ലെനിന്റെ പ്രതിമ തകര്‍ത്തവരേ, ഈ കര്‍ഷകസമരം തകര്‍ക്കാനാകുമോ?

കര്‍ഷക, കര്‍ഷക തൊഴിലാളി സമരങ്ങളുടേയും തൊഴിലാളി സമരങ്ങളുടേയും നാടായിരുന്നു മഹാരാഷ്ട്ര. രണ്‍ദിവയുടേയും ഗോദാവരി പരുലേല്‍ക്കറുടേയും നാട്. എന്നാല്‍ രാഷ്ട്രീയം ഗതി മാറി ഒഴുകിയപ്പോള്‍ കര്‍ഷകരുടെ മുഖമായി മാറിയത് ഭൂസ്വാമിമാരായിരുന്നു.

തൊഴിലാളികളുടെ വക്താക്കളായി എത്തിയത് വര്‍ഗ്ഗീയ ശക്തികളും. അടിസ്ഥാന വര്‍ഗ്ഗത്തെ ജാതി, മത, സ്വത്വ അടിസ്ഥാനത്തില്‍ വെട്ടിമുറിച്ചു. മഹാരാഷ്ട്രയിലെ നഗരങ്ങളും ഗ്രാമങ്ങളും വര്‍ഗീയ കലാപങ്ങളുടേയും ജാതി സംഘര്‍ഷങ്ങളുടേയും വിളഭൂമിയായി മാറി.

ഒരു വേളയില്‍ ബദലായി അംബേദ്ക്കര്‍ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വന്നു. സാമൂഹ്യ,സാമ്പത്തിക പ്രശ്‌നങ്ങളുടെ മൂലകാരണം ജാതീയ വിവേചനമാണെന്നായിരുന്നു ഇവരുടെ വാദം.

വര്‍ഗ്ഗത്തിലുമുപരി ജാതിക്ക് മേല്‍ക്കൈ ലഭിച്ചതോടെ കുറച്ചു കാലം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പാവപ്പെട്ടവന്റെ പാര്‍ട്ടിയായി മാറി. എന്നാല്‍ ചെറിയ പാര്‍ട്ടി ശരവേഗത്തില്‍ പിളര്‍ന്നു. ഏറ്റവും ജനപിന്തുണയുണ്ടായിരുന്ന രാംദാസ് അതവാലെ വിഭാഗം ഇപ്പോള്‍ ബിജെപിയുടെ വിശ്വസ്ത സഖ്യകക്ഷിയാണ്.

അടിസ്ഥാന പ്രശ്‌നങ്ങളെ മുഖ്യധാരാ പാര്‍ട്ടികള്‍ അവഗണിക്കുന്നു. പണവും വര്‍ഗ്ഗീയതയും മാത്രം കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഗത്യന്തരമില്ലാതെ അടിസ്ഥാന വര്‍ഗ്ഗം തെരുവിലിറങ്ങുന്നു. അവര്‍ക്ക് ആശ്വാസമാകുന്നത് ചെങ്കൊടിയാണ്. മഹാരാഷ്ട്ര നിയമസഭാ മന്ദിരം ലക്ഷ്യമിട്ട് നടന്നുനീങ്ങുന്ന പതിനായിരങ്ങള്‍ മാറുന്ന ഇന്ത്യയുടെ പ്രതീകമാണ്.

ചെറുത്ത് നില്പിന്റെ സന്ദേശവാഹകര്‍. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കാനായും കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാനുമായി ആര്‍എസ്എസ്സുകാര്‍ ഓടി നടക്കുമ്പോള്‍ ആര്‍എസ്എസ് തട്ടകമായ മഹാരാഷ്ട്രയില്‍ കര്‍ഷകരും കര്‍ഷകതൊഴിലാളികളും കമ്യൂണിസ്റ്റുകാരും തെരുവിലിറങ്ങുന്നത് ആരെയും ഉന്‍മൂലനം ചെയ്യാനല്ല. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ്.

എന്തുകൊണ്ട് ലോംങ് മാര്‍ച്ച്?

ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന പതിനായിരങ്ങളില്‍ ഒരാളാണ് സജ്ജയ് ബൊറാസ്‌ത്തെ. നാസിക് നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയുളള ദിന്‍ദോരി ഗ്രാമനിവാസി. സജ്ജയ്ക്ക് രണ്ടര ഏക്കര്‍ കൃഷി ഭൂമിയുണ്ട്. പലപ്പോഴായി കൃഷി ചെയ്യുന്നതിനായി ബാങ്കുകളില്‍ നിന്ന് വായ്പകള്‍ എടുത്തു. വായ്പയും പലിശയും എല്ലാം ചേര്‍ന്ന് ബാധ്യത ഇപ്പോള്‍ 8 ലക്ഷമായി ഉയര്‍ന്നു.

