കന്യാകുമാരിക്ക് തെക്ക് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; ബുധനാ‍ഴ്ചവരെ കടലില്‍ പോകരുത്; മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ മുന്നറിയിപ്പ്

കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പുവരുത്തും. കഴിഞ്ഞ ദിവസം രാത്രി മുന്നറിയിപ്പ് ഉണ്ടായപ്പോള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമാണെന്ന് യോഗം വിലയിരുത്തി

കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഒാഫീസ് ഉന്നതതല യോഗം വിളിച്ചത് . കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ സന്ദേശങ്ങള്‍ അതാത് സമയങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എത്തിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

നേരത്തെ കടലില്‍ മീന്‍പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ എത്തിക്കണമെന്നും ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗം തീരുമാനിച്ചു. ഇതുവരെയുളള പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം നടത്തി . ജില്ലാ കലക്ടര്‍മാര്‍, റവന്യൂ-ഫിഷറീസ് വകുപ്പുകള്‍, കോസ്റ്റല്‍ പൊലീസ് എന്നിവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

മത്സ്യത്തൊഴിലാളി മേഖലയില്‍ സന്ദേശമെത്തിക്കാന്‍ വിവിധ സംഘടനകള്‍, മതപുരോഹിതര്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍ എന്നിവരുടെ സേവനം കൂടി ഉപയോഗിച്ചു. പരമാവധി ആളുകളെ കടലില്‍ പോകുന്നതില്‍ നിന്നും തടയാനായെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായ ന്യൂനമര്‍ദ്ദം ആയേക്കും എന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ശ്രീലങ്കക്ക് പടിഞ്ഞാറും ലക്ഷദ്വീപിന് കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും ഉള്ള തെക്കന്‍ ഇന്ത്യന്‍ കടലില്‍ മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിക്കുന്നു. തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ ഈ മാസം 14 വരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News