”ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുകയാണ്, പൊലീസിനെ കാണിച്ച് പേടിപ്പിക്കാമെന്ന് കരുതേണ്ട; പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ല”; ലോംഗ് മാര്‍ച്ച് അടിച്ചമര്‍ത്താന്‍ ആഹ്വാനം നല്‍കിയ ഫട്‌നാവിസിന് കിസാന്‍ സഭയുടെ മറുപടി

മുംബൈ: പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ച് മുന്നേറുന്ന ലോംഗ് മാര്‍ച്ച് അടിച്ചമര്‍ത്താന്‍ ആഹ്വാനം നല്‍കിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെ കിസാന്‍ സഭ.

പൊലീസിനെ കൊണ്ട് തടഞ്ഞ് കര്‍ഷകരെ പേടിപ്പിക്കാമെന്ന് കരുതേണ്ടെന്ന് കിസാന്‍ സഭ നേതാവ് ദാവ്‌ലേ വ്യക്തമാക്കി.

ദാവ്‌ലേയുടെ വാക്കുകള്‍:ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇതേ ആവശ്യങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദിച്ച് കൊണ്ടിരിക്കുകയാണ്. ഫട്‌നാവിസ് പൊലീസിനെ കൊണ്ട് തടഞ്ഞു പേടിപ്പിക്കമെന്ന് കരുതേണ്ട. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ല.

അതേസമയം, ഇന്ന് രാവിലെയോടെ മാര്‍ച്ച് മുംബൈ നഗരഹൃദയഭാഗങ്ങളിലേക്ക് പ്രവേശിച്ചു. പ്രക്ഷോഭ യാത്ര ഇന്നലെ രാത്രിയോടെ മുംബൈ നഗരാതിര്‍ത്തിയായ താനെയിലെത്തിയിരുന്നു. മാര്‍ച്ചിന് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തുവന്നു. ശിവസേനയും പിന്തുണ അറിയിച്ചിട്ടുണ്ട്.

ചുട്ടു പൊള്ളുന്ന വെയിലത്തും ഒട്ടും ആവേശം കൈവിടാതെ സ്ത്രീകളും മുതിര്‍ന്നവരുമടങ്ങുന്ന ഏകദേശം അരലക്ഷത്തോളം സമര പോരാളികളാണ് മഹാനഗരത്തിലേക്കു ഒഴുകിയെത്തുന്നത്.

ദുരിത പൂര്‍ണമായ തിക്തമായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ ചെങ്കൊടി കൈയ്യിലേന്തി പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങി തിരിച്ചിരിക്കുന്നത്.

ചെങ്കൊടിയും ചുവന്ന തൊപ്പിയും ചുവന്ന പ്ലക്കാര്‍ഡുകളുമായി ദിവസവും ആയിരത്തിലേറെ കര്‍ഷകരാണ് സ്വയം സന്നദ്ധരായി മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

കര്‍ഷകജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ കിസാന്‍സഭയ്ക്ക് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തുവന്നു. കര്‍ഷകര്‍ക്ക് പുറമെ ആയിരക്കണക്കിന് ആദിവാസികളും മാര്‍ച്ചില്‍ പങ്കെടുക്കുന്നു.

അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന്‍ കമീഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

തിങ്കളാഴ്ച വിധാന്‍ ഭവനുമുന്നില്‍ കിസാന്‍സഭ നേതാക്കളായ അശോക് ധാവ്‌ളെ, വിജു കൃഷ്ണന്‍, ഹന്നന്‍ മൊള്ള, ജിതേന്ദ്ര ചൗധരി എംപി, മുന്‍ എംഎല്‍എ നരസയ്യ ആദം, മഹേന്ദ്രസിങ്, മറിയം ധാവ്‌ളെ തുടങ്ങിയവര്‍ കര്‍ഷകരെ അഭിസംബോധന ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here