ഭൂമിയിടപാട്: സിറോ മലബാര്‍ സഭയ്ക്കകത്ത് ഭിന്നത രൂക്ഷമാകുന്നു; ആലഞ്ചേരി രാജിവെക്കണമെന്ന ആവശ്യം ശക്തം

ഭൂമിയിടപാട് കേസില്‍ സിറോ മലബാര്‍ സഭയ്ക്കകത്ത് ഭിന്നത രൂക്ഷം.ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവെക്കണമെന്നാണ് ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും ആവശ്യം. അതേ സമയം സഭയെയും സഭാധ്യക്ഷനെയും തെരുവില്‍ അവഹേളിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കര്‍ദിനാള്‍ അനുകൂലികള്‍ അരമനയ്ക്കു മുന്നില്‍ പ്രാര്‍ഥനാ സംഗമം സംഘടിപ്പിച്ചു.

സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് സഭയ്ക്കകത്തെ ഭിന്നത മറനീക്കി പുറത്ത് വന്നത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കര്‍ദിനാള്‍ രാജി വെക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ 200ല്‍പ്പരം വൈദികര്‍ ആവശ്യപ്പെട്ടിരുന്നു.

കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികളും സഭാ ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.എന്നാല്‍ കര്‍ദിനാളിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കര്‍ദിനാള്‍ അനുകൂലികള്‍ ഇന്ന് പ്രാര്‍ഥനാ സംഗമം സംഘടിപ്പിച്ചത്.മറൈന്‍ഡ്രൈവില്‍ ഒത്തു ചേര്‍ന്ന വിശ്വാസികള്‍ ജാഥയായി അരമനയ്ക്കു മുന്നിലെത്തി പ്രാര്‍ഥനാ യജ്ഞം നടത്തുകയായിരുന്നു.

സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ കുതന്ത്രങ്ങളാണ് ഈ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് ഇവര്‍ ആരോപിക്കുന്നു.സഭയ്ക്കകത്തെ പ്രതിസന്ധി പരിഹരിക്കാനായി ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെയും കര്‍ദിനാള്‍ ക്ലിമ്മിസ് ബാവയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിരുന്നു.അതേ സമയം കര്‍ദിനാളിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ AG യുടെ നിയമോപദേശം നാളെ ലഭിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News