തിരുവനന്തപുരം: കേരളത്തിന്റെ തെക്കന്‍ തീരത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള തീരത്ത് കനത്ത കാറ്റിനു സാധ്യതയുണ്ടെന്നും 36 മണിക്കൂര്‍ നേരത്തേക്ക് കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിപ്പ് ഇങ്ങനെ:

കന്യാകുമാരിക്ക് തെക്ക് ഒരു ന്യൂനമര്‍ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. നിലവിലെ പ്രവചന പ്രകാരം ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും.

ന്യൂനമര്‍ദ്ദ പാതയുടെ നേരിട്ടുള്ള സ്വാധീനമേഖലയില്‍ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകുന്ന കന്യാകുമാരി മേഖല, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം തീരം എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ അടുത്ത 36 മണിക്കൂര്‍ കന്യാകുമാരി ഉള്‍കടല്‍, ശ്രീലങ്കന്‍ ഉള്‍കടല്‍, ലക്ഷദ്വീപ് ഉള്‍കടല്‍, തിരുവനന്തപുരം ഉള്‍കടല്‍ എന്നീ തെക്കേ ഇന്ത്യന്‍ മേഖലയില്‍ മത്സ്യബന്ധനം നടത്തരുത് എന്ന് നിര്‍ദേശിക്കുന്നു.

ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കാനും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പു വരുത്താനും അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ഫിഷറീസ്, റവന്യൂ, കോസ്റ്റല്‍ പോലീസ് എന്നിവരോടും ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു.