മഹാരാഷ്ട്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന ചരിത്രപോരാട്ടത്തിന്റെ നേതൃനിരയില്‍ മലയാളിയും; ചെങ്കൊടിക്കീഴില്‍ കര്‍ഷകരെ അണിനിരത്തിയ വിജുകൃഷ്ണനെന്ന കമ്യൂണിസ്റ്റിനെ അറിയാം

സിപിഐഎമ്മിന് കാര്യമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയില്‍ ചെങ്കൊടിക്കീഴില്‍ കര്‍ഷകര്‍ നടത്തുന്ന ഉജ്വലമായ സമരം രാജ്യത്തെ ഇടതുപക്ഷ പോരാട്ടങ്ങള്‍ക്ക് കരുത്താവുകയാണ്.

നാസിക്കില്‍ നിന്നും 200 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് മാര്‍ച്ച് 12ന് ലോങ്ങ് മാര്‍ച്ച് മഹാരാഷ്ട്ര നിയമസഭ മന്ദിരത്തിലെത്തുമ്പോള്‍ ആ ചരിത്രപോരാട്ടത്തില്‍ മലയാളിക്കും അഭിമാനിക്കാം.

ആ സമരത്തിന്റെ മുന്‍നിര പോരാളി ഒരു മലയാളിയാണ്. സിപിഐഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവും അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറിയുമായ വിജൂ കൃഷ്ണനാണ് ലോങ്ങ് മാര്‍ച്ചിന്റെ നേതൃസ്ഥാനത്തുള്ള മലയാളി സാന്നിധ്യം.

കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂര്‍ സ്വദേശിയാണ് വിജൂകൃഷ്ണന്‍. രാജ്യത്തെ കര്‍ഷകസമരപോരാട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് വിജു. ജെഎന്‍ യുവില്‍ പഠിക്കുന്ന കാലത്തായിരുന്നു വിജുകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്.

എസ്എഫ്‌ഐയുടെ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായിരുന്ന വിജുകൃഷ്ണന്‍ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്താണ് നേതൃസ്ഥാനത്തേക്ക് കടന്നുവരുന്നത്.

നവഉദാരീകരണ നയങ്ങള്‍ എങ്ങനെ കേരളത്തിലെയും ആന്ധ്രയിലെയും കര്‍ഷകരെ ബാധിച്ചു എന്ന വിഷയത്തിലായിരുന്നു വിജുകൃഷ്ണന്റെ പിഎച്ച്ഡി ഗവേഷണം.

ബംഗളൂരു സെന്റ് ജോസഫ്‌സ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനായിരുന്ന വിജൂകൃഷ്ണന്‍ ജോലി രാജിവച്ചാണ് മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. 2009 മുതല്‍ കര്‍ഷകസംഘ നേതൃസ്ഥാനത്തുള്ള വിജുകൃഷ്ണന്‍ ഏറെ ചരിത്ര പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കരിവെള്ളൂരിലാണ് ജനിച്ചത്.

ഇകെ നായനാര്‍ ഉള്‍പ്പെടെ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വിജു കൃഷ്ണന്റെ വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമരം ചെയ്യാനും സദാ സന്നദ്ധനായ സമരപോരാളിയാണ് വിജുകൃഷണന്‍.

2018 ഫെബ്രുവരിയില്‍ രാജസ്ഥാനില്‍ നടന്ന കര്‍ഷക സമരത്തില്‍ സജീവമായി പങ്കെടുത്ത വിജുകൃഷ്ണന്‍ ഉനയില്‍ 2016 ആഗസ്റ്റ് 15ന് നടന്ന ചരിത്ര സമരത്തിലും ജിഗ്‌നേഷ് മേവാനിക്കൊപ്പം സമരക്കാരെ അഭിസംബോധന ചെയ്തും സംസാരിച്ചിരുന്നു.

2016 നവംബറില്‍ തമിഴ്‌നാട് വിരുദനഗറില്‍ ആരംഭിച്ച കിസാന്‍ സഭയുടെ കിസാന്‍ സംഘര്‍ഷ് ജാഥയുടെ അമരത്തും വിജുകൃഷ്ണന്‍ ഉണ്ടായിരുന്നു.

വിജുകൃഷ്ണന്റെ കൂടി നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ച് ബിജെപി സര്‍ക്കാരിന് സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം മാര്‍ച്ച് 12ന് രാജ്യം തിരിച്ചറിയുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് ഈ മലയാളി കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News