പൊരിവെയിലത്തും ആവേശം കൈവിടാതെ ചെങ്കൊടിയേന്തി കര്‍ഷകര്‍; മഹാനഗരത്തിലേക്ക് ഒഴുകിയെത്തുന്നത് അരലക്ഷത്തോളം സമരപോരാളികള്‍; മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേനയും വിവിധ സംഘടനകളും

മുംബൈ: കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ച് കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് മുംബൈയിലേക്ക്. മാര്‍ച്ച് ഏഴിന് നാസിക്കില്‍ നിന്നും ആരംഭിച്ച പ്രക്ഷോഭ യാത്ര ഇന്നലെ രാത്രിയോടെ മുംബൈ നഗരാതിര്‍ത്തിയായ താനെയിലെത്തി.

ഞായറാഴ്ച ഇഗത്പുരിയിലേക്ക് മാര്‍ച്ച് ചെയ്യും. മാര്‍ച്ചിന് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തുവന്നു. കിസാന്‍സഭയുടെ ലോങ്മാര്‍ച്ചിന് ശിവസേനയും പിന്തുണ അറിയിച്ചു.

അഞ്ചാംദിനമായ ശനിയാഴ്ച മാര്‍ച്ച് വസിന്ധില്‍നിന്ന് തുടങ്ങിയപ്പോള്‍ നാല്‍പ്പതിനായിരത്തിലേറെ കര്‍ഷകര്‍ മാര്‍ച്ചില്‍ അണിചേര്‍ന്നു. വാഗ്ദാനം ലംഘിച്ച് കര്‍ഷകരെ നിരന്തരം വഞ്ചിക്കുന്ന മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെതിരായ പ്രതിഷേധം മാര്‍ച്ചില്‍ അലയടിച്ചു. മഹാരാഷ്ട്രയുടെ ജനപദങ്ങളെ ചെങ്കടലാക്കിയാണ് മാര്‍ച്ച് മുന്നേറുന്നത്.

ചുട്ടു പൊള്ളുന്ന വെയിലത്തും ഒട്ടും ആവേശം കൈവിടാതെ സ്ത്രീകളും മുതിര്‍ന്നവരുമടങ്ങുന്ന ഏകദേശം അരലക്ഷത്തോളം സമര പോരാളികളാണ് മഹാനഗരത്തിലേക്കു ഒഴുകിയെത്തിയത്.

ദുരിത പൂര്‍ണമായ തിക്തമായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ ചെങ്കൊടി കൈയ്യിലേന്തി പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങി തിരിച്ചിരിക്കുന്നത്. പ്രക്ഷോഭത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ അനുകൂലമായ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല

ചെങ്കൊടിയും ചുവന്ന തൊപ്പിയും ചുവന്ന പ്ലക്കാര്‍ഡുകളുമായി ദിവസവും ആയിരത്തിലേറെ കര്‍ഷകരാണ് സ്വയം സന്നദ്ധരായി മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

കര്‍ഷകജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ കിസാന്‍സഭയ്ക്ക് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തുവന്നു. കര്‍ഷകര്‍ക്ക് പുറമെ ആയിരക്കണക്കിന് ആദിവാസികളും മാര്‍ച്ചില്‍ പങ്കെടുക്കുന്നു.

അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന്‍ കമീഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

തിങ്കളാഴ്ച വിധാന്‍ ഭവനുമുന്നില്‍ കിസാന്‍സഭ നേതാക്കളായ അശോക് ധാവ്‌ളെ, വിജു കൃഷ്ണന്‍, ഹന്നന്‍ മൊള്ള, ജിതേന്ദ്ര ചൗധരി എംപി, മുന്‍ എംഎല്‍എ നരസയ്യ ആദം, മഹേന്ദ്രസിങ്, മറിയം ധാവ്‌ളെ തുടങ്ങിയവര്‍ കര്‍ഷകരെ അഭിസംബോധന ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News