തിരുവമ്പാടി ശിവസുന്ദറിന് ആനപ്രേമികളുടെ യാത്രാമൊഴി

തൃശൂര്‍: വിടവാങ്ങിയ ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദറിന് ആനപ്രേമികളുടെ യാത്രാമൊഴി.

തൃശൂരില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരങ്ങളാണ് ഉപചാരം അര്‍പ്പിച്ചത്. തൃശൂര്‍ പൂരത്തിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റേണ്ട ശിവസുന്ദര്‍ ചരിഞ്ഞത്.

തൃശൂരുകാര്‍ക്ക് മാത്രമല്ല, കേരളമൊട്ടാകെയുള്ള ഉത്സവ പ്രേമികള്‍ക്ക് വെറുമൊരു ആനയായിരുന്നില്ല തിരുവമ്പാടി ശിവസുന്ദര്‍. അവരുടെ വികാരമായിരുന്നു. ആ വികാരം അണ പൊട്ടി ഒഴുകുന്ന കാഴ്ച്ചയ്ക്കാണ് തൃശൂര്‍ നഗരം സാക്ഷ്യം വഹിച്ചത്.

അന്യജില്ലകളില്‍ നിന്നടക്കം പുലര്‍ച്ചെ മുതല്‍ ആയിരങ്ങളാണ് ശിവസുന്ദറിന്റെ വിയോഗമറിഞ്ഞ് എത്തിയത്. എരണ്ടക്കെട്ട് ബാധിച്ച് അറുപത്തിയേഴ് ദിവസമായി ചികിത്സയിലായിരുന്ന ശിവസുന്ദര്‍ ഇന്ന് പുലര്‍ച്ചെയാണ് ചരിഞ്ഞത്.

രണ്ടായിരത്തി മൂന്നില്‍ വ്യവസായി സുന്ദര്‍ മേനോന്‍ നടയിരുത്തിയ ശേഷം പതിനഞ്ച് വര്‍ഷം തിരുവമ്പാടി ക്ഷേത്രത്തില്‍ തിടമ്പേറ്റിയത് ശിവസുന്ദറാണ്. ലക്ഷണമൊത്ത ഗജകേസരി വിടവാങ്ങിയതോടെ നികത്താനാകാത്ത നഷ്ടമാണുണ്ടായതെന്ന് ദേവസ്വം അധികൃതര്‍ പ്രതികരിച്ചു

ജനസഹസ്രങ്ങള്‍ക്കൊപ്പം മറ്റ് ഗജവീരന്‍മാരും തിരുവമ്പാടി ശിവസുന്ദറിന് ഉപചാരങ്ങള്‍ അര്‍പ്പിക്കാനെത്തി.

കണ്ണീരില്‍ കുതിര്‍ന്ന വിടപറച്ചില്‍ ഏറ്റുവാങ്ങിയശേഷം മൃതദേഹം സംസ്‌കാരത്തിനായി കോടനാട്ടേക്ക് കൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News