മഹാനഗരം വിപ്ലവജ്വാലയില്‍ ഇളകിമറിയുന്നു; മഹാപ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി ബിജെപി സര്‍ക്കാര്‍; ചെങ്കൊടിയേന്തിയ കര്‍ഷകര്‍ മഹാരാഷ്ട്ര നിയമസഭ വളയുന്നു

മുംബൈ : ‘ആത്മഹത്യയല്ല പോരാട്ടമാണ് മാർഗ’മെന്ന് പ്രഖ്യാപിച്ച് 180 കിലോമീറ്റർ ലോങ്മാർച്ചായി എത്തിയ കർഷകർ തിങ്കളാഴ്ച മുംബൈയിൽ മഹാരാഷ്ട്ര നിയമസഭാമന്ദിരം വളയും. ആറു ദിവസംമുമ്പ് നാസിക്കിൽനിന്ന് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച കർഷകരുടെ കാൽനടജാഥ ഒരുലക്ഷംസമരഭടന്മാരുമായി ഞായറാഴ്ച മുംബൈയിലെത്തി.

താനെ‐ മുംബൈ അതിർത്തിയായ മുളുണ്ടിൽ മഹാനഗരം ലോങ്മാർച്ചിനെ വരവേറ്റു. വിക്രോളിയിലും ആവേശകരമായ സ്വീകരണമൊരുക്കി. ഞായറാഴ്ച രാത്രി സയോണിലെ കെ ജെ സോമയ്യ മൈതാനിയിലെത്തിയ മാർച്ച് തിങ്കളാഴ്ച പുലർച്ചയോടെ ആസാദ് മൈതാനിയിലേക്ക് നീങ്ങി. തിങ്കളാഴ്ച എസ്എസ്സി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതിയാണ് മാർച്ച് പുലർച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങിയത്.

വിവിധ ദളിത് സംഘടനകൾ ലോങ്മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. നിയമസഭാ മന്ദിരം വളയുന്ന കർഷകർക്കൊപ്പം ദളിത് സംഘടനകളും ചേരുമ്പോൾ ചരിത്രത്തിലെങ്ങും കാണാത്ത മഹത്തായ ജനകീയ മുന്നേറ്റത്തിന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം സാക്ഷിയാകും. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സംസാരിക്കും.

ഒരുലക്ഷംപേർ അണിനിരക്കുന്ന സമരം സമാധാനപരമായിരിക്കുമെന്ന് അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഡോ. അശോക് ധാവ്ളെ അറിയിച്ചു. തീരുമാനിച്ച പ്രകാരം തിങ്കളാഴ്ച നിയമസഭ വളയുമെന്ന് കിസാൻ സഭ നേതാക്കൾ പറഞ്ഞു. ലോങ്മാർച്ചിന് വഴിയിലുടനീളം വൻ ജനപിന്തുണയാണ് ലഭിക്കുന്നത്.

പ്രക്ഷോഭകർക്ക് ഭക്ഷണവും വെള്ളവും നൽകാൻ ദളിത്, മുസ്ലിം, സിഖ് സംഘടനകളെത്തി. ഗുരുദ്വാരകളിൽനിന്നും മുസ്ലിം പള്ളികളിൽനിന്നും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. നാസിക്കിൽനിന്ന് തുടങ്ങിയ മാർച്ചിൽ വിവിധ ജില്ലകളിൽനിന്നായി പതിനായിരങ്ങൾ അണിചേർന്നു. മുംബൈയിലെ നൂറുകണക്കിന് മലയാളികളും ഐഐടി, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് എന്നീ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാർഥികളും അധ്യാപകരും സമരത്തിൽ അണിചേർന്നു.

2017ൽ അഖിലേന്ത്യ കിസാൻ സഭയടക്കം വിവിധ സംഘടനകൾ നടത്തിയ സമരത്തിനൊടുവിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം അംഗീകരിച്ച ഒത്തുതീർപ്പു വ്യവസ്ഥകൾ ലംഘിച്ചതാണ് കർഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 2017 ജൂണിനു ശേഷം ഇതുവരെ 1700ലേറെ കർഷകരാണ് വിദർഭ മേഖലയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തത്. നേരത്തെ കർഷക സംഘടനയുടെ കൂട്ടായ്മയായിരുന്നു സമരം നയിച്ചതെങ്കിൽ ഇത്തവണ അഖിലേന്ത്യ കിസാൻ സഭയാണ് സമരം നടത്തുന്നത്.