കാര്‍ഷികവായ്പകള്‍ എഴുതി തളളണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കിസാന്‍സഭയുടെ ആഭിമുഖ്യത്തില്‍ സമരം നടന്നപ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എല്ലാ കാര്‍ഷിക കടങ്ങളും എഴുതി തളളിയതായി ഉറപ്പ് നല്കി. സജ്ജയ് സന്തോഷിച്ചു. ഫട്‌നാവിസിന് ജയ് വിളിച്ചു.


പക്ഷെ അടുത്ത ആഴ്ച്ച വീട്ടിലേയ്ക്ക് ജപ്തി നോട്ടീസ് വന്നു. ബാങ്കില്‍ പോയി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പരമാവധി ഒന്നരലക്ഷം രൂപ വരെയുളള വായ്പകളാണ് എഴുതിതളളിയത്. പരാതി പറയാനായി പ്രാദേശിക ബിജെപി നേതാക്കളെ കണ്ടു. കൃഷി ചെയ്ത് കടം തീര്‍ക്കാനായിരുന്നു ഉപദേശം. സജ്ജയ് ആദിവാസിയാണ്. നിഷ്‌ക്കളങ്കനാണ്. ഉപദേശം കേട്ട് നന്നായി കൃഷിചെയ്തു.

പിന്നീട് എന്തുണ്ടായി?

‘ഞാന്‍ മത്തങ്ങ കൃഷിയാണ് ചെയ്തത്. നല്ല വിളവ് ലഭിച്ചു. പക്ഷെ വിലകിട്ടിയില്ല. ഒരു കിലോയ്ക്ക് ലഭിച്ചത് വെറും രണ്ട് രൂപ’

സജ്ജയെ പോലുളള പതിനായിരക്കണക്കിന് കര്‍ഷകര്‍ ഇന്ന് മഹാരാഷ്ട്രയില്‍ ഉണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ കാര്‍ഷിക നയം തീരുമാനിക്കുന്നത് ഇവരല്ല. കോടീശ്വരന്‍മാരായ കരിമ്പ് കര്‍ഷകരും പഞ്ചസാരമുതലാളിമാരുമാണ്.

സമരത്തില്‍ പങ്കെടുക്കുന്ന മറ്റൊരു കര്‍ഷകനാണ് കോലിമാധവ. കോലിക്ക് 5 ഏക്കര്‍ ഭൂമിയുണ്ട്. പക്ഷെ ഭൂമി വനപ്രദേശത്താണെന്ന് പറഞ്ഞ് ഇതുവരെ പട്ടയം കിട്ടിയിട്ടില്ല. സ്വന്തം ഭൂമിയില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരാണ്.

2006ല്‍ വനാവകാശനിയമം നിലവില്‍ വന്നതാണ്. ആ നിയമം അനുസരിച്ച് ഭൂമിക്ക് പട്ടയം ലഭിക്കണം. എന്നാല്‍ കോലിക്ക് മാത്രമല്ല മാഹാരാഷ്ട്രയിലെ വലിയൊരുവിഭാഗം ആദിവാസികള്‍ക്കും പട്ടയം ലഭിച്ചിട്ടില്ല.

സജ്ജയ് ബൊറാസ്‌ട്ടെയെപ്പോലെ കോലിമാധവയെപ്പോലെയുളള ആയിരങ്ങളാണ് കിലോമീറ്ററുകള്‍ താണ്ടി മഹാരാഷ്ട്ര നിയമ സഭയിലേയ്ക്ക് നടന്നുനീങ്ങുന്നത്. തിങ്കളാഴ്ച്ച കര്‍ഷകര്‍ നിയമസഭാ മന്ദിരം വളയും. വനാവകാശനിയമം നടപ്പിലാക്കുക, കര്‍ഷകരുടെ അനുവാദമില്ലാതെ ഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക, കാര്‍ഷികോല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവില നല്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പിലാക്കുക എന്നിങ്ങനെയുളള പത്തോളം ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്
ലോംങ് മാര്‍ച്ച്.

തിങ്കളാഴ്ച്ച പതിനായിരങ്ങള്‍ നിയമസഭ വളയും. സമരക്കാരെ മുംബൈ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ലക്ഷ്യം നേടാതെ പിന്‍മാരില്ലെന്ന ഉറച്ച നിലപാടിലാണ് അഖിലേന്ത്യാ കിസാന്‍ സഭ.

ചിത്രങ്ങള്‍ക്ക് കടപ്പാട്: thewire.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here