കേരളത്തില്‍ ഏറ്റവും കാപട്യമുള്ളവര്‍ കവികളെന്ന് കല്‍പറ്റ നാരായണന്‍; ”കറുപ്പു വാരിത്തേച്ചാല്‍ പ്രതിരോധമാവില്ല”

പട്ടാമ്പി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപട്യമുള്ളവര്‍ കവികളാണെന്ന് കവിയും നിരൂപകനുമായ കല്‍പറ്റ നാരായണന്‍.

പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കവിതകളെഴുതുന്ന കവികള്‍ കേരളത്തില്‍ ഏറെയാണ്. ഇത് അനുഭവത്തിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന എഴുത്തുകളാണെന്നു പറയാന്‍ വയ്യെന്നും പട്ടാമ്പിയില്‍ നടക്കുന്ന കവിതയുടെ കാര്‍ണിവലില്‍ കല്‍പറ്റ നാരായണന്‍ പറഞ്ഞു.

കരി വാരിപ്പൂശിയ പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും കറുത്ത കുട്ടിയുടെ വേദന മനസിലാക്കാന്‍ സാധിക്കില്ല. ചുരുങ്ങിയ വാക്കുകളില്‍ സങ്കീര്‍ണമായ കാര്യങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴാണ് സൃഷ്ടി മഹത്തരമാകുന്നതെന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ ഉദാഹരിച്ച് കല്‍പറ്റ നാരായണന്‍ പറഞ്ഞു.

കവിതയെഴുതുമ്പോള്‍ കവി അതിമാനുഷനാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ വേണ്ടി കപട അനുഭാവത്തില്‍ കവിത എഴുതുന്ന ശീലം ഇന്നുണ്ട്. സംഗീതത്തില്‍ അല്ലാതെ സോഷ്യലിസം മറ്റൊരിടത്തും വരുന്നില്ല. കവിതയുടെ ഏറ്റവും ചെറിയ ഏകകം വാക്കാണ്. വാക്കില്‍ ശ്രദ്ധിച്ചാല്‍ മതി കവികളെന്നും കല്‍പറ്റ പറഞ്ഞു.

മലയാളത്തിലെ കവിതകളില്‍ നവീനാശയങ്ങള്‍ ഉണ്ടാകുന്നത് കുറവാണ്. ആശാനടക്കമുള്ള പഴയതലമുറ കവികള്‍ ഉയര്‍ത്തിയ ആശയങ്ങള്‍ക്ക് അപ്പുറം പുതിയ ആശയങ്ങള്‍ മലയാളത്തില്‍ അധികമുണ്ടാകുന്നില്ല. കറുപ്പ് നിറം നമുക്കൊരു അനുഭവമാക്കുന്നതിലും എഴുത്തുകാര്‍ക്കു കഴിയുന്നില്ല. അതിനാല്‍ കറുപ്പിനെക്കുറിച്ചുള്ള എഴുത്തില്‍ കൃത്രിമത്വം കടന്നുവരുന്നുണ്ടെന്നും കല്‍പറ്റ നാരായണന്‍ പറഞ്ഞു.

എപ്പോഴും കവിതകള്‍ അനുഭവത്തിന്റെ ആവിഷ്‌കാരമായിരിക്കണം. കുമാരനാശാന്റെ കവിതകള്‍ക്ക് കൃത്യമായ രൂപവും ആശയവും ഉണ്ടായിരുന്നു.-കല്‍പറ്റ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel