ഇറച്ചിക്കോ‍ഴിക്ക് വിലകുറയുന്നു

കര്‍ഷകരെ ആശങ്കയിലാക്കിയും ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്നും ഇറച്ചിക്കോഴി വില കുറയുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തെ കുറഞ്ഞ വിലയായ, കിലോഗ്രാമിന് 66 രൂപക്ക് പാലക്കാട് ജില്ലയില്‍ വില്‍പ്പന നടന്നപ്പോള്‍ മലപ്പുറം ടൗണില്‍ എണ്‍പതും തൃശൂര്‍ ജില്ലയില്‍ എഴുപത്തഞ്ചുമായിരുന്നു വില. വരും ദിവസങ്ങളിലും കുറവുണ്ടാകുമെന്നാണ് മൊത്തവിതരണക്കാര്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെത്തുന്ന ബ്രോയിലര്‍ കോഴികളില്‍ വൈറസ് ബാധയുണ്ടെന്ന പ്രചാരണവും ഈസ്റ്ററിന് മുന്നോടിയായുള്ള അമ്പതുനോമ്പും ചൂടുകാലവുമായതാണ് ഉപഭോഗം കുറയാന്‍ കാരണം. സാധാരണ തമിഴ്നാട്ടിലെ കോഴിക്കച്ചവടക്കാരാണ് ഓരോ ദിവസത്തെയും വില നിശ്ചയിക്കുന്നത്.

ഇതില്‍നിന്ന് മൂന്നുമുതല്‍ അഞ്ച് രൂപവരെ കിലോഗ്രാമിന് കൂട്ടിയാണ് സംസ്ഥാനത്തെ ഫാം ഉടമകള്‍ മൊത്തവിതരണക്കാര്‍ക്ക് നല്‍കുന്നത്. ഇവര്‍ പത്തുമുതല്‍ പതിനഞ്ച് രൂപവരെ കൂട്ടി ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്‍കും. ചില്ലറ വില്‍പ്പനക്കാരാവട്ടെ, 20 രൂപവരെ കൂട്ടിയാണ് വില്‍ക്കുന്നത്.

ഉപഭോഗം കുറഞ്ഞ സാഹചര്യത്തിലും സംസ്ഥാനത്ത് കൂടുതല്‍ കോഴിഫാമുകള്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാടും പെരുമ്പാവൂരും ഇറച്ചിക്കോഴി വില്‍പ്പനക്ക് തയാറായ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലെ കച്ചവടക്കാര്‍ വില കുറച്ചത്. തമിഴ്‌നാട്ടിലെ ഫാമുകളില്‍ വെള്ളിയാഴ്ച കോഴി വില കിലോ 46 രൂപയാണ്. 220 രൂപവരെ ഉയര്‍ന്ന കോഴിയിറച്ചി വിലയില്‍ ജിഎസ്ടി വന്നതോടെയാണ് കുറവ് പ്രകടമായത്.

സംസ്ഥാനത്ത് ഒരു കിലോ കോഴി ഉല്‍പ്പാദനത്തിന് ഏകദേശം 75 രൂപ ചെലവാകുമെന്നാണ് കണക്ക്. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, തൊഴിലാളികളുടെ കൂലി എന്നിവ തമിഴ്‌നാട്ടില്‍ കുറവായതിനാല്‍ ചെലവ് പരമാവധി 60 രൂപയേവരൂ.

വില താഴുന്നതോടെ കേരളത്തിലെ ചെറുകിട കോഴി കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കുക പ്രയാസമാകും. ശരാശരി 700 ടണ്‍ ഇറച്ചിക്കോഴിയാണ് ദിനംപ്രതി സംസ്ഥാനത്തെ ഉപഭോഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News