കണ്ണൂരില്‍ വീണ്ടും ആര്‍എസ്എസ് ആക്രമണം; എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം

കണ്ണൂര്‍: തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊല്ലാന്‍ ബിജെപി-ആര്‍എസ്എസ് സംഘത്തിന്റെ ശ്രമം.
എസ്എഫ്‌ഐ നേതാവ് എന്‍.വി കിരണിന് നേരെയാണ് ആക്രമണമുണ്ടായത്.

തൃച്ചബരം അമ്പലത്തിലെ ഉത്സവത്തിനിടെ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തൃച്ചംബരം ഡ്രീം പാലസിന് സമീപത്തു വച്ചാണ് കിരണിന് കുത്തേറ്റത്.

ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരായ രാജേഷ്, ജയന്‍ എന്നിവരുടെ നേത്യത്വത്തിലാണ് കിരണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വയറിനു കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ കിരണിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അര്‍ജുന്‍ അശ്വന്ത്, ധീരജ് എന്നിവരെ തളിപ്പറമ്പ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ക്ഷേത്ര പരിസരത്തു സ്ഥാപിച്ച സിസി ടിവി ക്യാമറയില്‍ നിന്നും ആക്രമണ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആക്രമണം നടത്തിയ സംഘത്തിലുള്ളവര്‍ സ്ഥിരം ക്രിമിനലുകള്‍ ആണെന്ന് തളിപ്പറമ്പ പോലീസ് വ്യക്തമാക്കി.

പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കിരണിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ഗോവിന്ദന്‍, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രെട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

മതനിരപേക്ഷ ഐക്യവും സമാധാന അന്തരീക്ഷവും തകര്‍ക്കാനുമുള്ള ശ്രമമാണ് ആര്‍എസ്എസിന്റേത് എന്ന് സിപിഐഎം നേതാക്കള്‍ പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ച തളിപ്പറമ്പ പോലീസ് ഒളിവില്‍ പോയ പ്രതികളെ പിടികൂടാനുള്ള തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here