
പട്ടാമ്പി: നാടിന്റെ നാനാദിക്കുകളില്‍നിന്നും വാക്കുകളുമായെത്തിയ കവികള്‍ കവിത ചൊല്ലിപ്പിരിഞ്ഞതോടെ പട്ടാമ്പിയില്‍ കവിതയുടെ കാര്‍ണിവലിന്റെ മൂന്നാം പതിപ്പിന് സമാപനം.
ഇന്നലെ വൈകിട്ടാണ് മൂന്നു ദിവസം നീണ്ടുനിന്ന കവിതയുടെ കാര്‍ണിവല്‍ സമാപിച്ചത്. പകല്‍ മുഴുവന്‍ നീണ്ട കവിതാവതരണവും കവിതയുടെ പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ പ്രഭാഷണങ്ങളുമായിരുന്നു അവസാന ദിവസമായ ഇന്നലെ കാര്‍ണിവലിലുണ്ടായിരുന്നത്.
പ്രതിരോധത്തിന്റെ കവിതാവഴിയിലെ ശക്തമായ വാക്കുകളുമായി പെണ്‍കവികള്‍ കാര്‍ണിവല്‍ കീഴടക്കി. സാവിത്രി രാജീവന്‍, വിഎം ഗിരിജ, കെവി സിന്ധു, പ്രഭ സക്കറിയാസ്, എന്‍പി സന്ധ്യ എന്നിവര്‍ ശക്തമായ കവിതകളുമായാണ് കാര്‍ണിവലിനെത്തിയത്.
ആണധികാരത്തെയും സ്ത്രീകള്‍ക്കു മേലുള്ള അതിക്രമങ്ങളെയും ശക്തമായ വാക്കുകളില്‍ നേരിടുന്നതായിരുന്നു കവിതകള്‍. പൊതുവിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരിടേണ്ടിവരുന്ന മാറ്റിനിര്‍ത്തലുകളും അവഗണനയും കവിതകളില്‍ നിറഞ്ഞുനിന്നു.
കവി, കവിത, സമൂഹം മലയാള കവിതയുടെ ഭൂത വര്‍ത്തമാനങ്ങള്‍ എന്ന വിഷയത്തില്‍ പി പി പ്രകാശന്‍, പി എന്‍ ഗോപീകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഇക്കുറി കേരളത്തിനു പുറത്തുനിന്നുള്ളവരും കാര്‍ണിവലിന്റെ ഭാഗമായി. ബംഗളുരുവിലെ സൃഷ്ടി സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സില്‍നിന്നുള്ള കുട്ടികളാണ് കാര്‍ണിവലില്‍ മുഴുവന്‍ സമയ സാന്നിധ്യമായുണ്ടായിരുന്നത്.
കേരളത്തില്‍ കവിതയ്ക്കു മാത്രമായി ഒരിടമായി പട്ടാമ്പി കോളജ് മാറുകയാണെന്നാണ് ഓരോ കാര്‍ണിവലും തെല്‍യിക്കുന്നത്. മലയാള നാട് വെബ് കമ്യൂണിറ്റിയുടെ സഹകരണത്തോടെയാണ് പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജ് മലയാള വിഭാഗം കവിതയുടെ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. പിപി രാമചന്ദ്രന്‍ ഡയറക്ടറായ നേതൃത്വമാണ് കാര്‍ണിവല്‍ നിയന്ത്രിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here