിനും ഉത്തരവിട്ടു.

രാമരാജ പ്രേമപ്രസാദിന് പുറമെ ദേവസ്വം ബോര്‍ഡ് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എം ചന്ദ്രശേഖരന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബാബു, കുത്തക ലേല കരാര്‍ സ്വന്തമാക്കിയ കരാറുകാരായ ആലപ്പുഴ സ്വദേശി ഭാസ്‌കരന്‍, കായംകുളം സ്വദേശി കെ.സുകുമാരന്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടക്കുക.

ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലാണ് അഴിമതിക്ക് പിന്നിലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ദേവസ്വം ബോര്‍ഡ് ഉദ്ദ്യോഗസ്ഥരുടെ പക്ഷപാതപരമായ നിലപാടിലൂടെ ബോര്‍ഡിന് വന്‍സാമ്പത്തിക നഷ്ടമുണ്ടായതായും കോടതി ഫയലില്‍ സ്വീകരിച്ച ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News