സമരത്തിന് വൻ ബഹുജന പിന്തുണ ലഭിച്ചതോടെ വിവിധ സംഘടനകൾ പിന്തുണയുമായി എത്തുന്നുണ്ട്. ഞായറാഴ്ച മഹാരാഷ്ട്രയിലെ പൊതുമരാമത്ത് മന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയും ശിവസേന നേതാവ് ആദിത്യ താക്കറെയും മുളുണ്ടിൽ പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തി. അശോക് ധാവ്ളെയെക്കണ്ട് സമരത്തിന് ശിവസേനയുടെ പിന്തുണ വാഗ്ദാനം ചെയ്തു.

എൻസിപിയുടെയും മഹാരാഷ്ട്ര നവനിർമാൺ സേനയുടെയും എംഎൽഎമാരും ഗത്യന്തരമില്ലാതെ പിന്തുണയുമായെത്തി. വൈകിട്ട് ജലവിതരണമന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജൻ വിക്രോളിയിലെത്തി ഡോ. അശോക് ധാവ്ളെ, എഐകെഎസ് സംസ്ഥാന സെക്രട്ടറി അജിത് നാവലെ, നാസിക്കിൽനിന്നുള്ള സിപിഐ എം എംഎൽഎ ജി പി ഗാവിത് എന്നിവരുമായി ചർച്ച നടത്തി. പ്രക്ഷോഭത്തിന് ആധാരമായ കാര്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായിയുടെ അഭിവാദ്യം

പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ചുകൊണ്ട് കര്‍ഷകപ്രക്ഷോഭം നടത്തുന്ന സമരയോദ്ധാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയാകെ പടരാനുള്ള അഗ്‌നികണമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ച് കര്‍ഷകരുടെ ലോങ് മാര്‍ച്ച് മുന്നേറുകയാണ്. ഇന്ത്യയാകെ പടരാനുള്ള അഗ്‌നികണമാണിത്. കര്‍ഷക സമരയോദ്ധാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.”

അതേസമയം, സമരം നടത്തുന്ന കിസാന്‍ സഭ നേതാക്കളുമായി മഹാരാഷ്ട്ര മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ഫട്‌നാവിസുമായുള്ള കര്‍ഷകരുടെ ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. നാളെത്തെ വിധാന്‍ ഭവന്‍ മാര്‍ച്ചിന് മാറ്റമില്ലെന്നും സമരനേതാക്കള്‍ അറിയിച്ചു.

ഇതിനിടെ ലോങ് മാര്‍ച്ച് മുംബൈ നഗരത്തില്‍ പ്രവേശിച്ചു. അഞ്ച് ദിവസം കൊണ്ട് 200 കിലോ മീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് കര്‍ഷകര്‍ നഗരത്തില്‍ പ്രവേശിച്ചത്.

മാര്‍ച്ചിനെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗത നിയന്ത്രണമാണ് മുംബൈ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലസ്ഥങ്ങളിലും ഗതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ട്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് നീങ്ങുന്നത്.

സൗത്ത് മുംബൈയിലേക്ക് പോകുന്നവര്‍ ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കി എല്‍ബിഎസ് റോഡ്, സിയോണ്‍ പന്‍വേല്‍ റോഡ്, താനെ ബെലാപുര്‍ റോഡ് എന്നിവ ഉപയോഗിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ ഞായറാഴ്ച വലിയ വാഹനങ്ങള്‍ക്ക് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചുട്ടു പൊള്ളുന്ന വെയിലത്തും ഒട്ടും ആവേശം കൈവിടാതെ സ്ത്രീകളും മുതിര്‍ന്നവരുമടങ്ങുന്ന ഏകദേശം അരലക്ഷത്തോളം സമര പോരാളികളാണ് മഹാനഗരത്തിലേക്ക്് ഒഴുകിയെത്തുന്നത്.

ദുരിത പൂര്‍ണമായ തിക്തമായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ ചെങ്കൊടി കൈയ്യിലേന്തി പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങി തിരിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച നിയമസഭാ മന്ദിരം ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

കര്‍ഷകജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ കിസാന്‍സഭയ്ക്ക് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തുവന്നു. കര്‍ഷകര്‍ക്ക് പുറമെ ആയിരക്കണക്കിന് ആദിവാസികളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന്‍ കമീഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

തിങ്കളാഴ്ച വിധാന്‍ ഭവനുമുന്നില്‍ കിസാന്‍സഭ നേതാക്കളായ അശോക് ധാവ്‌ളെ, വിജു കൃഷ്ണന്‍, ഹന്നന്‍ മൊള്ള, ജിതേന്ദ്ര ചൗധരി എംപി, മുന്‍ എംഎല്‍എ നരസയ്യ ആദം, മഹേന്ദ്രസിങ്, മറിയം ധാവ്‌ളെ തുടങ്ങിയവര്‍ കര്‍ഷകരെ അഭിസംബോധന ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News