എറണാകുളം സിപിഐയില്‍ കൂട്ടരാജി; മുന്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍

കൊച്ചി: എറണാകുളം ജില്ലയില്‍ സിപിഐയില്‍ നിന്ന് കൂട്ടരാജി. സിപിഐ മുന്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു.

സിപിഐ എറണാകുളം ജില്ലാ നേതൃത്വത്തിലെ വിഭാഗീയതയിലും തെറ്റായ തീരുമാനങ്ങളിലും മനംമടുത്താണ് ഉദയംപേരൂര്‍, പറവൂര്‍, കൊച്ചി, പച്ചാളം, വടുതല, അയ്യപ്പന്‍കാവ്, മേഖലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കൂട്ടമായി പാര്‍ട്ടി വിട്ട് സിപിഐഎമ്മിലേക്കെത്തിയത്.

സിപിഐ മുന്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗം അഡ്വ, ഇഎം സുനില്‍ കുമാറടക്കം നൂറോളം പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമാണ് സിപിഐയുമായുളള ബന്ധം ഉപേക്ഷിച്ചത്. പച്ചാളത്ത് നടന്ന പൊതുപരിപാടിയില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ജില്ലാ സെക്രട്ടറി പി രാജീവ് രക്തഹാരമണിയിച്ച് സ്വീകരിച്ചു.

സുനില്‍ കുമാറിനെ കൂടാതെ സിപിഐ മണ്ഡലം കമ്മിറ്റിയംഗം ഇഎം പ്രസന്നകുമാര്‍, മുന്‍ ലോക്കല്‍ സെക്രട്ടറി ടിസി ജോയി, മഹിളാസംഘം നേതാവ് ലൈല മദുസൂദനന്‍, ഉദയംപേരൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പികെ പദ്മനാഭന്‍ എന്നിവരാണ് സിപിഐ വിട്ട പ്രമുഖര്‍.

സിപിഐ ജില്ലാ, സംസ്ഥാന സമ്മേളനങ്ങള്‍ക്ക് ശേഷമുണ്ടായ അതൃപ്തിയും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന തിരിച്ചറിവുമാണ് തീരുമാനത്തിന് പിന്നിലെന്ന് സുനില്‍കുമാര്‍ പറഞ്ഞു.

പാര്‍ട്ടി വിട്ട് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന സിപിഐഎം നല്‍കുമെന്ന് ജില്ലാ സെക്രട്ടറി പി രാജീവ് അറിയിച്ചു.

സ്വീകരണ സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സിഎന്‍ മോഹനന്‍, പിഎന്‍ സുനില്‍ ലാല്‍, അഡ്വ. എം അനില്‍ കുമാര്‍ അടക്കം പ്രമുഖര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News