മഹാരാഷ്ട്രയെ ചെങ്കടലാക്കി കര്‍ഷക പ്രക്ഷോഭം തുടരുന്നു; ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് അരലക്ഷത്തോളം കര്‍ഷകര്‍

മുംബൈ: കര്‍ഷക പോരാട്ടങ്ങള്‍ക്ക് പുതിയ അധ്യായങ്ങളെഴുതി കിസാന്‍സഭയുടെ ലോങ്ങ് മാര്‍ച്ച് പ്രയാണം തുടരുന്നു.

ബിജെപി സര്‍ക്കാര്‍ അവലംബിച്ചു വരുന്ന കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെയാണ് കിസാന്‍ സഭ അര ലക്ഷത്തോളം കര്‍ഷകരെ അണി നിരത്തി ലോങ്ങ് മാര്‍ച്ച് പ്രയാണത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ കാര്‍ഷീകമേഖലയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവീസിനെതിരായാണ് കര്‍ഷകമുന്നേറ്റം.

നാസിക്കില്‍ നിന്നാരംഭിച്ച ലോങ്ങ് 12ന് സെക്രട്ടറിയേറ്റില്‍ എത്തും. പന്ത്രണ്ടാം തീയതി മുതല്‍ നിയമസഭാ മന്ദിരം അനിശ്ചിതകാലത്തേക്ക് ഘരാവോ ചെയ്യുമെന്നാണ് ഓള്‍ ഇന്ത്യ കിസാന്‍ സഭ വ്യക്തമാക്കുന്നത്.

കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമായ മഹാരാഷ്ട്രയില്‍ 2016ല്‍ കിസാന്‍ സഭ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണ് ലോങ്ങ് മാര്‍ച്ച്. 11 ദിവസം തുടര്‍ച്ചയായി പ്രക്ഷോഭം നടത്തിയ കിസാന്‍ സഭ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ ഉറപ്പു പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് കര്‍ഷകരെ സമരത്തിലേക്ക് നയിച്ചത്.

നാസിക്കില്‍ നിന്നും 200 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് ലോങ്ങ് മാര്‍ച്ച് നിയമസഭാ മന്ദിരത്തില്‍ എത്തുക. റാലി കഴിയുന്നതിന് മുന്‍പ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ നിയമസഭക്ക് മുന്നില്‍ അനിശ്ചിതകാലസമരമായി മാറുമെന്ന് കിസാന്‍ സഭ മുന്നറിയിപ്പ് നല്‍കി.

വനാവകാശ നിയമം നടപ്പിലാക്കുക, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കുക, എം.എസ് സ്വാമിനാഥന്‍ കമ്മീഷന്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കി വരള്‍ച്ചക്ക് അറുതി വരുത്തുക, അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, ഭൂമിക്ക് തക്കതായ നഷ്ടപരിഹാര തുക നല്‍കുക, കാര്‍ഷിക പെന്‍ഷനില്‍ കാലഘട്ടത്തിനനുസരിച്ചുള്ള വര്‍ധനവ് വരുത്തുക, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ആണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

ജനുവരി 2017 മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള പത്തു മാസത്തെ കണക്കെടുപ്പില്‍ 2414 കര്‍ഷക ആത്മഹത്യകളാണ് മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ഷകരെ നിരന്തരം വഞ്ചിക്കുന്ന നയ പരിപാടികളാണ് മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടുവാനുള്ള കാരണവും.

തിക്തമായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ പാതയിലേയ്ക്ക് ഇറങ്ങിയിരിക്കുന്നത്. സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ കാരണമാണ് കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നത്.

രാജ്യത്ത് ഏറ്റവും അധികം കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനമായി മഹാരാഷ്ട്ര മാറിയിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News